പ്രളയക്കെടുതി നേരിടാന്‍ കുമരകം സജ്ജം; സര്‍വകക്ഷി യോഗം ചേര്‍ന്നു

കുമരകം: ജലനിരപ്പ്​ ഉയര്‍ന്നുതന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രളയക്കെടുതി നേരിടാന്‍ കുമരകം സജ്ജമാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ ധന്യ സാബു. പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രസിഡന്‍റ്​ നടപടികൾ വിവരിച്ചത്. യോഗം ജില്ല പഞ്ചായത്തംഗം കെ.വി. ബിന്ദു ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ കക്ഷിനേതാക്കൾ, ആരോഗ്യ വകുപ്പ്, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. അപകടകരമാംവിധത്തില്‍ വെള്ളം പൊങ്ങിയിട്ടില്ല, അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ക്യാമ്പുകള്‍ ഉടൻ തുറക്കാനുള്ള എല്ലാ സംവിധാനവും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പലരും ബന്ധുവീടുകളിലേക്ക് മാറുകയോ വീടുകളില്‍തന്നെ തുടരുകയോ ആണ്. പകര്‍ച്ചവ്യാധികള്‍ തടയാൻ​ മുന്‍കരുതൽ എടുത്തിട്ടുണ്ട്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളായ പൊങ്ങലക്കരി, മറ്റിത്ര എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തര സന്ദർശനം നടത്തി. പകർച്ചവ്യാധി വ്യാപനം തടയാനുള്ള മുൻകരുതൽ നടപടി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വീകരിക്കും. വൈദ്യുതി തകരാറുകൾ അടിയന്തരമായി പരിഹരിക്കാൻ കെ.എസ്.ഇ.ബി പ്രത്യേക സംവിധാനം ഒരുക്കുമെന്നും അറിയിച്ചു. ---------------- സി.പി.ഐ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം കോട്ടയം: എട്ടുവരെ ഏറ്റുമാനൂരിൽ നടക്കുന്ന സി.പി.ഐ ജില്ല സമ്മേളനത്തിന്‍റെ സാംസ്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിപ്ലവഗായിക പി.കെ. മേദിനിയുടെ റെഡ് സല്യൂട്ട് ഗാനം പ്രവർത്തകർക്ക് ആവേശമായി. സാംസ്കാരിക സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ. വി.ബി. ബിനു പി.കെ. മേദിനിയെ ആദരിച്ചു. ആലങ്കോട് ലീലാകൃഷ്ണനെ സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ ആദരിച്ചു. ഡോ. എ. ജോസ് അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ല പ്രസിഡന്‍റ്​ ബി. അശോക്, ഡോ. ദീപു ജോസ്, അഡ്വ. പ്രശാന്ത് രാജൻ, പി.എസ്. രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു. ശനിയാഴ്ച പതാക, കൊടിമര ജാഥകൾ പൊതുസമ്മേളന നഗറിൽ എത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.