വിമുക്തഭടന്‍റെ കൊലപാതകം: പിതാവും മകനും ഉള്‍പ്പെടെ ആറുപേർ അറസ്റ്റിൽ

കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റ് അടിമാലി: അതിര്‍ത്തി പട്ടണമായ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ വിമുക്ത ഭടനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവും മകനും ഉള്‍പ്പെടെ ആറ്​ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബോഡിനായ്ക്കന്നൂര്‍ സ്വദേശി മാരിമുത്തു(46), മകന്‍ മനോജ്കുമാര്‍(20), സുഹൃത്തുക്കളായ സുരേഷ്(45), മദന്‍കുമാര്‍(36), യുവരാജ്(19), മനോഹരൻ (47) എന്നിവരെയാണ് തേനി ജില്ല കോടതിക്ക് സമീപത്തുനിന്ന്​ ബോഡിനായ്ക്കന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പണമിടപാടുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ബോഡിനായ്ക്കന്നൂര്‍ സ്വദേശി രാധാകൃഷ്ണനെ(71) ബോഡിനായ്ക്കന്നൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിന്​ സമീപം വെച്ച് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബോഡിനായ്ക്കന്നൂര്‍ കാമരാജ് ചാലൈയില്‍ ലോഡ്ജ് നടത്തുന്ന രാധാകൃഷ്ണന്‍ പ്രതികളിലൊരാളായ മാരിമുത്തുവിന് പണം വായ്പ കൊടുത്തിട്ടുണ്ടെന്നാണ് വിവരം. പലിശ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേരള രജിസ്ട്രേഷൻ ജീപ്പിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ കഴിഞ്ഞദിവസം തേനി ജില്ല കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പുറത്തുണ്ടായിരുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.