ജില്ല പഞ്ചായത്ത് വളപ്പിലെ ഒ.എൻ.വി സ്ക്വയർ
കൊല്ലം: വിശ്രുത വ്യക്തികളുടെ സ്മാരകങ്ങളായി ലക്ഷങ്ങൾ മുടക്കി നിർമിച്ച ഓപൺ സ്റ്റേജുകൾ ഉൾപ്പെടെ ഉപയോഗമില്ലാതെ നശിക്കുന്നത് അനാദരവിന്റെ അടയാളമാകുന്നു. കേരളത്തിന്റെ സാംസ്കാരിക നഭസ്സിൽ കൊല്ലത്തിന്റെ അഭിമാനതാരങ്ങളായ പ്രമുഖരുടെ പേരിൽ പണിത ഓപൺ സ്റ്റേജുകളാണ് കൊല്ലം നഗരത്തിൽ ഏതാനും കിലോമീറ്റർ ചുറ്റളവിൽ അവഗണയേറ്റ് കിടക്കുന്നത്.
ചിന്നക്കടയിൽ കാഥികൻ വി. സാംബശിവൻ സ്ക്വയറും ജില്ല പഞ്ചായത്ത് വളപ്പിൽ ഒ.എൻ.വി സ്ക്വയറും ആളും അനക്കവുമില്ലാതെ പുല്ലുപടർന്ന് നശിക്കുമ്പോൾ ആശ്രാമം ലിങ്ക് റോഡരികിൽ, അഷ്ടമുടി തീരത്ത് കുമാരനാശാന്റെ സ്മാരകമെന്ന പേരിൽ ‘കാലങ്ങളായി’ നിർമാണം നടക്കുകയും നിർമാണം പൂർത്തിയാകുകയും ചെയ്ത ഓപൺ സ്റ്റേജ് ഉദ്ഘാടനം ചെയ്യാൻ ഇനിയും അധികൃതർക്ക് സമയമായിട്ടില്ല.
കുറച്ചപ്പുറം പോയാൽ ആശ്രാമത്ത് ഹെറിറ്റേജ് വാക്വേയുടെ ഭാഗമായി നിർമിച്ച ഓപൺ സ്റ്റേജ് അധികൃതരുടെ അവഗണനയുടെ കൊടിയ ദുരിതം പേറുമ്പോൾ, സാമൂഹിക വിരുദ്ധരുടെ പ്രിയ ഇടമായി മാറിയിരിക്കുകയാണ്.
കൊല്ലം ബോട്ട് ജെട്ടിയിൽനിന്ന് ജീവിതത്തിലെ അവസാന ബോട്ട് യാത്ര തുടങ്ങിയ മഹാകവി കുമാരനാശാന് സ്മാരകമായി പുനർജനി പാർക്കും ഓപൺ എയർ സ്റ്റേജും വരുന്നുവെന്നത് കേൾക്കാനും നിർമാണം കാണാനും തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. 2017ൽ പണം അനുവദിച്ചിട്ട് മൂന്ന് വർഷത്തിനുശേഷം നിർമാണം തുടങ്ങിയ പാർക്ക് ഇന്നും നാടിന് പ്രയോജനപ്പെട്ടിട്ടില്ല.
ലിങ്ക് റോഡിലെ കുമാരനാശൻ ഓപൺ ഓഡിറ്റോറിയം
കുമാരനാശാന്റെ പേരിലുള്ള ഓപൺ എയർ സ്റ്റേജ് നിർമാണം പൂർത്തിയായി പെയിന്റും അടിച്ച് കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ, ഇന്നുവരെ ഉദ്ഘാടനം നടത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. എം. മുകേഷ് എം.എൽ.എയുടെ ശ്രമഫലമായി ടൂറിസം വകുപ്പാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ആശ്രാമം ലിങ്ക് റോഡരികിൽ പാർക്ക് നിർമാണം ആരംഭിച്ചത്. ഉദ്ഘാടനം ഉടനെന്ന് പ്രഖ്യാപിച്ച സമയം കഴിഞ്ഞിട്ട് വർഷമൊന്ന് പിന്നിട്ടിട്ടും പുനർജനി പാർക്കും സ്റ്റേജും അടഞ്ഞുതന്നെ.
ചിന്നക്കട പുതിയ മേൽപാലം നിർമാണത്തോടെ നഗരഹൃദയത്തിൽ ഉപയോഗശൂന്യമായ സ്ഥലത്താണ് കോർപറേഷൻ മലയാളത്തിന്റെ പ്രിയ കാഥികൻ വി. സാംബശിവന് സ്മാരകമായി സാംസ്കാരിക പരിപാടികൾ നടത്താനുതകുന്ന ഓപൺ സ്റ്റേജ് സ്ക്വയർ നിർമിച്ചത്.
കൊല്ലം ചിന്നക്കടയിലെ സാംബശിവൻ സ്ക്വയർ
2017 ഡിസംബർ 13ന് അന്നത്തെ മന്ത്രി എ.കെ. ബാലനാണ് ഉദ്ഘാടനം ചെയ്തത്. വേദിയും മേക്കപ്പ് റൂമും ഗ്രാനൈറ്റ് ബെഞ്ചും എല്ലാം ഒരുക്കിയ സ്ക്വയർ അടച്ചുപൂട്ടിയനിലയിലാണ്. പുല്ലുപടർന്ന് തുടങ്ങിയ സ്ക്വയറിലെ ഗ്രീൻ റൂമിന് പിന്നിൽ കാട്ടുചെടികളും വളരുന്നു. വർഷത്തിൽ ഒരു പരിപാടി നടന്നാലായി എന്നതാണ് സ്ഥിതി. വി. സാംബശിവൻ അനുസ്മരണത്തോടനുബന്ധിച്ച പരിപാടിയും മറ്റൊരു പരിപാടിയും മാത്രമാണ് ഏതാനും മാസങ്ങൾക്കിടയിൽ അവിടെ കാര്യമായി ആളനക്കം ഉണ്ടാക്കിയത്.
അല്ലാത്ത ദിവസങ്ങളിലെല്ലാം പൂട്ടുവീണ സ്ഥിതി. ചിന്നക്കട ബസ് ബേയിൽ റോഡരികിൽ ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് സ്റ്റേജ് കെട്ടി സെമിനാറുകളും സമ്മേളനങ്ങളും ഉൾപ്പെടെ നിരന്തരം നടക്കുമ്പോഴാണ് തൊട്ടപ്പുറത്ത് വി. സാംബശിവൻ സ്ക്വയർ അനാഥമായി കിടക്കുന്നത്.
ജനകീയാസൂത്രണ രജതജൂബിലി ആഘോഷ ഭാഗമായാണ് ജില്ല പഞ്ചായത്ത് അങ്കണത്തിൽ ഒ.എൻ.വി സ്ക്വയർ നിർമിച്ചത്. 2021 ആഗസ്റ്റിലായിരുന്നു ഉദ്ഘാടനം. ഇന്ന് പരിപാടികൾക്ക് ഒന്നിനും വേദിയാകാതെ പുല്ല് കയറിയും പായൽ പിടിച്ചും നശിക്കുകയാണ് മഹാകവിയുടെ പേരിലുള്ള ഈ സ്മാരകം.
വൃത്തിയാക്കാൻ പോയപ്പോൾ മയക്കുമരുന്ന് കുത്തിവെക്കാൻ ഉപയോഗിക്കുന്ന സൂചിയും മറ്റ് അവശിഷ്ടങ്ങളും മദ്യക്കുപ്പികളും നിറഞ്ഞുകിടക്കുന്ന ആശ്രാമം മൈതാനത്തെ ഓപൺ എയർ സ്റ്റേജ് കണ്ടതിനെക്കുറിച്ച് കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ കൗൺസിൽ യോഗത്തിൽ പറഞ്ഞിട്ട് നാളേറെയായി.
കൊല്ലം ആശ്രാമം മൈതാനത്തെ ഓപ്പൺ സ്റ്റേജ്
കൊല്ലം ആശ്രാമം മൈതാനത്തെ ഓപ്പൺ സ്റ്റേജ്ഇന്നും ആ സ്റ്റേജിന്റെ അവസ്ഥക്ക് മാറ്റമില്ല. ആശ്രാമം വാക്വേ പദ്ധതിയുടെ ഭാഗമായി നിർമിച്ച സ്റ്റേജ് സാംസ്കാരിക പരിപാടികൾക്ക് വേദിയായിരുന്നു. എന്നാൽ, ഇന്ന് സാമൂഹിക വിരുദ്ധർ മാത്രമാണ് സന്ദർശകർ. കലക്ടറുടെ കീഴിലുള്ള മൈതാനത്ത് ഡി.ടി.പി.സിയാണ് സ്റ്റേജ് നിർമിച്ചത്.
ഗ്രീൻ റൂം ഉൾപ്പെടെ നശിക്കുകയും കാട് കയറുകയും ചെയ്തിട്ടും ലഹരിസംഘങ്ങളുടെ താവളമായിട്ടും പരിഹാരം കാണാൻ ജില്ല ഭരണകൂടം ഇതുവരെ അനങ്ങിയിട്ടില്ല. സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആശ്രാമം മൈതാനത്ത് പ്രധാന വേദിയൊരുങ്ങുമ്പോൾ, ഒരു വേദിയാക്കി ഉപയോഗിക്കാൻ പറ്റുന്ന സ്റ്റേജാണ് ഇങ്ങനെ നശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.