അമ്മക്കരുതലിൽ ആദ്യ മീറ്റിൽ സ്വർണം നേടി അനശ്വര
കൊല്ലം: സ്പോർട്സിൽ മകൾ ദൂരങ്ങൾ താണ്ടണം എന്ന സ്വപ്നത്തിനായി വീടിന്റെ തൊട്ടടുത്ത ജോലി സ്ഥലത്തുനിന്ന് 15 കിലോമീറ്റർ അകലേക്ക് ട്രാൻസ്ഫർ വാങ്ങി പോയി അമ്മ. തനിക്കായി ദിവസവും കിലോമീറ്ററുകൾ താണ്ടുന്ന അമ്മയുടെ കരുതലിന് സ്വർണം തിരികെ നൽകി മകളും. പൂതക്കുളം ജി.എച്ച്.എസ്.എസിന്റെ അനശ്വര പ്രവീൺ അണ്ടർ 14 പെൺകുട്ടികളുടെ 600 മീറ്ററിൽ ആണ് സ്വർണം നേടി മാതാപിതാക്കളുടെയും തന്റെയും സ്വപ്നം കൈപ്പിടിയിലാക്കിയത്. മുമ്പ് സ്കൂൾ കായികമേളകളിൽ മത്സരിച്ചപ്പോഴൊന്നും മെഡൽ വരാത്തതിന്റെ നിരാശയിൽ കൊല്ലം കൂട്ടിക്കടയിലെ വീടിന് അടുത്തുള്ള സ്കൂൾ മാറി പരവൂർ പൂതക്കുളം സ്കൂളിൽ ചേർന്നതാണ് അനശ്വര.
മകളെ ദിവസവും കൊണ്ടുപോകാനായി കൊല്ലത്ത് ഡി.ഡി.ഇ ഓഫിസിൽ ജോലി ചെയ്തിരുന്ന അമ്മ സംഗീത ചാത്തന്നൂരിലെ എ.ഇ ഓഫിസിലേക്ക് ട്രാൻസ്ഫർ വാങ്ങി. അവധി ആയാൽ പോലും ഒരു ദിവസം പോലും മുടങ്ങാതെ അമ്മ മകളുമായി സ്കൂളിലെത്തി. സ്കൂളിലെ കായികപരിശീലകനായ നിഹാസിന്റെ മേൽനോട്ടത്തിൽ നടത്തിവന്ന പരിശീലനത്തിനൊടുവിൽ ഇത്തവണ ഇറങ്ങിയ ആദ്യ മീറ്റിൽ തന്നെ ജീവിതത്തിലെ ആദ്യ മെഡൽ, അതും സ്വർണം നേടിയ സന്തോഷത്തിലാണ് അനശ്വര. ഒപ്പം കൂട്ടുകാരി ആർ.ബി. മാളവിക വെള്ളിയും നേടിയത് ആഹ്ലാദം ഇരട്ടിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.