മുട്ടമ്പലത്ത് ലഭിച്ചത് കോടതിക്ക് വിട്ടുകൊടുത്ത സ്ഥലത്തിനുപകരം; കലക്ടറുടെ വിശദീകരണം തെറ്റെന്ന് പൊലീസ് റവന്യൂ വകുപ്പ് ഏറ്റെടുത്തത് പൊലീസിന്‍റെ കൈവശമിരുന്ന ഭൂമി കോട്ടയം: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വെയർ ഹൗസിനായി റവന്യൂ വകുപ്പ് ഏറ്റെടുത്ത സ്ഥലത്തിനുപകരം മുട്ടമ്പലത്ത് ഭൂമി നൽകിയിരുന്നെന്ന കലക്ടറുടെ വിശദീകരണം തെറ്റെന്ന് പൊലീസ്. കോടതിസമുച്ചയം നിർമിക്കാൻ പൊലീസ് വകുപ്പ് വിട്ടുകാടുത്ത ഭൂമിക്ക് പകരമാണ് മുട്ടമ്പലത്ത് ഭൂമി ലഭിച്ചത്. ഈ ഭൂമിയിൽ പൊലീസ് ക്വാർട്ടേഴ്സ് നിർമാണം പൂർത്തിയാക്കി. ബാക്കി ഭൂമിയിൽ ഡിവൈ.എസ്.പിമാരുടെ ക്വാർട്ടേഴ്സ് നിർമിക്കാൻ അനുമതിക്കായി കാക്കുന്നു. റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമി തങ്ങളുടെ കൈവശമിരുന്നതാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. 2011ൽ മുട്ടമ്പലം വില്ലേജിൽ സർവേ നമ്പർ 51, ബ്ലോക്ക് നമ്പർ 20ൽപെട്ട ഭൂമി കോടതിസമുച്ചയം നിർമിക്കാൻ നീതിന്യായ വകുപ്പിന് ഉപയോഗാനുമതിനൽകി. എന്നാൽ, ഈ ഭൂമി അനുയോജ്യമല്ലെന്ന കാരണത്താൽ പൊലീസിന്‍റെ കൈവശമിരുന്ന ഭൂമി നീതിന്യായ വകുപ്പ് ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച് 2014ൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ആദ്യ ഉത്തരവ് റദ്ദാക്കി. സ്ഥലം തിരിച്ചെടുത്ത് റവന്യൂ വകുപ്പിൽ നിക്ഷിപ്തമാക്കി. ഇതിൽനിന്ന് 10.03 ആർ ഭൂമി തർക്കപരിഹാരകേന്ദ്രം സ്ഥാപിക്കുന്നതിന് നീതിന്യായ വകുപ്പിനും 187 സെന്‍റ് ഭൂമി പൊലീസ് വകുപ്പിനും വിട്ടുനൽകി. പകരം പൊലീസിന്‍റെ കൈവശമിരുന്ന, ക്വാർട്ടേഴ്സുകളുണ്ടായിരുന്ന 187 സെന്‍റ് ഭൂമി നീതിന്യായ വകുപ്പിനും അനുവദിച്ചു. അനുവദിച്ച ആവശ്യത്തിനു മാത്രമേ ഭൂമി ഉപയോഗിക്കാവൂ, നിർമാണപ്രവർത്തനങ്ങൾ ഒരുവർഷത്തിനകം ആരംഭിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് ഇരുഭൂമിയും കൈമാറിയത്. നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് ലംഘിച്ചാൽ ഭൂമി തിരികെ റവന്യൂ വകുപ്പിൽ നിക്ഷിപ്തമാകും എന്നും അന്നത്തെ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, പൊലീസ് വകുപ്പിന് നൽകിയ ഭൂമിയിൽ നിർമാണം പൂർത്തിയാക്കിയിട്ടും കോടതിക്ക് നൽകിയ ഭൂമിയിൽ ഇതുവരെ ഒന്നുംചെയ്തിട്ടില്ല. അവിടെയുണ്ടായിരുന്ന ക്വാർട്ടേഴ്സുകൾ പോലും അതേപടിയുണ്ട്. നിബന്ധന ലംഘിച്ചതിനാൽ കോടതിക്കുനൽകിയ ഭൂമി സ്വാഭാവികമായി റവന്യൂ വകുപ്പിന്‍റേതായി എന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ആ ഭൂമി ഉപയോഗിക്കാമെന്നിരിക്കെയാണ് സമീപത്തെ തങ്ങളുടെ കൈവശമിരുന്ന ഭൂമി ഏറ്റെടുത്തത്. ജില്ലയിൽ ടെലി കമ്യൂണിക്കേഷൻ വിഭാഗം പോലും പ്രവർത്തിക്കുന്നത് കലക്ടറേറ്റിന്‍റെ മുകളിലെ ടെറസിൽ അടച്ചുറപ്പില്ലാതെയാണ്. വനിത പൊലീസ് സ്റ്റേഷൻ, വനിത സെൽ, ടെലികമ്യൂണിക്കേഷൻ ഓഫിസ്, സൈബർപൊലീസ് സ്റ്റേഷൻ, ഡി.പി.ഒ സ്റ്റോർ നിർമാണത്തിന് പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിച്ചതിനിടെയാണ് റവന്യൂ വകുപ്പിന്‍റെ നടപടി. തങ്ങൾക്ക് വികസന ആവശ്യങ്ങൾക്ക് വേറെ സ്ഥലമില്ലെന്നും പൊലീസ് പറയുന്നു. ----------- KTL ORDER- പൊലീസിനും നീതിന്യായ വകുപ്പിനും നിബന്ധനകളോടെ ഭൂമി അനുവദിച്ച ഉത്തരവിന്‍റെ പകർപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.