പുനലൂർ പട്ടണത്തിലെ ജി.എൽ.പി.എസിനോട് ചേർന്നുള്ള അപകടഭീഷണിയിലുള്ള മതിൽക്കെട്ട്
പുനലൂർ: പുനലൂർ പട്ടണമധ്യത്തിലുള്ള ജി.എൽ.പി സ്കൂളിന് അപകടഭീഷണിയായി കാലപ്പഴക്കമുള്ള വൻമതിൽ. ഇതിനകം രണ്ടുതവണ മതിൽദുരന്തം ഉണ്ടായി മനുഷ്യജീവനുകൾ നഷ്ടപ്പെട്ട പുനലൂരിൽ സ്കൂളിനോട് ചേർന്ന് തകർച്ചയിലുള്ള വലിയ മതിലും ആശങ്കയുയർത്തുന്നു. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ അപകടാവസ്ഥയിലുള്ള മതിൽ അറ്റകുറ്റപ്പണിക്കോ മതിലിലെ കാടുനീക്കി പാമ്പുകളുടെ താവളമായ ദ്വാരങ്ങൾ അടക്കാനോ അധികൃതർ തയാറായിട്ടില്ല.
പുനലൂർ വനം ഡിവിഷൻ ഓഫിസുകളുടെയും ക്വാർട്ടേഴ്സിന്റെയും സംരക്ഷണത്തിലുള്ള ചുറ്റുമതിലാണ് ഏതുസമയത്തും സ്കൂൾ കെട്ടിടത്തിന്‍റെ മുകളിലേക്ക് തകർന്നുവീഴാവുന്ന അവസ്ഥയിലുള്ളത്. ഈ ഓഫിസ് വളപ്പ് സ്കൂൾ വളപ്പിൽ നിന്ന് ഉയർന്ന ഭാഗത്താണ്. സ്കൂളിനോട് ചേർന്നുതന്നെ ബി.ആർ.സി ഓഫിസും നഗരസഭ കാര്യാലയവും ഉണ്ട്. ഈ ഓഫിസിലുള്ള അധികൃതരുടെ കൺമുന്നിലാണ് മതിൽ അപകടാവസ്ഥയിലുള്ളത്. ഓടിട്ട സ്കൂൾ കെട്ടിടത്തിന്‍റെ പിൻഭാഗത്ത് ശുചിമുറികളോട് ചേർന്ന് 15 അടിയോളം ഉയരത്തിലും അമ്പത് മീറ്ററോളം നീളത്തിലുമാണ് മതിൽക്കെട്ടുള്ളത്.
മതിലിൽ വളർന്ന പാഴ് ചെടികൾ കൂടാതെ ഡി.എഫ് ഓഫിസ് വളപ്പിലെ മരങ്ങളും വളർന്ന് മതിലിന് മൂകളിലൂടെ സ്കൂൾവളപ്പിലേക്ക് ചാഞ്ഞുനിൽക്കുകയാണ്. ഇതിലേതെങ്കിലും മരങ്ങൾ പിഴുതോ ഒടിഞ്ഞോ വീണാൽ മതിലും തകർത്ത് സ്കൂൾ കെട്ടിടത്തിന്‍റെ മുകളിലേക്ക് പതിക്കും. കൂടാതെ മതിലിന്‍റെ പല ഭാഗവും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ശക്തമായ മഴയിൽ ഡി.എഫ്.ഓഫിസിൽ വളപ്പിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകിയെത്തിയാൽ മതിലിന്‍റെ തകർച്ചക്ക് ഇടയാക്കും. മതിൽ ഭീഷണി സ്കൂൾ അധികൃതരും രക്ഷിതാക്കളും നഗരസഭ അധികൃതരെ ഉൾപ്പെടെ പലതവണ അറിയിച്ചിട്ടും സുരക്ഷിതത്വം ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. സുരക്ഷിതമല്ലാത്ത സ്കൂൾ വളപ്പിലേക്ക് ആശങ്കയോടെയാണ് രക്ഷിതാക്കൾ കുട്ടികളെ വിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.