ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ 'ഹരിതമിത്രം' ആപ്പ്

ആദ്യഘട്ടത്തിൽ ജില്ലയിലെ 27 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോട്ടയം: ഹരിതകർമസേനയുടെ മാലിന്യ ശേഖരണ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ 'ഹരിതമിത്രം' പേരിൽ ആപ്പ് പുറത്തിറക്കുന്നു. ജില്ലയിലെ എല്ലാ നഗരസഭകളുമുൾപ്പെടെ 27 തദ്ദേശ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. മാർച്ച് ആദ്യവാരത്തോടെ പദ്ധതി നടപ്പാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഹരിതകേരളം മിഷൻ. ഹരിതമിത്രം മോണിറ്ററിങ്​ സിസ്റ്റമെന്ന പേരിലാണ്​ കെൽട്രോണിന്‍റെ സഹായത്തോടെയുള്ള ആപ്പ്​. ഇതിനായി അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുള്ള പരിശീലനം ഫെബ്രുവരി 10ന് നടത്തും. ജില്ല ആസൂത്രണ സമിതി ഇതു സംബന്ധിച്ച് പദ്ധതികൾ സമർപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് സ്ഥാപിക്കും. ഈ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ വീടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭിക്കും. കൈമാറുന്ന മാലിന്യങ്ങളുടെ ഇനം അളവ്, കൈമാറുന്ന തീയതി, നൽകിയ യൂസർഫീ, യൂസർഫീയോ മാലിന്യമോ നൽകാത്ത ഉടമകളുടെ വിവരങ്ങൾ, ഹരിതകർമസേന പ്രവർത്തകരോടുള്ള പെരുമാറ്റം എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ആപ്പിൽ ലഭിക്കും. ആപ്പ് ഉപയോഗിക്കുന്നതിന് മൊബൈൽ റീചാർജ്​ ചെയ്യുന്നതിനുള്ള പണം ഹരിതകർമസേന പ്രവർത്തകർക്ക് ലഭ്യമാക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, നഗരകാര്യവകുപ്പ്, ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ ഏകോപനം. പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ മാലിന്യസംസ്‌കരണമാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്​. ഡി.സി.എ കോഴ്‌സ് പ്രവേശനം കോട്ടയം: എൽ.ബി.എസിന്‍റെ പാമ്പാടി ഉപകേന്ദ്രത്തിൽ പ്ലസ്ടു പാസായവർക്കായി നടത്തുന്ന ആറുമാസം ദൈർഘ്യമുള്ള ഡി.സി.എ (എസ്) കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9895041706. തോട്ടം തൊഴിലാളി പെൻഷൻ: ബയോമെട്രിക് മസ്റ്ററിങ് കോട്ടയം: ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2019 ഡിസംബർ 31 വരെയുള്ള പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് പൂർത്തീകരിക്കാൻ കഴിയാത്തവർക്ക് ഫെബ്രുവരി 20വരെ അക്ഷയകേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്താൻ അവസരം. തുല്യത കോഴ്സ്; അപേക്ഷിക്കാം കോട്ടയം: ഈരാറ്റുപേട്ട ബ്ലോക്ക് വികസന വിദ്യാകേന്ദ്രത്തിൽ സാക്ഷരത മിഷന്‍റെ പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഏഴാം ക്ലാസ് വിജയിച്ച 17 വയസ്സ്​ പൂർത്തിയായവർക്ക് പത്താം ക്ലാസിലേക്കും 22 വയസ്സ്​ പൂർത്തിയായ പത്താം ക്ലാസ് വിജയിച്ചവർക്ക് ഹയർ സെക്കൻഡറി തുല്യത കോഴ്സിലേക്കും അപേക്ഷിക്കാം. ഫോൺ: 9605531201, 9074252614.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.