കൊല്ലം: ദേശീയപാതയിലെ കൊട്ടിയം, ചാത്തന്നൂര്‍, പാരിപ്പള്ളി എന്നീ പ്രധാന ജങ്ഷനുകളില്‍ പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാകും വിധം തൂണുകളിൽ തീര്‍ത്ത മേല്‍പ്പാലത്തിന് സാധ്യത തെളിയുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ അന്തിമഘട്ടത്തിലാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു.
നിലവിലെ രൂപകല്‍പ്പന പ്രകാരം കൊട്ടിയത്ത് മൂന്ന് സ്പാനുകളും പാരിപ്പള്ളിയില്‍ രണ്ട് സ്പാനുകളും ചാത്തന്നൂരില്‍ ഒരു സ്പാനും ഉള്ള മേൽപ്പാലമാണ് നിര്‍ദേശിച്ചിട്ടുള്ളത്. പില്ലറുകള്‍ നിര്‍മ്മിച്ച് സ്പാനുകളുടെ എണ്ണം വർധിപ്പിക്കാനാണ് പുതിയ നിര്‍ദ്ദേശം. എലിവേറ്റഡ് ഫ്ലൈ ഓവര്‍ നിര്‍മിക്കണമെന്ന എന്‍.കെ. പ്രേമചന്ദ്രന് എം.പി യുടെ ആവശ്യത്തെ തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദ്ദേശം ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിച്ചിട്ടുള്ളത്.
നിലവിലെ രൂപകൽപനയില് ഉള്പ്പെടുത്തിയിട്ടുള്ളതിനേക്കാള് കൂടുതല്‍ സ്പാനുകള്‍ പില്ലറില്‍ നിര്‍മിക്കാനാണ് സാധ്യത തെളിയുന്നത്. ദേശീയപാത അതോറിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്ന പുതിയ നിർദേശങ്ങള്‍ വൈകാതെ പരിഗണിക്കപ്പെടുമെന്നാണ് സൂചന. മേല്‍പ്പാലം പൂര്‍ണ്ണമായും പില്ലറുകളില്‍ വേണമെന്ന ആവശ്യം വ്യാപകമാണ്. വിവിധ സംഘടനകൾ ഈ ആവശ്യം ഉന്നയിച്ച് ഇതിനകം രംഗത്തുവരികയും ചെയ്തിട്ടുണ്ട്.
പാരിപ്പള്ളിയില്‍ നിന്നും വര്‍ക്കല ശിവഗിരിയിലേക്ക് തിരിയുന്ന മുക്കട ജങ്ഷനില്‍ അടിപ്പാത നിർമിക്കുന്നതിനുള്ള പുതിയ നിർദേശവും അതോറിറ്റിയുടെ പരിഗണനക്കായി ശിപാര്‍ശ ചെയ്തിട്ടുണ്ട്. അയത്തിലും സമാനമായ തരത്തില്‍ പില്ലറിന്മേലുള്ള മേല്‍പ്പാലം നിർമിക്കണമെന്നുള്ള ആവശ്യം ദേശീയപാത അതോറിറ്റിയുടെ പരിഗണനയിലാണ്.
അതേസമയം സെന്‍ട്രല്‍ റോഡ് ഫണ്ട് ഉപയോഗിച്ച് പുനര്‍നിര്‍മിക്കുന്ന പാരിപ്പളളി, പരവൂര്‍, ചാത്തന്നൂര്‍ റോഡിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരന് സെലക്ഷന് നോട്ടീസ് നല്‍കിയിട്ടുണ്ട്. 19 കോടിയോളം രൂപക്കാണ് ടെണ്ടർ നൽകിയിട്ടുള്ളത്. നിര്‍മാണം ആരംഭിക്കുന്ന ദിവസം മുതല്‍ 12 മാസത്തിനകം പണി പൂര്‍ത്തീകരിക്കണമെന്നാണ് വ്യവസ്ഥ.
അത്യാധുനിക രീതിയിലാണ് റോഡ് നിര്‍മാണം നടത്തുക. റോഡിന്റെ ഭാവിയിലെ സുരക്ഷയും റോഡ് സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് കരാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.