കാക്കതോപ്പ് ഭാഗത്ത് സംരക്ഷണഭിത്തി നിർമാണത്തിനിടെ തകർന്ന ഭാഗം
ഇരവിപുരം: കടൽ കയറ്റത്തെ തുടർന്ന് തീരദേശ റോഡ് തകർന്ന ഇരവിപുരത്ത് ആധുനിക രീതിയിൽ സംരക്ഷണഭിത്തി നിർമിച്ചു തുടങ്ങി. നിർമാണത്തിനിടെ കാക്കതോപ്പ് ഭാഗത്ത് ഒരിടത്ത് റോഡിന്റെ ഒരു ഭാഗം തകർന്നു വീണു. ഗ്യാബിയോൺ മാതൃകയിലാണ് ഇവിടെ സംരക്ഷണഭിത്തി നിർമിക്കുന്നത്. ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ച ശേഷം അതിന് ചുറ്റും ഇരുമ്പ് വലയിട്ട് പാറ നിറച്ചാണ് സംരക്ഷണഭിത്തി നിർമാണം.
എട്ട് മീറ്റർ വീതിയുള്ള റോഡിൽ നടപ്പാതയും ഉണ്ടാകും. റോഡ് തകർന്ന ഭാഗത്ത് അടിയന്തര നിർമാണ പ്രവർത്തനം ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങി. കൊണ്ടോയത്ത് പാലം മുതൽ ഇരവിപുരം വരെയുള്ള രണ്ടര കിലോമീറ്റർ ദൂരത്തിൽ നിലവിൽ റോഡ് തകർന്നിട്ടുള്ള ഭാഗങ്ങളിലാണ് ആധുനിക രീതിയിൽ സംരക്ഷണഭിത്തി നിർമിക്കുന്നത്. സംരക്ഷണഭിത്തി നിർമാണത്തിനായി കടലിൽ കുഴിയെടുത്തപ്പോഴാണ് ഒരു ഭാഗത്ത് റോഡ് ഇടിഞ്ഞു താഴ്ന്നത്. മൂന്നു കോടി രൂപ ചെലവിലാണ് ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ മേൽനോട്ടത്തിൽ റോഡിന്റെ സംരക്ഷണഭിത്തി നിർമാണം നടക്കുന്നത്.
തകർന്ന തീരദേശ റോഡ് പുനർനിർമിക്കണമെന്നത് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഏറെ നാളത്തെ ആവശ്യമായിരുന്നു. കൊല്ലം-ഇരവിപുരം തീരദേശ പാതയിൽ വേളാങ്കണ്ണി കുരിശടി, ഗാർഫിൽ നഗർ, കാക്കതോപ്പ് എന്നിവിടങ്ങളിലാണ് റോഡ് തകർന്നു കിടന്നത്. പരവൂർ നിയോജക മണ്ഡലത്തിലെ മുക്കം മുതൽ പൊഴിക്കര വരെയുള്ള തീരദേശ റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.