കൊല്ലം: കരിമണൽ ഖനനം സ്വകാര്യവത്കരണത്തിന് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നിയമ ഭേദഗതിയിൽ പ്രതിഷേധം ശക്തമാവുന്നു. ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് രണ്ടിന് പൊതുമേഖലയിലെ ജീവനക്കാർ പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് ട്രേഡ് യൂനിയൻ നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളായ ചവറ കെ.എം.എം.എൽ, തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് (ടി.ടി.പി.എൽ), കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊല്ലം ഐ.ആർ.ഇ.എൽ സ്ഥാപനങ്ങളിലെ ജീവനക്കാർ മാർച്ചിൽ പങ്കെടുക്കും. ഒപ്പം കേരളത്തിൽ നിന്നുള്ള എം.പിമാരും പങ്കെടുക്കും. സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ കരിമണൽ ഖനന സ്വകാര്യവത്കരണ വിരുദ്ധസമിതിയാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
1957ലെ മൈൻസ് ആൻഡ് മിനറൽസ് ആക്ട് പ്രകാരം കേരളത്തിന്റെ തീരപ്രദേശത്ത് കാണുന്ന ധാതുക്കൾ ഖനനം നടത്തുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാറിനാണ്. നിലവിലുള്ള നിയമപ്രകാരം കരിമണലിൽനിന്ന് കിട്ടുന്ന ധാതുക്കളുടെ ഖനനത്തിനുള്ള അവകാശം സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖല കമ്പനികളിൽ നിക്ഷിപ്തമാണ്. കേന്ദ്ര ഗവൺമെന്റിന്റെ പുതിയ നിയമ ഭേദഗതിയിലൂടെ ഖനനം പൊതുമേഖലയിൽ തന്നെ നിലനിർത്തണമെന്ന നയത്തിൽ മാറ്റംവരും. ഈ ഭേദഗതി പൊതുമേഖലകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. ഖനനം സ്വകാര്യവത്കരിക്കുന്നതോടെ തീരദേശത്തെ ചൂഷണം ചെയ്യുകയും പൊതുമേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ ഭാവി അവതാളത്തിലാവുകയും ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു. ഡെന്നി സുദേവൻ (സി.ഐ.ടി.യു), ആർ. ശ്രീജിത്ത് (ഐ.എൻ.ടി.യു.സി), ജെ. മനോജ്മോൻ (യു.ടി.യു.സി), ജി. ഗോപകുമാർ (സി.ഐ.ടി.യു), റോബർട്ട് മാരിയാൻ (ഐ.എൻ.ടി.യു.സി) എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.