അഞ്ചാലുംമൂട്: തൃക്കരുവയിൽനിന്ന് 32 ചാക്ക് റേഷനരി സിവിൽ സപ്ലൈസ് അധികൃതർ പിടികൂടി. തൃക്കരുവ സ്വദേശി സുനീറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽനിന്നാണ് പ്ലാസ്റ്റിക് ചാക്കിൽ നിറച്ച നിലയിൽ അരി കണ്ടെത്തിയത്.
പണി നടക്കുന്ന കെട്ടിടത്തിനുള്ളിലും അരി സൂക്ഷിക്കാൻ പ്രത്യേകം നിർമിച്ച ഭൂഗർഭ അറയിലുമായിട്ടായിരുന്നു അരി. കെട്ടിടത്തിൽനിന്ന് ലോറിയിലേക്ക് അരി കയറ്റുന്നതിനായി പ്രത്യേക സജ്ജീകരണങ്ങൾ ക്രമീകരിച്ചിരുന്നതായി സിവിൽ സപ്ലൈസ് അധികൃതർ പറഞ്ഞു.
ഇവിടേക്ക് ഓട്ടോയിലും കാറിലുമാണ് വിവിധയിടങ്ങളിൽനിന്ന് റേഷനരി എത്തിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ല സപ്ലൈ ഓഫിസർ മോഹൻകുമാർ റേഷനിങ് ഇൻസ്പെക്ടർ റിഞ്ചു, സിന്ധു എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ശനിയാഴ്ച കലക്ടർക്ക് കൈമാറുമെന്നും തുടർ നടപടികൾ കലക്ടർ തീരുമാനിക്കുമെന്നും ജില്ല സപ്ലൈ ഓഫിസർ പറഞ്ഞു. കഴിഞ്ഞയാഴ്ചയും ഇത്തരത്തിൽ തൃക്കരുവയിൽ പരിശോധനക്കിറങ്ങിയെങ്കിലും റെയ്ഡ് വിവരം ചോർന്നതിനാൽ റേഷനരി കടത്ത് കണ്ടെത്താനായിരുന്നില്ല.
ഇതിനാൽ വെള്ളിയാഴ്ച ജില്ല സപ്ലൈ ഓഫിസർ നേരിട്ടാണ് പരിശോധന നടത്തിയത്.
പരിശോധന വിവരങ്ങൾ ചോർന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.