വി.ഡി. സതീശന്‍റേത് പ്രതിപക്ഷധർമം മറന്നുള്ള ഒത്തുതീർപ്പ് രാഷ്ട്രീയം കോട്ടയം: വിദേശത്തുനിന്ന് പണം എത്തിയതുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരിഭ്രമിക്കുന്നതെന്തിനെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. വിദേശത്തുനിന്ന് പണം എത്തിച്ചതുമായി ബന്ധപ്പെട്ട് ചില കേസുകൾ സതീശനെതിരെയുള്ളതിലാകാം ഈ വേവലാതിയെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. തോമസ് ഐസക്കിനെതിരായ ഇ.ഡി അന്വേഷണം നടന്നാൽ പിന്നാലെ ഇതിലും അന്വേഷണം വരുമോയെന്നാണ് സതീശന്‍റെ ഭയം. ഉപ്പുതിന്നവൻ വെള്ളം കുടിക്കും. പ്രതിപക്ഷധർമം മറന്നുള്ള ഒത്തുതീർപ്പ് രാഷട്രീയമാണ് സതീശന്‍റേത്. പിണറായി സർക്കാറിലെ മന്ത്രിയേപ്പോലെയാണ് സതീശൻ പ്രവർത്തിക്കുന്നത്. കിഫ്ബിയിൽ ഇ.ഡി അന്വേഷണം വേണ്ടെന്ന സതീശന്‍റെ നിലപാട് തന്നെയാണോ കോണ്‍ഗ്രസിനുമുള്ളതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കണം. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മെല്ലെപ്പോക്കിലാണെന്ന അഭിപ്രായമില്ല. ലീഗുമായി ബി.ജെ.പി സഖ്യമുണ്ടാക്കണമെന്ന ടി.ജി. മോഹൻദാസിന്‍റെ അഭിപ്രായം അദ്ദേഹത്തിന്‍റെ ഉപദേശം മാത്രമാണ്. സമൂഹമാധ്യത്തിലൂടെ അദ്ദേഹം ധാരാളം ഉപദേശം നൽകാറുണ്ട്. ലീഗുമായി ബന്ധം സ്ഥാപിക്കാൻ ആരെയും ചുമതലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ബാലഗോകുലത്തിന്‍റെ പരിപാടിയില്‍ പങ്കെടുത്ത് ശ്രീകൃഷ്ണനെക്കുറിച്ച് പറഞ്ഞ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് എന്ത് തെറ്റാണ് ചെയ്തത്. ഒരുവിഭാഗത്തെ മാത്രം സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനുള്ളത്. ഓണവുമായി ബന്ധപ്പെട്ട ചരിത്രം ഇടത് ചരിത്രകാരന്മാർ സ്വന്തം താൽപര്യത്തിന് അനുസൃതമായി മാറ്റിയെഴുതുകയായിരുന്നു. ഓണത്തെയും തൃക്കാക്കരയപ്പനെയും രണ്ടാക്കുകയാണ് ഇടത് ചിത്രകാരന്മാർ ചെയ്തത്. വൈക്കം ഇണ്ടംതുരുത്തി മന സർക്കാറിന് വീട്ടുകൊടുക്കണമെന്ന് സുരേന്ദ്രൻ ആവർത്തിച്ചു. വലിയ ചിരിത്രമുള്ള മനയെ ഇപ്പോൾ കള്ളുഷാപ്പാക്കി മാറ്റിയിരിക്കുകയാണ്. ഇത് സർക്കാറിന് വിട്ടുകൊടുക്കാൻ സി.പി.ഐ തയാറാണം. സഹകരണ സ്ഥാപനങ്ങളെ കൊള്ളയടിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ഈമാസം 20ന് ബി.ജെ.പി സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, കോട്ടയം ജില്ല പ്രസിഡന്റ് ലിജിന്‍ ലാല്‍, ജനറല്‍ സെക്രട്ടറി പി.ജി. ബിജുകുമാര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.