വൈദികന്‍റെ വീട്ടിലെ മോഷണം: പൊലീസ് നായ്​ എത്തിയത് അടുത്തവീട്ടിൽ

കോട്ടയം: പാമ്പാടിയിൽ വൈദികന്‍റെ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ ദുരൂഹത തുടരുന്നു. തൃക്കോതമംഗലം പള്ളി വികാരി ഫാ. ജേക്കബ് നൈനാന്‍റെ കൂരോപ്പട എലപ്പനാൽ പടിയിലെ വീട്ടിലാണ്​ ചൊവ്വാഴ്ച മോഷണം നടന്നത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്​.പി ബാബുക്കുട്ടന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ബുധനാഴ്ച രാവിലെ കൂരോപ്പടയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്​. ഒപ്പം കോട്ടയത്തുനിന്നും വിരൽ അടയാള വിദഗ്ധരും ഉണ്ടായിരുന്നു. തുടർന്ന്​ കോട്ടയം ഡോഗ്​ സ്ക്വാഡിലെ ചേതക് എന്ന പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്‍റെ പിന്നിലെ അടുക്കളവാതിൽ വഴിയാണ് മോഷ്ടാവ് പുറത്തേക്ക് പോയതെന്നാണ് പ്രാഥമികവിലയിരുത്തൽ. പിൻവാതിലിൽ വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. അടുക്കള ഭാഗത്ത് നിന്നാണ് ഡോഗ്​ സ്ക്വാഡ് പരിശോധന നടത്തിയത്. വീടിന്‍റെ പിൻവാതിൽനിന്നും തൊട്ടടുത്ത വീടിന്‍റെ മുറ്റത്തെത്തിയശേഷം റോഡിലേക്ക് ഇറങ്ങിയാണ് നായ്​ ഓടിയത്. തുടർന്ന് സംഭവസ്ഥലത്തുനിന്ന് 250 ഓളം മീറ്റർ ദൂരെ ഒരുവീട്ടിൽ നായ മണം പിടിച്ചെത്തി. അതിന് തൊട്ടടുത്തുള്ള വീട്ടിലേക്കും പിന്നീട് പോയി. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്കാണ് ഏറ്റവും ഒടുവിൽ നായ എത്തിയത്. വീടിന്‍റെ താക്കോൽ എവിടെയുണ്ട് എന്നറിയാവുന്ന ആളാകാം മോഷണത്തിന് പിന്നിലെന്ന​ നിഗമനത്തിലാണ്​ പൊലീസ്​. വൈദികനും ഭാര്യയും പള്ളിയിൽപോയ സമയത്ത് മൂത്തമകൻ ഭാര്യ വീട്ടിലേക്ക് പോയി എന്നാണ് പൊലീസിന് ലഭിച്ച മൊഴി. വീടിന് തൊട്ടുമുന്നിൽ തന്നെ കട നടത്തുകയാണ് ഇയാൾ. ഇതിന് സമീപത്തുള്ള കടകളും മോഷണം നടക്കുന്ന സമയം തുറന്നിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ലെന്നാണ്​​ കടയിലുള്ളവർ പൊലീസിന് നൽകിയ മൊഴി. പടം: KTL Theft പാമ്പാടി കൂരോപ്പടയിൽ മോഷണം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.