പ്ര​ത്യേ​ക ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് സാം ​കെ. ഡാ​നി​യേ​ൽ

സം​സാ​രി​ക്കു​ന്നു

തെരുവുനായ്: ജില്ല പഞ്ചായത്ത് ഷെൽറ്റർ ഹോം ആരംഭിക്കും

കൊല്ലം: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജില്ല പഞ്ചായത്ത് ഷെൽറ്റർ ഹോം ആരംഭിക്കുമെന്ന് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ. 68 തദ്ദേശസ്ഥാപനങ്ങളിലും അടിയന്തരമായി എ.ബി.സി പദ്ധതി നടപ്പാക്കും.

തെരുവുനായ് വിഷയവുമായി ബന്ധപ്പെട്ട് ചേർന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള കുരിയോട്ടുമല ഗവ. ഹൈടെക് ഡെയറി ഫാമിലുള്ള ഒന്നര ഏക്കറിൽ ഫാം ടൂറിസത്തിന് തടസ്സം വരാത്ത രീതിയിലാണ് ഷെൽറ്റർഹോം ആരംഭിക്കുക. നിർമാണത്തിന് ഈമാസം തന്നെ തുടക്കംകുറിക്കും.

വന്ധ്യംകരണത്തിന് വിധേയമാക്കപ്പെട്ട നായകളെയാണ് ഇവിടെ സംരക്ഷിക്കുക. ഇവയ്ക്കാവശ്യമായ ഭക്ഷണവും ഉറപ്പുവരുത്തും. ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും എ.ബി.സി പദ്ധതിയുമായി സഹകരിക്കണമെന്ന് പ്രസിഡന്‍റ് അഭ്യർഥിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ വകയിരുത്തിയിട്ടും 32 ഗ്രാമപഞ്ചായത്തുകൾ മാത്രമാണ് പദ്ധതി ഏറ്റെടുത്തത്. അതിനാൽ പദ്ധതി പൂർണമായും ഫലപ്രദമായ രീതിയിൽ നടപ്പാക്കാൻ സാധിച്ചിട്ടില്ല.

നായ്ക്കളുമായി ഇടപെട്ട് കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കും സർജറി ചെയ്യുന്ന ഡോക്ടർമാർക്കുമുള്ള വേതനമാണ് ജില്ല പഞ്ചായത്തിന് നൽകാൻ കഴിയുക. സർജറിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഗ്രാമപഞ്ചായത്താണ് ഏർപ്പെടുത്തേണ്ടത്.

ഈ മാസം 16ന് രാവിലെ 9.30ന് കൊട്ടിയം ആർ.എ.ഐ.സി.യിൽ എ.ബി.സി പദ്ധതിക്ക് തുടക്കം കുറിക്കും. നിലവിൽ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്കാണ് ലൈസൻസും വാക്സിനേഷനും ഉറപ്പുവരുത്താറുള്ളത്. ഈ മാസം 22 മുതൽ തെരുവുനായ്ക്കൾക്കും വാക്സിനേഷൻ നൽകും.

കഴിയുന്നത്ര ഗ്രാമപഞ്ചായത്തുകൾ ഷെൽറ്റർ ഹോമുകൾ ആരംഭിക്കണം. പേവിഷ നിർമാർജനവുമായി ബന്ധപ്പെട്ട് കോടതിയിൽ നിലവിലുള്ള കേസിൽ ജില്ല പഞ്ചായത്ത് കക്ഷി ചേരുമെന്നും അദ്ദേഹം അറിയിച്ചു. തെരുവുനായ്ക്കള്‍ കൂടുതലുള്ള 19 ഹോട്ട്‌ സ്‌പോട്ടുകള്‍ കണ്ടെത്തി. ഇവിടങ്ങളിലെ മാലിന്യനിര്‍മാര്‍ജനത്തിന് പ്രത്യേക കര്‍മപദ്ധതി രൂപവത്കരിക്കുമെന്ന് കലക്ടർ അഫ്സാന പർവീൺ പറഞ്ഞു.

ജില്ല ഡെവലപ്മെന്‍റ് കമീഷണർ ആസിഫ് കെ. യൂസഫ്, ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രിയ, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. അജിലാസ്റ്റ്, ജില്ല പ്ലാനിങ് ഓഫിസർ പി.ജെ. ആമിന, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജെ. നജീബത്ത്, അനിൽ എസ്. കല്ലേലിഭാഗം, വസന്ത രമേശ്, അംഗങ്ങളായ എൻ.എസ്. പ്രസന്നകുമാർ, ശ്രീജ ഹരീഷ്, ആശാ ദേവി, എസ്. സെൽവി തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - street dog District Panchayat to start shelter home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.