ഗുണ്ടുമലയിലെ ബാലികയുടെ കൊലപാതകം; പ്രതിയെക്കുറിച്ച്​ സൂചന

മൂന്നാർ: രണ്ട് വർഷം മുമ്പ് എസ്റ്റേറ്റ് ലയത്തിൽ ഒമ്പതുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. നിർണായക സൂചനകൾ ലഭിച്ചതോടെ ദിവസങ്ങൾക്കുള്ളിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. ഡിവൈ.എസ്​.പി എ.ജി ലാലും സംഘവും നടത്തിയ ശാസ്ത്രീയ പരിശോധനകൾക്കും തെളിവ് ശേഖരണത്തിനും ശേഷമാണ് പ്രതിയെക്കുറിച്ച്​ വ്യക്​തമായ സൂചന ലഭിച്ചത്​. നൂതന കുറ്റാന്വേഷണ മാർഗങ്ങൾ അവലംബിച്ച അന്വേഷണ ഉദ്യോഗസ്ഥർ ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. ഗുണ്ടുമലയിലെ തൊഴിലാളി ലയത്തിൽ 2019 സെപ്റ്റംബർ ഒമ്പതിനാണ് കുട്ടിയെ കഴുത്തിൽ പ്ലാസ്റ്റിക് കയറ് കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ 15നാണ്​​ ജില്ല പൊലീസ് മേധാവി ആർ. കറുപ്പ സ്വാമി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കളിക്കിടയിൽ കഴുത്തിൽ കയർ കുരുങ്ങി മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, കുട്ടി പലതവണ ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്​മോർട്ടത്തിൽ തെളിഞ്ഞതോടെ കൊലപാതകമാണെന്ന് സംശയമായി. മൂന്നാർ പൊലീസ് മാസങ്ങളോളം സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിയിരുന്നു. കൊലപാതകം ആണെന്ന് ബോധ്യപ്പെട്ടെങ്കിലും പ്രതിയിലേക്ക്​ എത്തുന്ന തെളിവുകൾ ലഭിച്ചില്ല. ഇതോടെ വിവിധ രാഷ്ട്രീയ കക്ഷികളും തൊഴിലാളികളും സമരം ആരംഭിച്ചു. കഴിഞ്ഞ വർഷം കുട്ടിയുടെ മാതാവ് അന്വേഷണം ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതോടെയാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. നാർകോട്ടിക് സെൽ ഡിവൈ.എസ്​.പി എ.ജി ലാലും സംഘവും മൂന്നാറിലെ പൊലീസ് ക്യാമ്പിൽ താമസിച്ചാണ് അന്വേഷണം നടത്തിയത്. പുതിയ ചില തെളിവുകൾ ലഭിച്ചതോടെ വിട്ടുപോയ പലകണ്ണികളും ചേർത്തുവെക്കാൻ കഴിഞ്ഞു. പ്രതി ഇപ്പോഴും പൊലീസ്​ നിരീക്ഷണത്തിലാണെന്നാണ് വിവരം. ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ഉണ്ടായേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.