കൊല്ലം: കണ്ണിന്റെ ചലനങ്ങൾ നിരീക്ഷിച്ച് ആശയവിനിമയം സാധ്യമാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ഗവേഷകർ. നേത്രവാദ് എന്ന് പേരിട്ട ഉപകരണം തയാറാക്കിയത് കാമ്പസിലെ ഹ്യൂമാനിറ്റേറിയൻ ടെക്നോളജി ലാബ്സിലെ (ഹട്ട് ലാബ്സ്) ഡോ. രാജേഷ് കണ്ണൻ മേഘലിംഗത്തിന്റെ നേതൃത്വത്തിലാണ്. ശരീരം തളർന്നവർക്കും സംസാര വൈകല്യങ്ങളുള്ളവർക്കും കണ്ണിന്റെ ചലനങ്ങൾകൊണ്ട് ആശയവിനിമയം സാധ്യമാകും വിധത്തിലാണ് ഇതിന്റെ പ്രവർത്തനം. ഈ ഉപകരണം കണ്ണുകളുടെ ചലനം നിരീക്ഷിച്ച് അത് വാക്കുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്.
കണ്ണിന്റെ ചലനം വിശകലനം ചെയ്ത് വാക്കുകളാക്കി സ്ക്രീനിൽ കാണിക്കുകയും സ്പീക്കറിലൂടെ പുറത്തുപറയുകയും ചെയ്യുന്ന എ.ഐ ആൽഗോരിതമാണ് ഉപകരണത്തിന്റെ പ്രധാന ഭാഗം. ഭാരം കുറഞ്ഞതും ഉപയോക്തൃസൗഹൃദവുമായ ഡിസൈനിൽ നിർമിച്ച ഉപകരണം ഇരിക്കുമ്പോഴും കിടക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ഉപയോഗിക്കാം. കാമറ, മോണിറ്റർ, സ്പീക്കർ, കൺട്രോൾ പാനൽ, ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ബാറ്ററി എന്നിവയടങ്ങുന്നതാണ് ഉപകരണം. നിലവിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ മാത്രം ലഭ്യമാകുന്ന ഉപകരണം ഉടൻ മറ്റു പ്രാദേശിക ഭാഷകളിലും ലഭ്യമാകും. അമൃത വിശ്വവിദ്യാപീഠം ഹട്ട് ലാബ്സിന്റെ നേതൃത്വത്തിലുള്ള ഈ സ്റ്റാർട്ടപ് കമ്പനി ആരോഗ്യരംഗത്തെ റോബോട്ടിക്സ് മേഖലയിലാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.