കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനദാസിനെ പ്രതി സന്ദീപ് ആക്രമിച്ച സമയം പരിക്കേറ്റ ഹോം ഗാർഡ് അലക്സ് കുട്ടിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടുവെന്നും പ്രതിയുടെ ആക്രമണത്തിൽ തനിക്കും മാരകമായി മുറിവേറ്റു എന്നും സംഭവസമയത്ത് ഹോസ്പിറ്റലിൽ പൊലീസ് എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കൊട്ടാരക്കര സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ മണിലാൽ കോടതിയിൽ മൊഴി നല്കി.
കൊല്ലം അഡി. സെഷൻസ് ജഡ്ജി പി. എൻ. വിനോദ് മുമ്പാകെ നടന്ന സാക്ഷി വിസ്താരത്തിലാണ് സാക്ഷി മൊഴി നൽകിയത്. ആശുപത്രിയിലെ കാഷ്വാലിറ്റി വെയിറ്റിങ്ങ് ഏരിയയിൽ വെച്ച് പ്രതി, മണിലാലിന്റെ തലയിൽ കുത്തി മുറിവേല്പിക്കുന്ന ദൃശ്യവും കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞു.
കേസിലെ മറ്റൊരു സാക്ഷിയും ആംബുലൻസ് ഡ്രൈവറുമായ രാജേഷിനെയും വ്യാഴാഴ്ച കോടതി വിസ്തരിച്ചു. പ്രതിയുടെ ആക്രമണത്തിൽ നിന്നും ഹോം ഗാർഡ് അലക്സ് കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമത്തിൽ കുത്തേറ്റ താൻ വന്ദനയെ പ്രതി ആക്രമിക്കുന്നത് കണ്ടിരുന്നതായി കോടതിയിൽ പറഞ്ഞിരുന്നു.
അക്രമാസക്തനായ പ്രതിയെ പിന്നിലൂടെ ചെന്ന് താൻ പിടികൂടിയെന്നും രാജേഷ് മൊഴി നല്കി. പ്രതിയെ രാജേഷും മറ്റു പൊലിസ് ഉദ്യോഗസ്ഥരും ചേർന്ന് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളും കോടതിയിൽ പ്രദർശിപ്പിച്ചത് സാക്ഷി തിരിച്ചറിഞ്ഞു. സംഭവ കാലത്ത് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മിനിമോൾ, പ്രദീപ, രമ്യ എന്നിവരെ തിങ്കളാഴ്ച വിസ്തരിക്കും.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.