ശബരിമല സ്​പെഷൽ ഡ്യൂട്ടിക്ക്​ ഹാജരാകാത്തവർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈകോടതി

ശബരിമല സ്​പെഷൽ ഡ്യൂട്ടിക്ക്​ ഹാജരാകാത്തവർക്കെതിരെ കർശന നടപടി വേണം -ഹൈകോടതി കൊച്ചി: ആരോഗ്യപ്രശ്നങ്ങളാൽ അല്ലാതെ ശബരിമലയിൽ ഡ്യൂട്ടിക്ക് ഹാജരാകാത്ത ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന്​ ഹൈകോടതി. ശമ്പളവും പെൻഷനും അടക്കം നൽകുന്നത് ശബരിമലയിലെ വരുമാനംകൊണ്ടാകുമ്പോൾ ദേവസ്വം ജീവനക്കാർ ശബരിമല ഡ്യൂട്ടിക്ക്​ ഹാജരാകാതിരിക്കുന്നതിനെ നിസ്സാരമായി കാണാനാകില്ലെന്ന് വിലയിരുത്തിയാണ്​ ജസ്റ്റിസ്​ അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ്​ പി.ജി. അജിത്​ കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നടപടിയെടുക്കാൻ ദേവസ്വം കമീഷണർക്ക്​ നിർദേശം നൽകിയത്​. ദേവസ്വം ബോർഡ്​ എസ്റ്റാബ്ലിഷ്​മെന്‍റ്​ വിഭാഗത്തിൽനിന്ന്​ ജീവനക്കാരെ ഡെപ്യൂട്ടേഷനിലും 200 ക്ലാസ്​ ഫോർ ജീവനക്കാരെ അധികമായും ദിവസവേതനാടിസ്ഥാനത്തിൽ 250 ജീവനക്കാരെ ഉടനെയും നിയമിക്കാൻ കമീഷണർക്ക്​ നിർദേശം നൽകിയിരുന്നെങ്കിലും പലരും ഡ്യൂട്ടിക്ക്​ വിസമ്മതിക്കുന്നുവെന്ന റിപ്പോർട്ട്​ പരിഗണിച്ചാണ്​ കോടതിയുടെ നടപടി. എസ്റ്റാബ്ലിഷ്​മെന്‍റ്​ വിഭാഗത്തിൽനിന്ന്​ 30ഉം ക്ലാസ്​ ഫോർ വിഭാഗത്തിൽനിന്ന്​ 76ഉം പേരാണ്​ ഇതുവരെ ജോലിയിൽ പ്രവേശിച്ചതെന്ന്​ ശബരിമല എക്സി. ​ഓഫിസർ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു​. ദിവസവേതനക്കാരായി 61 പേരും ജോലി​ക്കെത്തി. മകരവിളക്ക്​ സീസണിൽ യഥാക്രമം 67, 420, 390 വീതം സ്​പെഷൽ ഡ്യൂട്ടിക്ക്​​ ഹാജരായതായി ദേവസ്വം ബോർഡും അറിയിച്ചു. ക്ഷേത്രകലാപീഠത്തിൽനിന്നുള്ള 50 കുട്ടികളും എത്തിയിട്ടുണ്ട്​. കാണിക്കയിൽ വീഴുന്ന നോട്ടുകളും ചില്ലറകളും എണ്ണാൻ 200 പേർ ​വേണമെങ്കിലും ജോലിക്ക്​ വന്നത്​ 145 പേർ മാത്രമാണെന്ന റിപ്പോർട്ടും ​കോടതി പരിഗണിച്ചു. കോടതി ഉത്തരവുണ്ടായിട്ടും മതിയായ ജീവനക്കാരെ വിട്ടുനൽകാതിരുന്നതിന്​ കാരണം ആരായണമെന്ന്​ സ്​പെഷൽ കമീഷണർ ആവശ്യപ്പെട്ടു. നിയോഗിച്ചവരെല്ലാം ജോലിക്കെത്തുന്നുണ്ടെന്ന്​ ഉറപ്പുവരുത്താൻ ദേവസ്വം​ കമീഷണർക്ക്​ ബാധ്യതയുണ്ടെന്ന്​ അമിക്കസ്​ ക്യൂറിയും വ്യക്തമാക്കി. കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാർ ശബരിമല സ്​പെഷൽ ഡ്യൂട്ടിക്ക്​ ഹാജരാകാൻ മടികാട്ടുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ശബരിമലയുടെ അധിക വരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന്​ കീഴിലെ മതിയായ വരുമാനം ലഭ്യമല്ലാത്ത 1190 ക്ഷേത്രങ്ങൾക്കും ദേവസ്വം ജീവനക്കാർക്ക്​ ശമ്പളവും പെൻഷനും നൽകാനുമാണ്​ ​ വിനിയോഗിക്കുന്നത്​. ഈ സാഹചര്യത്തിൽ ശബരിമല, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ദേവസ്വം ജീവനക്കാർ സ്​പെഷൽ ഡ്യൂട്ടിക്ക്​ വിസമ്മതിക്കുന്നത്​ നിസ്സാരമായി കാണാനാവില്ല. ജോലിക്കെത്താൻ വിസമ്മതിച്ചവരുടെ പട്ടിക അസി. ദേവസ്വം കമീഷണർമാരിൽനിന്ന്​ ദേവസ്വം കമീഷണർ ശേഖരിച്ച്​ സ്​പെഷൽ കമീഷണർക്ക്​ പകർപ്പ്​ നൽകണമെന്ന്​ കോടതി നിർദേശിച്ചു. സ്​പെഷൽ കമീഷണർ ഇത്​ കോടതിക്ക്​ കൈമാറണം. റിപ്പോർട്ട്​ ലഭിച്ചാൽ ഉചിതവും കർശനവുമായ നടപടികൾ ദേവസ്വം കമീഷണർ സ്വീകരിക്കണം. രണ്ടുവർഷമായി ശബരിമല സ്​പെഷൽ ഡ്യൂട്ടി ചെയ്യാത്ത പുരുഷജീവനക്കാരുടെ പട്ടിക നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.