ശൈശവ വിവാഹം: സമഗ്ര പഠനത്തിന്​ സർക്കാർ

തൊടുപുഴ: സംസ്ഥാനത്തെ ​ശൈശവ വിവാഹ നിരക്ക്​, പ്രത്യാഘാതങ്ങൾ എന്നിവ​യെക്കുറിച്ച്​ സർക്കാർ സമഗ്ര പഠനം നടത്തുന്നു. വനിത, ശിശു വികസന വകുപ്പിനായി കേരള സർവകലാശാല ഡെമോഗ്രഫി വിഭാഗമാണ്​ ഒരു വർഷം നീളുന്ന പഠനത്തിന്​ നേതൃത്വം നൽകുന്നത്​. പഠന റിപ്പോർട്ടിലെ ശിപാർശകളുടെ അടിസ്ഥാനത്തിൽ ശൈശവ വിവാഹം തടയാൻ ഫലപ്രദമായ കർമപദ്ധതിക്ക്​ രൂപം നൽകുകയാണ്​ ലക്ഷ്യം. ശൈശവ വിവാഹം സൃഷ്ടിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ, കാരണമാകുന്ന ഘടകങ്ങൾ എന്നിവക്കാകും ഊന്നൽ നൽകുക. പഠനത്തിനായി സർക്കാർ 16.32 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്​. വനിത ശിശു വികസന വകുപ്പിന്‍റെ ആവശ്യപ്രകാരം കേരള സർവകലാശാല പഠനത്തിന്‍റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ ശൈശവ വിവാഹങ്ങൾ ഇടക്കിടെ റിപ്പോർട്ട്​ ചെയ്യുന്നുണ്ടെങ്കിലും എണ്ണമോ കാരണങ്ങളോ പ്രത്യാഘാതങ്ങ​ളോ സംബന്ധിച്ച പഠന റിപ്പോർട്ട്​ വകുപ്പിന്‍റെ കൈവശമില്ല. മുമ്പ്​ ചീഫ്​ സെക്രട്ടറി തലത്തിൽ ചേർന്ന യോഗത്തിൽ 2025ഓടെ കേരളത്തെ ശൈശവ വിവാഹമുക്ത സംസ്ഥാനമാക്കണമെന്ന്​ തീരുമാനിച്ചിരുന്നു. എന്നാൽ, തുടർപ്രവർത്തനങ്ങൾ കാര്യമായി മുന്നോട്ടുപോയില്ല. ഈ സാഹചര്യത്തിലാണ്​ സമഗ്ര പഠനം നടത്തുന്നത്​​. കോവിഡ്​ സാഹചര്യത്തിൽ പല ജില്ലകളിലും ശൈശവ വിവാഹ നിരക്ക് വർധിച്ചതായി വകുപ്പിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വീട്ടിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം കുട്ടികൾ ശൈശവ വിവാഹത്തിന്​ നിർബന്ധിക്കപ്പെട്ട സംഭവങ്ങളാണ്​ പലതും. മുൻകൂട്ടി കണ്ടെത്താൻ കഴിഞ്ഞ ശൈശവ വിവാഹങ്ങൾ തടഞ്ഞതായി അധികൃതർ പറയുന്നു. പട്ടികജാതി പട്ടികവർഗ, ആദിവാസി, തീരദേശ, അതിർത്തി, തോട്ടം മേഖലകളടക്കം ഉൾപ്പെടുത്തി നടത്താൻ ഉദ്ദേശിക്കുന്ന പഠനം സംബന്ധിച്ച ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. 2019-20ലെ ദേശീയ കുടുംബ സർവേയിൽ മലപ്പുറം, കോഴിക്കോട്​, കണ്ണൂർ, വയനാട്​ ജില്ലകളിൽ ​ശൈശവ വിവാഹ നിരക്ക്​ 2015-16നെ അപേക്ഷിച്ച്​ ഗണ്യമായി കുറഞ്ഞതായും തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ വർധിച്ചതായും കണ്ടെത്തിയിരുന്നു. പി.പി. കബീർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.