മയ്യനാട് മുക്കത്ത് അനാഥമായി കിടക്കുന്ന ബോട്ട് ജെട്ടി
ഇരവിപുരം: ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബോട്ടുജെട്ടികൾ ആർക്കും പ്രയോജനമില്ലാതെ നോക്കുകുത്തികളായി നശിക്കുന്നു. കൊല്ലം കോർപറേഷനിൽപെട്ട ഇരവിപുരം, തോട്ടുമുഖം, മയ്യനാട് പഞ്ചായത്തിലെ താന്നി, മുക്കം, പരവൂർ നഗരസഭ, പൂതക്കുളം ഗ്രാമപഞ്ചായത്തിലെയും ജലാശയങ്ങളിൽ മാത്രം അര ഡസനിലധികം ബോട്ടുജെട്ടികളുണ്ട്. ഇവ നശിക്കുന്നതിനിടെ പൊഴിക്കര ഭാഗത്ത് പുതിയ ജെട്ടിയുടെ നിർമാണം നടക്കുന്നു. നിലവിലെ ജെട്ടികൾ രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ താവളമാണ്. പത്തുലക്ഷം രൂപ മുടക്കി നിർമിച്ചവയാണ് ഓരോന്നും.
ഉൾനാടൻ ജലഗതാഗതവകുപ്പ് നാല് വർഷം മുമ്പ് നിർമാണം പൂർത്തിയാക്കിയ മനോഹരമായ ബോട്ടുജെട്ടികൾ എന്തിനുവേണ്ടിയായിരുന്നെന്ന് ഇനിയും ആർക്കും മനസ്സിലായിട്ടില്ല. ഒരു ബോട്ടുപോലും ഈ ജെട്ടികളിൽ അടുത്തിട്ടില്ല. കഴിഞ്ഞ പിണറായി സർക്കാറിന്റെ അവസാനകാലത്ത് അന്നത്തെ മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മ ഇരവിപുരം മുതൽ കൊല്ലംവരെ ബോട്ടിൽ യാത്ര ചെയ്ത് ഉദ്ഘാടനം നടത്തിയപ്പോഴാണ് ജെട്ടിയിൽ ബോട്ട് എത്തിയത്.
പതിറ്റാണ്ടുകളായി ബോട്ടിന്റെ ശബ്ദംപോലും കേട്ടിട്ടില്ലാത്ത കൊല്ലം തോട്ടിലും മണിയംകുളം തോടിന്റെ കരയിലും ഇടവ-നടയറ കായൽക്കരയിലും ലക്ഷങ്ങൾ ചെലവഴിച്ച് സൈഡ് വാൾ നിർമിച്ചിട്ടുണ്ട്. ബോട്ടുകൾ പോകുമ്പോൾ ഉണ്ടാകുന്ന ഓളസമ്മർദത്തിൽനിന്ന് തീരങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണിത്. പരവൂർ തെക്കുംഭാഗം നേരുകടവ് പീന്തമുക്ക് കടവിലാണ് മറ്റൊരു ബോട്ടുജെട്ടി. സംസ്ഥാന ജലപാതയായ കൊല്ലം - കോവളം ജലപാതയിലൂടെ തലങ്ങും വിലങ്ങും ടൂറിസ്റ്റ് ബോട്ടുകൾ കടന്നുപോകുമെന്ന് കരുതിയാണ് ബോട്ടുജെട്ടികൾ നിർമിച്ചത്. ഇപ്പോൾ ചില ബോട്ടുജെട്ടികളുടെ സമീപം കാടുവളർന്നത് സാമൂഹിക വിരുദ്ധരുടെ താവളങ്ങളായി മാറി. എന്നാൽ, കലയ്ക്കോട് പി.എച്ച്.സിയിലേക്കും പള്ളികളിലേക്കും കയർ, കശുവണ്ടി മേഖലകളിലേക്കും പോകുന്നവർക്ക് അനുഗ്രഹമായിരുന്ന നേരുകടവ് ബോട്ട് ജെട്ടി, നെല്ലേറ്റിൽ ഇടയാടി കാപ്പിൽ ജെട്ടികൾ വിദ്യാർഥികൾക്കും കയർ, കശുവണ്ടി തൊഴിലാളികൾക്കും അനുഗ്രഹമായിരുന്നു. 12ാം ധനകാര്യകമീഷനിൽ ഉൾപ്പെടുത്തി പ്രത്യേകം അനുവദിച്ച തുക കൊണ്ടാണ് ബോട്ടുജെട്ടികൾ നിർമിച്ചത്. ഫണ്ട് ലാപ്സാകാതിരിക്കാനാണ് തിടുക്കത്തിൽ ജെട്ടികൾ നിർമിച്ചതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
മണിയംകുളം തോട്ടിലെ ചിലയിടങ്ങളിലും ബോട്ടുജെട്ടി നിർമിക്കാൻ തുക അനുവദിച്ചിരുന്നു. പ്രയോജനകരമല്ലെന്ന് കണ്ട് അവ പിന്നീട് ഒഴിവാക്കുകയായിരുന്നു. കായലിലൂടെ ബോട്ട് സർവിസ് ആരംഭിച്ചാൽ വർക്കലയിൽനിന്ന് എളുപ്പത്തിൽ കൊല്ലം, പരവൂർ എന്നിവിടങ്ങളിൽ എത്താമെന്നത് കൂടാതെ വിദേശസഞ്ചാരികൾക്ക് പ്രയോജനമാകുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ബോട്ട് സർവിസ് ആരംഭിക്കണമെങ്കിൽ ഇവിടങ്ങളിൽ ഇനിയും കോടികൾ മുടക്കേണ്ട അവസ്ഥയുണ്ട്. ബോട്ട് സർവിസിനായി ഡ്രഡ്ജ് ചെയ്ത കായലിൽ വീണ്ടും മണ്ണ് കയറുകയും ബോട്ട് ചാലിനായി സ്ഥാപിച്ച തെങ്ങിൻ കുറ്റികൾ നശിക്കുകയും ചെയ്തു. കുറ്റികൾ മാറ്റി സ്ഥാപിക്കുകയും കായലിൽ അടിഞ്ഞുകൂടി കിടക്കുന്ന മണ്ണ് നീക്കം ചെയ്യുകയും ചെയ്തെങ്കിൽ മാത്രമേ ഇനി ബോട്ട് സർവിസ് ആരംഭിക്കാൻ കഴിയുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.