പ്രസിഡൻറ്സ് ട്രോഫി വള്ളംകളിയിൽ വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ (വലത്തെയറ്റം) ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
കൊല്ലം: ചാമ്പ്യൻസ് ബോട്ട് ലീഗിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പി.ബി.സി) തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ വിജയിയായി. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ അവസാന മത്സരമായ പ്രസിഡന്റ്സ് ട്രോഫിയിൽ വില്ലേജ് ബോട്ട് ക്ലബ് (വി.ബി.സി) തുഴഞ്ഞ വീയപുരം ചുണ്ടനും വിജയക്കൊടി പാറിച്ചു. കലാശപ്പോരിൽ വീയപുരത്തിന് ഫിനിഷിങ് പോയന്റിലേക്ക് എത്താൻ 3.53.85 മിനിറ്റാണ് വേണ്ടിവന്നത്. കാരിച്ചാൽ ചുണ്ടനായിരുന്നു രണ്ടാംസ്ഥാനം (3.55.14), നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ (3.55.62) മൂന്നാമതെത്തി.
അഷ്ടമുടിയിലെ 1100 മീറ്റർ ട്രാക്കിൽ ഓരോ ഇഞ്ചിലും ആവേശം നിറച്ചായിരുന്നു മത്സരം. മൈക്രോ സെക്കൻഡുകൾ പോലും വിലപിടിച്ചതായ പോരാട്ടം അഷ്ടമുടിയുടെ ഓളങ്ങളെ തീപിടിപ്പിച്ചു. ഹീറ്റ്സ് മുതൽ ആവേശവും ആകാംക്ഷയും നിറച്ച പോരാട്ടമാണ് നടന്നത്. അഷ്ടമുടിക്കായലിനെ കോരിത്തരിപ്പിച്ച് നടന്ന മത്സരത്തിൽ ലീഗിലെ അവസാനമത്സരം വി.ബി.സി സ്വന്തമാക്കിയെങ്കിലും ഇതുവരെയുള്ള മത്സരങ്ങളിലെ ഒരുപോയന്റ് വ്യത്യാസത്തിലാണ് പി.ബി.സി ലീഗ് ചാമ്പ്യരായത്.
സി.ബി.എൽ നാലാം സീസണിൽ കീരിടം നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽചുണ്ടൻ ട്രോഫിയുമായി
പട്ടികയിൽ ഒന്നാമതെത്തിയ ഇവർക്ക് 58 പോയന്റാണ് സമ്പാദ്യം. കനത്ത വെല്ലുവിളി ഉയർത്തിയ വി.ബി.സിക്ക് 57 പോയന്റും ലഭിച്ചു. 48 പോയന്റുമായി നിരണംബോട്ട് ക്ലബിനാണ് മൂന്നാംസ്ഥാനം. ലീഗ് മത്സരങ്ങളിൽ പാണ്ടനാടും കൊല്ലത്തും മാത്രമാണ് പി.ബി.സി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അവസാന ലീഗ് പോരാട്ടത്തിൽ രണ്ടാംസ്ഥാനത്തിലൂടെ ഒമ്പതുപോയന്റ് പോക്കറ്റിലാക്കിയാണ് പി.ബി.സി നാലാം കീരിടം സ്വന്തമാക്കിയത്.
തുടർച്ചായ അഞ്ചാംവർഷം ഉൾപ്പെടെ 16 തവണ നെഹ്റുട്രോഫി സ്വന്തമാക്കിയശേഷമുള്ള സി.ബി.എൽ കീരിടനേട്ടവും ആരാധകരെ ആഘോഷത്തിമിർപ്പിലാക്കി. കഴിഞ്ഞ സീസണിൽ നെഹ്റുട്രോഫിയും ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫിയും നേടിയ വീയപുരം ചുണ്ടന് ഇത്തവണ പ്രസിഡന്റ്സ് ട്രോഫി വിജയത്തിൽ തൃപ്തിപ്പെടേണ്ടിവന്നു.
2019ലാണ് പ്രവാസി കൂട്ടായ്മയുടെയും കരക്കാരുടെയും നേതൃത്വത്തിൽ വീയപുരം കരക്കായി ചുണ്ടൻവള്ളം നിർമിച്ചത്. വയനാട് ദുരന്തപശ്ചാത്തലത്തിൽ മാറ്റിവെച്ച ഇത്തവണത്തെ നെഹ്റുട്രോഫിയിൽ കാരിച്ചാലും വീയപുരവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഫൈനലിൽ 0.005 സെക്കൻഡ് വ്യത്യാസത്തിൽ പിന്തള്ളിയാണ് പി.ബി.സിയുടെ കരുത്തിൽ കാരിച്ചാൽ നെഹ്റുട്രോഫിയിൽ മുത്തമിട്ടത്.
രണ്ടാംസ്ഥാനത്ത് എത്തിയ വീയപുരം ചുണ്ടന്റെ പരാതിയിൽ ആലപ്പുഴ കലക്ടറുടെ നേതൃത്വത്തിലുള്ള ജൂറി ഓഫ് അപ്പീൽ കമ്മിറ്റി വിശദപരിശോധന നടത്തി കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെ ഹൈകോടതിയിൽ കേസ് നിലനിൽക്കെയാണ് പ്രധാന എതിരാളയായ പി.ബി.സിയെ കൊല്ലത്തെ മത്സരത്തിൽ സെക്കൻഡിന്റെ വ്യത്യാസത്തിൽ തോൽപിച്ചത്.
നെഹ്റുട്രോഫിയിൽ 2018 മുതൽ 2024 വരെയാണ് പി.ബി.സിയുടെ തുടർച്ചയായ കിരീട നേട്ടം. 2020, 2021 വർഷങ്ങളിൽ വള്ളംകളി നടന്നില്ല. 1988, 1998 വർഷങ്ങളിലും ട്രോഫി നേടി. ഇത്തവണ കാരിച്ചാലിലൂടെ വിജയംനേടിയപ്പോൾ ഏറ്റവും കൂടുതൽ തവണ വെള്ളിക്കപ്പ് മുത്തമിട്ട ചുണ്ടെനന്ന റെക്കോഡും പിറന്നു. 1971ൽ ആലപ്പുഴ നഗരസഭയുടെ മൂന്ന് വാർഡുകളുടെയും പള്ളാത്തുരുത്തി പാലം മുതൽ വേമ്പനാട് കായൽ വരെ ഇരുകരകളിലായി താമസിക്കുന്നവരുടെയും കൂട്ടായ്മയിൽ പിറന്നതാണ് പി.ബി.സി എന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്. പ്രസിഡന്റ് വി. ജയപ്രസാദ്, സെക്രട്ടറി എ. സുനീർ, ട്രഷറർ വിവേകാനന്ദൻ അമ്പാടി, ക്യാപ്റ്റൻ അലൻ മൂന്നുതൈക്കൽ, എയ്ഡൻ മൂന്നുതൈക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണത്തെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.