കുന്നത്തൂർ കിഴക്ക് കരിമ്പിൻപുഴ ഗവ. എൽ.പി സ്കൂൾ വളപ്പിൽ അപകടഭീഷണിയായി നിൽക്കുന്ന മരം
സ്കൂൾ വളപ്പിലെ മരം അപകട ഭീഷണിയായി
ശാസ്താംകോട്ട: കുന്നത്തൂരിൽ സ്‌കൂൾ വളപ്പിലെ മുത്തശ്ശി മാവ് അപകട ഭീഷണിയായിട്ടും മുറിച്ചു മാറ്റുന്നില്ലെന്ന് പരാതി. കൊട്ടാരക്കര- ഭരണിക്കാവ് റൂട്ടിൽ കുന്നത്തൂർ കിഴക്ക് കരിമ്പിൻപുഴ ഗവ. എൽ.പി സ്കൂളിന് മുമ്പിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ മരമാണ് അപകട ഭീഷണിയായത്. കൊടുംവളവിനോട് ചേർന്ന് ഉയർന്ന ഭാഗത്താണ് സ്‌കൂൾ. പാതയോരത്തെ മതിലിന് സമീപമുള്ള മാവ് റോഡിലേക്ക് മറിയുന്ന അവസ്ഥയിലാണ്. ഇതിനോട് ചേർന്നാണ് 11 കെ.വി ലൈൻ അടക്കം കടന്നുപോകുന്നു.
കഴിഞ്ഞ അധ്യയന വർഷം തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിനെ തുടർന്ന് സ്കൂൾ പരിസരങ്ങളിലെ മരങ്ങൾ പൂർണമായി മുറിച്ചുമാറ്റണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു. പഴക്കമേറിയ മരമായതിനാൽ മുറിച്ചുമാറ്റാൻ വനം വകുപ്പിന്‍റെ അനുമതി ലഭിക്കേണ്ടതുണ്ട്. സ്‌കൂൾ അധികൃതർ പഞ്ചായത്തിൽ പരാതി നൽകിയിട്ടും വനം വകുപ്പിന്‍റെ അനുമതി ലഭ്യമായിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉല്ലാസ് കോവൂർ എം.എൽ.എക്ക് പരാതി നൽകുമെന്ന് പി.ടി.എ പ്രസിഡന്‍റ് ഹരികുമാർ കുന്നത്തൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.