കൊല്ലം: കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജോലി ചെയ്യുന്ന വനിത കണ്ടക്ടറുടെ സസ്പെൻഷൻ നടപടിയിൽ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നതായി പരാതിക്കാരി. കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുന്ന വനിത കണ്ടക്ടർ പുരുഷ ഡ്രൈവറുമായി സംസാരിച്ചതിന്റെ പേരിൽ കഴിഞ്ഞദിവസം സസ്പെൻഷൻ നടപടി നേരിട്ടിരുന്നു.
സംഭവം വിവാദമായതോടെ ഗതാഗതമന്ത്രി ഇടപെട്ട് ഉത്തരവ് പിൻവലിക്കുകയും ചെയ്തിരുന്നു. ഡ്രൈവറുടെ ഭാര്യയുടെ പരാതിയിലാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം നടപടി സ്വീകരിച്ചിത്. പരാതിയുടെ അടിസ്ഥാനത്തിൽ സസ്പെൻഷനുമായി ബന്ധപ്പെട്ട് തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വഴി വ്യാജ പ്രചാരണങ്ങൾ നടത്തുന്നതായി ഡ്രൈവറുടെ ഭാര്യ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
താൻ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയതെന്നും മറ്റാരെയും സംഭവത്തിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. വിഷയത്തിൽ എല്ലാ തെളിവുകളും ഉൾപ്പെടുത്തിയാണ് ഗതാഗത മന്ത്രിക്ക് പരാതി നൽകിയതെന്നും ഉദ്യാഗസ്ഥർ സത്യസന്ധമായി അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചതെന്നും പരാതിക്കാരി പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് താൻ വനിത കണ്ടക്ടറുമായി സംസാരിച്ചപ്പോൾ അവർ ധിക്കാരപരമായാണ് പെരുമാറിത്. തന്റെയും മകളുടെയും ജീവിതം തകരുമെന്ന് മനസ്സിലാക്കി എല്ലാവഴികളും അടഞ്ഞപ്പോഴാണ് വകുപ്പ് മന്ത്രിക്ക് പരാതി നൽകാൻ തീരുമാനിച്ചതെന്നും തന്റെ പരാതിയിൽ താൻ ഉറച്ചുനിൽക്കുന്നതായും പരാതിക്കാരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.