കൊല്ലം: ദീർഘദൂര യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമായി ഗാന്ധിധാം-തിരുനെൽവേലി ഹംസഫർ എക്സ്പ്രസിന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചു. ഇതോടെ കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പുള്ള ആറാമത്തെ സ്റ്റേഷനായി കൊല്ലം മാറി. തിരുവനന്തപുരം, കോട്ടയം, എറണാകുളം ജങ്ഷൻ, പാലക്കാട്, കോഴിക്കോട് എന്നിവയാണ് മറ്റ് അഞ്ച് സ്റ്റേഷനുകൾ.
ഹംസഫർ എക്സ്പ്രസ് പ്രതിവാര ട്രെയിനാണ്. 20 മുതലാണ് ട്രെയിൻ കൊല്ലത്ത് നിർത്തുക. 20293 നമ്പർ തിരുനെൽവേലി-ഗാന്ധിധാം ഹംസഫർ എക്സ്പ്രസ് 20ന് രാവിലെ 10.05ന് കൊല്ലത്ത് എത്തി 10.08ന് പുറപ്പെടും. മൂന്ന് മിനിറ്റാണ് സ്റ്റോപ്.
20294 ഗാന്ധിധാം-തിരുനെൽവേലി എക്പ്രസ് രാത്രി 9.32ന് കൊല്ലത്ത് എത്തി 9.35ന് പുറപ്പെടുന്ന രീതിയിലാണ് ടൈംടേബിൾ ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ ജില്ലയിൽനിന്ന് മംഗലാപുരം, മഡ്ഗാവ്, രത്നഗിരി, പനവേൽ, സൂറത്ത്, വഡോദര, അഹ്മദാബാദ് എന്നിവിടങ്ങളിൽ പോകേണ്ടവർക്കും ഇവിടങ്ങളിൽനിന്ന് തിരികെ വരുന്നവർക്കും ഹംസഫർ എക്സ്പ്രസ് സൗകര്യപ്രദമാവും. നേരത്തേ തിരുവനന്തപുരം-ന്യൂഡൽഹി രാജധാനി എക്സ്പ്രസിന് കൊല്ലത്ത് സ്റ്റോപ് ഇല്ലായിരുന്നു. എൻ. പീതാംബരക്കുറുപ്പ് എം.പി ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശ്രമഫലമായാണ് പിന്നീട് രാജധാനിക്ക് സ്റ്റോപ് അനുവദിച്ചത്. അടുത്തിടെ ആരംഭിച്ച തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസിനും കൊല്ലത്ത് സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസിന് കുണ്ടറയിലും കൊല്ലം-ചെന്നൈ എഗ്മോർ എക്സ്പ്രസിന് ആര്യങ്കാവിലും 18 മുതൽ സ്റ്റോപ് അനുവദിച്ച് ദിവസങ്ങൾക്ക് മുമ്പ് ഉത്തരവ് ഇറങ്ങിയിരുന്നു. കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.