പ്രതിയുടെ കാമുകിയെ വശീകരിക്കാൻ ശ്രമം: പൊലീസുകാരന്​ സസ്​പെൻഷൻ

പത്തനംതിട്ട: തട്ടിപ്പുകേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയുടെ കാമുകിയെ വശീകരിക്കാൻ ശ്രമിക്കുകയും പരാജയപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്ത സിവിൽ പൊലീസ് ഓഫിസർ അഭിലാഷിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്ത കൊല്ലം സ്വദേശിയുടെ ഫോൺ പൊലീസുകാരനായ അഭിലാഷ് പിടിച്ചെടുത്തിരുന്നു. പാസ്​വേഡ് ചോദിച്ച് ഫോൺ തുറന്ന അഭിലാഷ് ചിത്രങ്ങളും വിഡിയോകളും പരിശോധിപ്പോൾ യുവതിയുടെ നഗ്നചിത്രങ്ങളും വിഡിയോയും കണ്ടെത്തിയിരുന്നു. പ്രതിയുടെ കാമുകിയുടേതാണ് ഇതെന്ന് അറിഞ്ഞ അഭിലാഷ്, യുവതിയുടെ ഫോണിലേക്ക് വിഡിയോ കാൾ ചെയ്തു. കാമുകൻ പൊലീസ് സെല്ലിൽ കിടക്കുന്നത് കാണിച്ചുകൊടുത്തു. നഗ്നചിത്രങ്ങളും വിഡിയോകളും അഭിലാഷിന്റെ ഫോണിലേക്ക് മാറ്റി. പിന്നീട് അഭിലാഷിന്റെ ഫോണിൽനിന്ന് യുവതിയുടെ ഫോണിലേക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തു. നേരിട്ടു കാണണമെന്ന് ആവശ്യപ്പെട്ട് യുവതിയെ അഭിലാഷ് നിരന്തരം വിളിച്ചുകൊണ്ടിരുന്നു. വഴങ്ങാതിരുന്ന യുവതിയെ ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് യുവതി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ. സാബു നടത്തിയ അന്വേഷണത്തിൽ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് കണ്ടെത്തുകയും അഭിലാഷിന്റെ ഫോണിൽനിന്ന് പ്രതിയുടെ കാമുകിയുടെ നഗ്നചിത്രങ്ങൾ കണ്ടെടുക്കുകയും ചെയ്തു. ഇതേ തുടർന്ന് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് അഭിലാഷിനെ സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പ്രതിയും പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.