കുളത്തൂപ്പുഴ: സ്കോളര്‍ഷിപ് വിജയികളായ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷങ്ങളായി തുക ലഭിക്കുന്നില്ലെന്ന് പരാതി. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ നാല്, ഏഴ് ക്ലാസുകളിലെ മികച്ച വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ വിജയികളായ വിദ്യാര്‍ഥികള്‍ക്കാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി സ്കോളര്‍ഷിപ് തുക അനുവദിച്ചുനല്‍കാത്തത്.
മുന്‍കാലങ്ങളില്‍ ഓരോവര്‍ഷത്തെയും തുക അവരവര്‍ പഠിച്ചിരുന്ന വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകര്‍ വഴി പണമായാണ് നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക അനുവദിക്കുന്നതെന്ന് പറഞ്ഞ് സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയിരുന്നു.
സ്കോളര്‍ഷിപ് പരീക്ഷ വിജയിച്ച് വര്‍ഷങ്ങളായിട്ടും ഇനിയും ബാങ്ക് അക്കൗണ്ടില്‍ പണമെത്താതെ വന്നതോടെയാണ് രക്ഷിതാക്കളില്‍ പലരും സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടത്.
കഴിഞ്ഞ കുറേ കാലമായി സ്കോളര്‍ഷിപ് തുക അനുവദിക്കുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും സ്കൂളിലേക്ക് എത്താറില്ലെന്നും ഡി.ബി.ടി സ്കീം പ്രകാരം വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നതെന്നുമാണ് വിദ്യാലയങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണമെത്താതെ വന്നതോടെ ഉപജില്ല വിദ്യാഭ്യാസ ഓഫിസറുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിവരം ലഭ്യമായില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം വരെ എല്‍.എസ്.എസ്, യു.എസ്.എസ് എന്ന പേരില്‍ നടത്തിയിരുന്ന മത്സര പരീക്ഷയുടെ പേര് ഇത്തവണ ചീഫ് മിനിസ്റ്റര്‍ കിഡ്സ് സ്കോളര്‍ഷിപ്പെന്ന് പേരുമാറ്റി കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ മത്സര പരീക്ഷ നടത്തിയിരുന്നു.
അതേസമയം മുന്‍ വര്‍ഷങ്ങളില്‍ വിജയികളായ കുട്ടികളുടെ പണം നല്‍കിത്തീര്‍ക്കാതെയാണ് പുതിയ പരീക്ഷയുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.