ഒറ്റവാക്കിൽ പിറന്ന കോട്ടയം പ്രദീപ്​

കോട്ടയം: സിനിമക്ക്​ പിന്നാലെ ഓടിയിരുന്ന കാലത്തുനിന്ന്​ പ്രദീപിനെ മനസ്സിൽ കണ്ട് തിരക്കഥാകൃത്തുക്കൾ ഡയലോഗുകൾ എഴുതിത്തുടങ്ങിയയിടത്തേക്ക്​ എത്തിയപ്പോഴേക്കും തിര മുറിഞ്ഞു. ചെറുവാക്കുകൾകൊണ്ട്​ മലയാള സിനിമയിൽ ഇടം കുറിച്ച കോട്ടയം പ്രദീപ്​ ഇനി ഓർമ. ചാൻസ് ചോദിച്ചും ഡയലോഗുകൾ കിട്ടാൻ കാത്തിരുന്നും സിനിമക്ക്​ പിന്നാലെ ഓടിയതായിരുന്നു പ്രദീപിന്‍റെ സിനിമ ജീവിതത്തിന്‍റെ ആദ്യപകുതി. സുഹൃത്ത്​ മുഖേന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയെങ്കിലും പലതും ഒറ്റക്കാഴ്ചകളിലൊതുങ്ങി. ഡയലോഗ് പോലുമില്ലാത്ത കഥാപാത്രങ്ങളുടെ ഒരുഘട്ടം പിന്നിട്ട്​ ചെറുസംഭാഷണങ്ങളിലെത്തിയെങ്കിലും ശ്രദ്ധിക്കപ്പെടാൻ ഏറെ കാത്തിരിക്കേണ്ടി വന്നു. ഇങ്ങനെ ഏറെ പ്രതിബന്ധങ്ങളെ നേരിട്ടായിരുന്നു പ്രദീപ്​ എന്ന നടന്‍റെ വളര്‍ച്ച. അഭിനയപാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നായിരുന്നു ​​കെ.കെ. പ്രദീപ്​ സിനിമയിലെത്തിയത്. ആകെയുണ്ടായിരുന്ന സിനിമാബന്ധം കോട്ടയം തിരുവാതുക്കലിലെ വീടിന്​ തൊട്ടടുത്തുണ്ടായിരുന്ന രാധാകൃഷ്ണ ടാക്കീസായിരുന്നു. ഇവിടെനിന്ന് പുറത്തേക്ക്​ വന്നിരുന്ന സംഭാഷണങ്ങളാണ്​ അഭിനയമോഹത്തിന്​ വിത്തിട്ടത്​. ''അന്നൊക്കെ ഷോ തുടങ്ങുമ്പോള്‍ മുതല്‍ തിയറ്ററിന് പുറത്തുണ്ടാവും. സിനിമയുടെ ഡയലോഗ് കേള്‍ക്കാന്‍. ഇതായിരുന്നു പ്രധാന ജോലി'' പ്രദീപ്​ അഭിമുഖങ്ങളിൽ അക്കാല​ത്തെ അടയാളപ്പെടുത്തിയത്​ ഇങ്ങനെയായിരുന്നു. അഭിനയമോഹം പത്താംവയസ്സിൽതന്നെ എൻ.എൻ. പിള്ളയുടെ 'ഈശ്വരൻ അറസ്റ്റിൽ' എന്ന നാടകത്തിൽ ബാലതാരമായി എത്തിച്ചു. പിന്നീട്​ എൽ.ഐ.സിയിൽ ഉദ്യോഗസ്ഥനായെങ്കിലും നാടകത്തെ കൈവിട്ടില്ല. ഇതിനിടെയായിരുന്നു അപ്രതീക്ഷിത ​​ൈക്ലമാക്സുപോലെ സീരിയലിലേക്കെത്തുന്നത്​. 'അവസ്ഥാന്തരങ്ങൾ' എന്ന ടെലിസീരിയലിന്​ ബാലതാരങ്ങളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോൾ സംവിധായകന്‍റെ കണ്ണിലുടക്കിയത്​ അച്ഛൻ. അങ്ങനെ കോട്ടയം പ്രദീപ്​ ടെലിവിഷനിൽ എത്തി. നിര്‍മാതാവ് പ്രേം പ്രകാശിന്‍റെ ഇടപെടലും ഇതിൽ നിർണായകമായി. 2001ൽ 'ഈനാട് ഇന്നലെവരെ' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയെങ്കിലും 2010ൽ പുറത്തിറങ്ങിയ 'വിണ്ണൈ താണ്ടി വരുവായ' എന്ന ഗൗതം മേനോൻ ചിത്രമാണ് പ്രദീപിനെ സ്​ക്രീനിൽ അടയാളപ്പെടുത്തിയത്​. ഇതിൽ തൃഷയുടെ അമ്മാവനായി എത്തിയ പ്രദീപ്, ഊണുമേശക്കടുത്തിരുന്ന് 'കരിമീൻ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടൻ ഉണ്ട്.... കഴിച്ചോ കഴിച്ചോ' എന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടു. സംവിധായകൻ വ്യത്യസ്ത ശൈലി വേണമെന്ന്​ പറഞ്ഞപ്പോൾ അവതരിപ്പിച്ച ആ രംഗം 'ക്ലിക്' ആയതോടെ പ്രദീപിന്‍റെ കലാജീവിതം മാറിമറിഞ്ഞു. സിനിമ​ തെലുങ്കിലേക്കും ഹിന്ദിയിലേക്കും മാറിയപ്പോൾ 'അമ്മാവന്'​ മാ​ത്രം മാറ്റമുണ്ടായില്ല. ഒരു​കാലത്ത്​ നാടകനടന്മാർ അഭിനയത്തെക്കാള്‍ പ്രാധാന്യം സംഭാഷണങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതാണ്​ പ്രദീപിന്‍റെ ട്രേഡ്​​ മാർക്കായ ശൈലിക്ക്​ പിന്നിൽ. 'തട്ടത്തിൻ മറയത്തി'ലെ പൊലീസ് കോണ്‍സ്റ്റബിളിന്‍റെ വേഷം ചെയ്തശേഷം പ്രദീപ്‌ മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി. 'കലക്കി, തിമിർത്തു, പൊളിച്ചു...' തുടങ്ങി ഇദ്ദേഹത്തിന്‍റെ കുറുകിയ വാക്കുകൾ ട്രോളർമാരും ഏറ്റെടുത്തു. ചിരിപ്പിച്ച്​ മുന്നേറുമ്പോഴും സീരിയസ്​ വേഷങ്ങൾ അവതരിപ്പിക്കണമെന്ന​ ആഗ്രഹം പൂർത്തിയാക്കാതെയാണ്​ സ്ക്രീനിൽനിന്നുള്ള മടക്കം. തിരിച്ചറിയപ്പെടാൻ തുടങ്ങിയപ്പോഴും നഗരത്തിലെ ഇടവഴികളിലൂടെ നടന്നുനീങ്ങുന്ന സാധാരണക്കാരന്‍റെ വേഷവും ​കോട്ടയം പ്രദീപ് അഴിച്ചുമാറ്റിയിരുന്നില്ല​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.