കൊല്ലം: ധനമന്ത്രി നിർമല സീതാരാമൻ ശനിയാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളിൽ നിരാശയിലായി ഇക്കുറിയും കൊല്ലം ജില്ല. കൊല്ലം സ്വദേശി സുരേഷ് ഗോപി കേന്ദ്ര ടൂറിസം സഹമന്ത്രിയായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും വിനോദസഞ്ചാര മേഖലയിൽ അടക്കം തഴയപെട്ടതായാണ് വിലയിരുത്തൽ.
കൊല്ലം തുറമുഖം കേന്ദ്രീകരിച്ച് കടൽ ടൂറിസത്തിനുള്ള സാധ്യതപോലും ബജറ്റിൽ നിഴലിച്ചില്ല. ഈ വഴിക്ക് സംസ്ഥാന മാരിടൈം ബോർഡ് വിവിധ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും സഹായമായ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. കൊല്ലം തുറമുഖത്തെ ഇമിഗ്രേഷൻ ചെക്ക് പോയിന്റായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കൂടാതെ ഇന്റർനാഷനൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് (ഐ.എസ്.പി.എസ്) സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. അതിലൂടെ വിദേശ യാത്ര-ചരക്ക് കപ്പലുകൾക്ക് കൊല്ലം തീരത്ത് നങ്കൂരമിടാനുള്ള വഴിതെളിഞ്ഞെങ്കിലും ബജറ്റിൽ അതിനുള്ള തുടർ നടപടികൾക്കായി പണമൊന്നും വകവെക്കാത്തത് തിരിച്ചടി ആകുമോ എന്ന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
മറ്റൊരു പ്രതീക്ഷ ടെർമിനൽ സ്റ്റേഷനായ കൊല്ലത്തുനിന്നും കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്നതായിരുന്നു. അതിലും ഒന്നുമുണ്ടായില്ല. കൊല്ലം-പുനലൂർ-ചെങ്കോട്ട ലൈനിൽ കൂടുതൽ സർവീസ് പ്രഖ്യാപിക്കുമെന്നും ചരക്കുകടത്ത് ആരംഭിക്കുമെന്നുമുള്ള പ്രതീക്ഷയിലും ബജറ്റിൽ ഒന്നും കാണുന്നില്ല.
പരമ്പരാഗത വ്യവസായമായ കശുവണ്ടി മേഖലയുടെ പുനരുദ്ധാരണത്തിന് സംസ്ഥാനം ആവശ്യപ്പെട്ട 500 കോടി രൂപയുടെ പാക്കേജ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കും എന്നതായിരുന്നു മറ്റൊരു പ്രതീക്ഷ. വർഷങ്ങളായി കേരളവും എല്ലാ ട്രേഡ് യൂനിയനുകളും ജനപ്രതിനിധികളും ആവശ്യപ്പെടുന്ന പുനരുദ്ധാരണ പാക്കേജ് കണ്ടതായിപോലും നടിച്ചില്ല. രണ്ടര ലക്ഷം തൊഴിലാളികൾ പണിയെടുത്തിരുന്ന വ്യവസായ മേഖലയാണ് ഇതോടെ അവഗണിക്കപെട്ടത്.
തോട്ടണ്ടി ഇറക്കുമതിക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ചുങ്കം പിൻവലിക്കുമെന്നും അതുപോലെ കശുവണ്ടി പരിപ്പ് ഇറക്കുമതി ഉദാരമാക്കിയത് പിൻവലിക്കുമെന്നും കൊല്ലത്തിന്റെ പ്രതീക്ഷയായിരുന്നു. കൊല്ലം, എഴുകോൺ എന്നിവിടങ്ങളിലെ ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ മെഡിക്കൽ കോളജാക്കണമെന്ന ആവശ്യത്തിലും ബജറ്റ് മൗനം പാലിക്കുന്നു.
വനമേഖലയോട് ചേർന്ന് താമസിക്കുന്ന ജനങ്ങളുടെ ഏറെ നാളായുള്ള ആവശ്യമാണ് വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണം, വന്യമൃഗശല്യത്തിൽ നിന്ന് നാടിനെയും മനുഷ്യനെയും കൃഷിയെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകി നിലവിലെ കേന്ദ്ര വന നിയമം ഭേദഗതി ചെയ്യുമെന്ന പ്രഖ്യാപനം ബജറ്റിൽ ഉണ്ടാവുമെന്ന ജില്ലയിലെ കിഴക്കൻ മേഖലയുടെ പ്രതീക്ഷയും അസ്ഥാനത്തായി.
കേന്ദ്ര ബജറ്റുകളിൽ ജില്ലക്കായി പ്രത്യേകിച്ച് പ്രഖ്യാപനമൊന്നും ഉണ്ടാവില്ലങ്കിലും കേരളത്തിന് തന്നെ ഒന്നുമില്ലാത്തസ്ഥിതിക്ക് കൊല്ലത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ എന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.