ഇരവിപുരം: കടൽക്ഷോഭത്തോടൊപ്പം ഉയർന്ന തിരമാല മുന്നറിയിപ്പ് കൂടി വന്നതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതമയമായി. ട്രോളിങ് നിരോധന കാലത്ത് ബോട്ടുകൾ കടലിൽ പോകാതിരിക്കുന്നതോടെ സാധാരണ തൊഴിലാളികൾക്ക് കൂടുതൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷക്ക് തിരിച്ചടിയായി. സാധാരണ ട്രോളിങ് നിരോധനകാലത്ത് മത്സ്യബന്ധനത്തിനായി ഫൈബർ കട്ട മരങ്ങളിൽ പോകുന്നവർക്ക് ആവശ്യത്തിന് മത്സ്യം ലഭിച്ചിരുന്നു. ഇത്തവണ കനത്ത മഴയും കാറ്റും കടൽക്ഷോഭവും തിരിച്ചടിയായി.
പരവൂർ കായലിലും മറ്റും മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തിയിരുന്നവർക്കും ഇപ്പോൾ മത്സ്യം ലഭിക്കാത്ത അവസ്ഥയാണ്. പരവൂർ പൊഴിക്കരയിൽ പൊഴിയുടെ ഷട്ടറുകൾ പുതുക്കിപ്പണിയുന്നതിന് ഇളക്കിമാറ്റിയതിനെ തുടർന്ന് കായലിലെ വെള്ളം ക്രമാതീതമായി കടലിലേക്ക് ഒഴുകുന്നു. ഇതും കായലിൽ മത്സ്യക്കുറവിന് കാരണമായതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. പരവൂർ പൊഴിക്കര മുതൽ കൊല്ലം വരെ ആയിരക്കണക്കിന് ഫൈബർ കട്ടമരങ്ങളാണ് മത്സ്യബന്ധനത്തിന് പോകാനാകാതെ കരയിൽ കയറ്റി വച്ചിരിക്കുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ ഫൈബർ കട്ട മരങ്ങളും മറ്റും കടലിലേക്ക് ഇറക്കുന്നത് ജാഗ്രതയോടെ വേണമെന്ന് കലക്ടർ നിർദേശം നൽകിയിരുന്നു. പരവൂർ പൊഴിക്കര, ചില്ലയ്ക്കൽ, മയ്യനാട് മുക്കം, ഇരവിപുരം ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. സാധാരണ ട്രോളിങ് നിരോധന കാലത്ത് മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ് കുട്ടികളുടെ വിദ്യാഭ്യാസവും ബാങ്ക് വായ്പകളും അടച്ചു തീർക്കുന്നത്. ഇത്തവണ നിരോധനകാലത്ത് കടലാക്രമണം തുടങ്ങിയതോടെ മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്തായി. ദുരിതം അനുഭവിക്കുന്നവർക്ക് സൗജന്യറേഷനും ധനസഹായവും അനുവദിക്കുവാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല സെക്രട്ടറി റാഫേൽ കുര്യൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.