അഞ്ചൽ: അഞ്ചൽ ആർ.ഒ ജങ്ഷനിൽ പൊടുന്നനെ നടപ്പാക്കിയ പാർക്കിങ് പരിഷ്കാരം അശാസ്ത്രീയവും ജനദ്രോഹപരമെന്ന് നാട്ടുകാരും വ്യാപാരികളും. വ്യാപാരി പ്രതിനിധികളുമായോ ജനപ്രതികളുമായോ കൂടിയാലോചിക്കാതെയും മുന്നറിയിപ്പോ മാധ്യമവാർത്തകളോ നൽകാതെയും നടപ്പാക്കിയ പരിഷ്കാരം ഇരുചക്രവാഹന യാത്രികരെയാണ് കൂടുതൽ ബുദ്ധിമുട്ടിപ്പിക്കുന്നത്.
മേഖലയുടെ വിവിധഭാഗങ്ങളിൽനിന്ന് ഇരുചക്രവാഹനങ്ങളിലെത്തുന്ന യാത്രികർ വാഹനം ജങ്ഷനിലെ റോഡരികിൽ പാർക്ക് ചെയ്ത ശേഷമാണ് തൊട്ടടുത്ത വ്യാപാരസ്ഥാപനത്തിൽനിന്ന് സാധനങ്ങൾ വാങ്ങിപ്പോകുന്നത്. എന്നാൽ, ഇപ്പോൾ സാധനങ്ങളും വാങ്ങി തിരികെ വാഹനത്തിനടുത്തെത്തുമ്പോൾ ട്രാഫിക് ലംഘനത്തിന് പിഴയടക്കണമെന്ന പൊലീസിന്റെ നോട്ടീസ് ലഭിക്കുകയാണ്. കച്ചവടത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നതായി വ്യാപാരികളും പരാതിപ്പെടുന്നു.
വാഹനപാർക്കിങ്ങിന് സൗകര്യമൊരുക്കാതെ പെറ്റിയടിക്കുന്നതിനെതിരെ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. പഞ്ചായത്ത് അധികൃതർ വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാണ്. മുൻകാലങ്ങളിലും പലതവണ ഇത്തരത്തിലുള്ള ട്രാഫിക് പരിഷ്കരണം അഞ്ചലിൽ നടത്തിയിരുന്നെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ഇപ്പോഴത്തെ പരിഷ്കരണവും അതേപടിയാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.