പ്രതീകാത്മക ചിത്രം

പുതുവർഷ സ്​പെഷൽ ഡ്രൈവ്; പിടിവീണത്​ 213 പേർക്ക്

കൊല്ലം: ക്രിസ്മസ്-പുതുവർഷ ആഘോഷക്കാലത്ത് ലഹരിസംഘങ്ങൾക്കെതിരെ എക്സൈസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ കൊല്ലത്ത് പിടിയിലായത് 213 പേർ. മാരക മയക്കുമരുന്ന് വിപണനം, അബ്കാരി കേസുകൾ എന്നിവയിലായാണ് ഡിസംബർ ഒന്ന് മുതൽ ജനുവരി അഞ്ച് വരെ ഇത്രയും പേർ നടപടി നേരിട്ടത്. മദ്യവിപണന സംഭവങ്ങളുമായി ബന്ധപ്പെട്ട അബ്കാരി കേസുകളിൽ ആണ് കൂടുതൽ അറസ്റ്റ് നടന്നത്.

130 പേരാണ് അബ്കാരി വകുപ്പ് പ്രകാരം ഉള്ള കുറ്റങ്ങൾക്ക് അറസ്റ്റിലായത്. ആകെ 173 അബ്കാരി കേസുകളിലായി പ്രതികളായ 180 പേരിൽനിന്നാണ് 130 പേർ വലയിലായത്. 16930 രൂപ പ്രതികളിൽ നിന്ന് കണ്ടെത്തിയതിനൊപ്പം ഒമ്പത് വാഹനങ്ങളും പിടിച്ചെടുത്തു. എൻ.ഡി.പി.എസ് ആക്ട് പ്രകാരം വരുന്ന മയക്കുമരുന്ന് കേസുകളിൽ 83 പ്രതികൾ ആണ് പിടിയിലായത്. 77 കേസുകളാണ് എൻ.ഡി.പി.എസ് ആക്ടിൽ ഈ കാലയളവിൽ മാത്രം രജിസ്റ്റർ ചെയ്തത്. ഒരാൾ ഒഴികെ എല്ലാ പ്രതികളെയും പിടികൂടാൻ കഴിഞ്ഞു. ഏഴ് വാഹനങ്ങളാണ് ഇതിനൊപ്പം പിടികൂടിയത്. 2760 രൂപയും തൊണ്ടിയായി പിടിച്ചു.

ജില്ലയെ രണ്ട് സോണുകളാക്കി തിരിച്ച് നടത്തിയ സ്പെഷൽ ഡ്രൈവിൽ ആകെ 1056 റെയ്ഡുകൾ ആണ് നടത്തിയത്. 45 സംയുക്ത പരിശോധനകളും നടത്തി. 6455 വാഹനങ്ങളാണ് ജില്ലയിലുടനീളം പരിശോധിച്ചത്. പൊതുസ്ഥലങ്ങളിലെ പരിശോധനകളിൽ സ്കൂൾ പരിസരങ്ങൾക്കാണ് കൂടുതൽ ശ്രദ്ധ നൽകിയത്. 230 സ്കൂളുകളുടെ പരിസരങ്ങളിലായി 230 പരിശോധനകളാണ് നടത്തിയത്. റെയിൽവെ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ലേബർ ക്യാമ്പുകൾ, റസിഡന്‍റ്സ് നഗറുകൾ, പാഴ്സൽ സർവിസുകൾ, ലോഡ്ജുകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിങ്ങനെ വിവിധയിടങ്ങളിലും വ്യാപകമായി പരിശോധന നടത്തി.

നിരോധിത പുകയില ഉൽപന്നങ്ങളുടെ കേസുകളാണ് ഏറ്റവും കൂടുതലായി കണ്ടെത്തിയത്. 876 കേസുകളാണ് ഒരൊറ്റ മാസംകൊണ്ട് കോട്പ കേസ് ആയി രജിസ്റ്റർ ചെയ്തത്. ഇവയിലായി 55.97 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. 175200 രൂപയാണ് പിഴയായി പ്രതികളിൽ നിന്ന് ഈടാക്കിയത്. മയക്കുമരുന്ന് കേസുകളിൽ 51.712 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്.

5.157 ഗ്രാം മെത്താഫെറ്റാമിൻ, 7.174 ഗ്രാം ബ്രൗൺ ഷുഗർ, 5.650 ഗ്രാം നെട്രോസെപാം ഗുളികയും പിടികൂടിയവയിലുണ്ട്. കഞ്ചാവ് 7.54 കിലോ ആണ് പിടികൂടിയത്. 533.455 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും പിടിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച 4.22 ലിറ്റർ മദ്യവും പിടികൂടി. 60.80 ചാരായവും 23.16 വ്യാജ മദ്യവും 431 ലിറ്റർ വാഷും 480.70 ലിറ്റർ അരിഷ്ടവും പിടികൂടിയിട്ടുണ്ട്.

Tags:    
News Summary - New Year's special drive; 213 people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.