ദ​ക്ഷി​ണ റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​മാ​യി ചേ​ർ​ന്ന്​ കൊ​ല്ലം

റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​​ളെ സം​ഘ​ടി​പ്പി​ച്ച്​ ന​ട​ത്തി​യ മോ​ക്ഡ്രി​ൽ


യാത്രക്കാരെ ഞെട്ടിച്ച് റെയിൽവേയുടെ മോക് ഡ്രിൽ

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരെ ഉൾപ്പെടെയുള്ളവരെ ഞെട്ടിച്ച് റെയിൽവേയുടെ മോക് ഡ്രിൽ. അപകടമുഖത്തെ രക്ഷാപ്രവർത്തനം വിലയിരുത്താനും തടസ്സമില്ലാത്ത രക്ഷാ ഏകോപനം കൃത്യമായി സാധ്യമാക്കാൻ വിവിധ വകുപ്പുകൾ എത്രത്തോളം സജ്ജമാണെന്നു പരിശോധിക്കാനുമായിരുന്നു ദക്ഷിണ റെയിൽവേയുടെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ട്മെന്‍റുകളെ ഉൾപ്പെടുത്തി മോക്ഡിൽ സംഘടിപ്പിച്ചത്.

കൊല്ലം റെയിൽവേ സ്റ്റേഷന്‍റെ രണ്ടാം കവാടത്തിനടുത്തുള്ള അഞ്ചാമത്തെ പ്ലാറ്റ് ഫോമിന് സമീപമായാണ് മോക് ഡ്രിൽ നടന്നത്. രാവിലെ 8.40 ഓടെ ആദ്യ അപകട അലാറം മുഴങ്ങിയതോടെ എമർജൻസി സംഘം സജീവമായി. യഥാർഥ അപകടം നടന്നതായി തോന്നിച്ച രീതിയിൽ ഒരുക്കിയ പരിശീലനം യാത്രക്കാരെ ഉൾപ്പെടെ പലരെയും ആദ്യ നിമിഷങ്ങളിൽ ഞെട്ടിച്ചിരുന്നു. ഒരു ട്രെയിൻ ബോഗി മറിഞ്ഞ നിലയിലും മറ്റൊന്ന് പാളം തെറ്റിയ നിലയിലുമായിരുന്നു സന്നാഹം. സയറൺ മുഴങ്ങിയത്തിനെത്തുടർന്ന് വിവരം തിരുവനന്തപുരത്തെ റെയിൽവേ കൺട്രോൾ റൂമിൽ എത്തിക്കുകയും തുടർന്ന് എൻ.ഡി.ആർ.എഫ്, ഫയർ ആൻഡ് റെസ്ക്യൂ, പൊലീസ്, മെഡിക്കൽ വിഭാഗങ്ങൾ, സിവിൽ ഡിഫൻസ്, റവന്യൂ വകുപ്പ് തുടങ്ങി വിവിധ ഏജൻസികൾക്ക് വിവരം കൈമാറുകയും ചെയ്തു.

എൻ.ഡി.ആർ.എഫ് ഡെപ്യൂട്ടി കമാൻഡന്റ് സാകേത് ഗെയിക്വാർഡിന്റെയും ഇൻസ്പെക്ടർ പ്രശാന്തിന്റെയും നേതൃത്വത്തിലുള്ള സംഘം മറിഞ്ഞ കോച്ചുകൾ കട്ടറുകൾ ഉപയോഗിച്ച് തുറന്ന് പരിക്കേറ്റവരെ പുറത്തെടുത്ത് ആംബുലൻസുകളിൽ ജില്ല ആശുപത്രിയിലെത്തിച്ചു. അഗ്നിരക്ഷാസേനയിലെ ചാമക്കട സ്റ്റേഷൻ ഓഫിസർ ഡി. ഉല്ലാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും രക്ഷാപ്രവർത്തനത്തിൽ സജീവമായി. പാളം തെറ്റൽ, തീപിടിത്തം, യാത്രക്കാരെ ഒഴിപ്പിക്കൽ, പരിക്കേറ്റവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റൽ, അടിയന്തര വിവരവിനിമയ ശൃംഖലകൾ സജ്ജമാക്കൽ, ക്രെയിൻ സഹായത്തോടെ കോച്ചുകൾ പാളത്തിൽ കയറ്റൽ തുടങ്ങി ഒന്നിലധികം സാഹചര്യങ്ങൾ സൃഷ്ടിച്ച് പരിശീലനം നടന്നു.

കൊല്ലം ജങ്ഷൻ യാർഡിൽ വിവിധ വകുപ്പുകൾ, ഓപറേറ്റിങ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ, കമേഴ്സ്യൽ, ആർ.പി.എഫ്, മെഡിക്കൽ വിഭാഗങ്ങൾ ഏകോപിതമായി പ്രവർത്തിച്ചു. ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകർ അപകടസ്ഥലത്ത് എത്തി പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. എ.ഡി.ആർ.എം എം.ആർ. വിജിയുടെ നേതൃത്വത്തിലാണ് ദുരന്തനിവാരണ കേന്ദ്രം പ്രവർത്തിച്ചത്.

തുടർന്ന് ദക്ഷിണ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫിസർ ലളിത്കുമാർ മൻസുഖാനിയുടെ അവലോകന യോഗത്തിൽ പരിശീലനത്തിലെ പ്രകടനം വിലയിരുത്തുകയും സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജിയേഴ്സ് കൂടുതൽ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളും മുന്നോട്ടുവെച്ചു. ദക്ഷിണ റെയിൽവേ ഉയർന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം സമഗ്ര പരിശീലനങ്ങൾ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള കഴിവും ഏകോപനവും ഉറപ്പാക്കുന്നതിൽ നിർണായകമാണെന്നും ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ സെന്തമിൽ സെൽവൻ അറിയിച്ചു.

Tags:    
News Summary - Railway's mock drill shocks passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.