മൊബൈൽ മെക്കനൈസ്ഡ് എയറോബിക് കംപോസ്റ്റിങ് യൂനിറ്റ് മാതൃക
കൊല്ലം: പഴയ തുമ്പൂർമുഴി മോഡൽ ജൈവമാലിന്യ സംസ്കരണ യൂനിറ്റ് ആധുനിക മാലിന്യസംസ്കരണ പദ്ധതിക്ക് വഴിമാറുന്നു. കൊല്ലം നഗരത്തിന്റെ ജൈവമാലിന്യ സംസ്കരണ പ്രതിസന്ധിക്ക് പരിഹാരമായി ആധുനിക മൊബൈൽ മെക്കനൈസ്ഡ് എയറോബിക് കംപോസ്റ്റിങ് യൂനിറ്റ് വൈകാതെ യാഥാർഥ്യമാകും. ഇതോടെ ജൈവമാലിന്യ സംസ്കരണം കൂടുതൽ വേഗതയിലും ശാസ്ത്രീയമായും നിർവഹിക്കാനാകും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.
നഗരത്തിൽ പോളയത്തോട്ടിൽ തുമ്പൂർമുഴി പ്ലാന്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് കോർപറേഷന്റെ മേൽനോട്ടത്തിൽ പുതിയ ജൈവമാലിന്യ സംസ്കരണ യൂനിറ്റ് ഉയരുന്നത്. പ്രവർത്തന സൗകര്യാർഥം മാറ്റിസ്ഥാപിക്കാൻ കഴിയുന്ന പോർട്ടബിൾ കണ്ടെയ്നറോടുകൂടിയ കംപോസ്റ്റിങ് യൂനിറ്റാണ് ഇവിടെ സ്ഥാപിക്കുന്നത്. മാസങ്ങൾക്ക് മുന്നേ ഇതിന്റെ കരാർ ധാരണയായിരുന്നു. പുതിയ യൂനിറ്റിന്റെ നിർമാണം പോളയത്തോട്ട് ഏതാനും ആഴ്ചകൾക്ക് മുമ്പ് ആരംഭിച്ചു.
പഴയ തുമ്പൂർമുഴി പ്ലാന്റ് ഇളക്കിമാറ്റിയ സ്ഥലത്ത് ഇതിനായുള്ള സ്റ്റീൽ ചട്ടക്കൂട് സ്ഥാപിച്ചു. എന്നാൽ, തുടർന്നുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുനീക്കുന്നതിന് മഴ തടസ്സമായതോടെ നിർമാണം നിർത്തിവെക്കേണ്ടിവന്നതായും ഉടൻ നിർമാണം പുനരാരംഭിക്കുമെന്നുമാണ് കോർപറേഷൻ അധികൃതർ വ്യക്തമാക്കുന്നത്. എയറോബിക് വിൻഡ്രോ കംപോസ്റ്റിങ് വഴി 30 ദിവസം കൊണ്ട് മാലിന്യം വളമാക്കി മാറ്റാനാകുന്ന യൂനിറ്റ് ആണ് സ്ഥാപിക്കുന്നത്. നിലവിൽ തുമ്പൂർമുഴി പ്ലാന്റിൽ 45 ദിവസമെടുത്താണ് മാലിന്യം വളമാക്കുന്നത്.
തങ്കശ്ശേരിയിൽ സ്ഥാപിച്ച മെക്കനൈസ്ഡ് കംപോസ്റ്റിങ് യൂനിറ്റിന് സമാനമാണ് പോളയത്തോട്ടും ഒരുങ്ങുന്നത്. കോർപറേഷൻ താൽപര്യപത്രം ക്ഷണിച്ചതിന്റെ ഭാഗമായി, തങ്കശ്ശേരിയിൽ യൂനിറ്റ് സ്ഥാപിച്ച ടെക് ഫാം ഇന്ത്യ എന്ന കമ്പനിയാണ് പദ്ധതി സമർപ്പിച്ചത്. തങ്കശ്ശേരിയിലെ സംസ്കരണ യൂനിറ്റിൽ നിന്ന് വ്യത്യസ്തമായി മലിനജലം പുറത്തുവരാത്ത രീതിയിൽ ആണ് പോളയത്തോട്ട് യൂനിറ്റ് ആരംഭിക്കുന്നതിന് ധാരണയായത്.
ആധുനിക രീതിയിൽ ചുറ്റും മറച്ച 15 അടി നീളവും 6.5 അടി വീതിയും എട്ട് അടി ഉയരവുമുള്ള ശീതീകരിച്ച പോർട്ടബിൾ കണ്ടെയ്നർ കാബിനുകളും അതിനുള്ളിൽ ജൈവമാലിന്യം സംസ്കരിക്കുന്ന യന്ത്രവും ആണ് യൂനിറ്റിന്റെ ഭാഗമായി സ്ഥാപിക്കുന്നത്. മാലിന്യ സംസ്കരണ യന്ത്രത്തിന് എട്ടര അടി നീളവും രണ്ട് അടി വീതിയും നാല് അടി ഉയരവും ആണ് ഉള്ളത്. മാലിന്യം സംസ്കരിക്കുമ്പോൾ ദുർഗന്ധമോ മലിനജലമോ പുറത്തേക്ക് വരില്ല എന്നതാണ് 20 ടൺ കപ്പാസിറ്റിയുള്ള ഈ ആധുനിക യൂനിറ്റിന്റെ സവിശേഷത. 24 മണിക്കൂറും ജീവനക്കാർ ഉണ്ടാകും. കമ്പനി ഡിസൈൻ ചെയ്ത് നിർമിച്ച്, പ്രവർത്തിപ്പിക്കുന്ന രീതിയിൽ ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സുരക്ഷ കാമറ, സുരക്ഷ അലാം എന്നിവ സ്ഥാപിക്കും.
വേർതിരിച്ച് എത്തിക്കുന്ന ജൈവമാലിന്യമാണ് ഈ യൂനിറ്റിൽ സംസ്കരിക്കുന്നതിന് സ്വീകരിക്കുക. എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീടുകളിൽ ഉൾപ്പെടെ എത്തിയും മാലിന്യം ശേഖരിക്കും. മാലിന്യത്തിന്റെ തൂക്കം അനുസരിച്ച് സർവിസ് ചാർജ് ഈടാക്കും. ഒരുകിലോ മാലിന്യത്തിന് അഞ്ച് രൂപയാണ് ഈടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.