ശാസ്താംകോട്ട റെയിൽവേസ്റ്റേഷൻ -തോപ്പിൽമുക്ക് റോഡ്
മൈനാഗപ്പള്ളി: ശാസ്താംകോട്ട റെയിൽവേസ്റ്റേഷൻ-തോപ്പിൽമുക്ക് റോഡ് നിർമിച്ചത് അശാസ്ത്രീയമായെന്ന് പരാതി. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരും പ്രദേശവാസികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് പ്രയോജനകരമായിരുന്ന റോഡ് വർഷങ്ങളായി തകർന്ന് ഗതാഗതയോഗ്യമല്ലാതെ കിടക്കുകയായിരുന്നു.
വ്യാപകമായ പ്രതിഷേധെത്തതുടർന്നാണ് പഞ്ചായത്ത് വിഹിതം ഉപയോഗിച്ച് കുറച്ച് ഭാഗമെങ്കിലും ശരിയാക്കാൻ തീരുമാനിച്ചത്. ഇതിനനുസരിച്ച് കുറച്ച് ഭാഗം ടാറിങ്ങും കുറച്ച് ഭാഗം കോൺക്രീറ്റും ചെയ്യുകയായിരുന്നു.
മൂന്ന് മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്തത് മതിയായ അളവിലല്ല എന്നാണ് പരാതി. ഈ ഭാഗത്ത് കൂടി കഷ്ടിച്ച് ഒരുവാഹനം പോകാനുള്ള സൗകര്യമേ ഉള്ളൂ. എതിരെ ഒരു വാഹനം വന്നാൽ വശം കൊടുക്കാൻ പോലും കഴിയില്ല. കോൺക്രീറ്റ് ചെയ്തപ്പോൾ ഒരടിയിലധികം റോഡ് ഉയർന്നതോടെ ഏത് സമയവും വാഹനങ്ങൾ അപകടത്തിൽപ്പെടാവുന്ന അവസ്ഥയാണ്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങൾക്കാണ് ഭീഷണി. റോഡിന്റെ വളവ് ഭാഗത്താണ് കോൺക്രീറ്റ് ചെയ്തത്. ഇവിത്തെ ഓടക്ക് മുകളിൽ സ്ലാബില്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു.
റോഡിന്റെ അശാസ്ത്രീയ നിർമാണത്തെ സംബന്ധിച്ച് സ്ഥലത്തുണ്ടായിരുന്ന എൻജിനീയർമാരെ പ്രദേശവാസികൾ ബോധ്യപ്പെടുത്തിയെങ്കിലും എസ്റ്റിമേറ്റ് എടുത്തതനുസരിച്ചേ പണി ചെയ്യാണാവൂ എന്ന നിലപാടിലായിരുന്നു അവർ. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെയും റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.