സ്പെഷല്‍ സമ്മറി റിവിഷന്‍: കരട് വോട്ടർ പട്ടിക അടുത്തമാസം
കൊല്ലം: സ്പെഷല്‍ സമ്മറി റിവിഷന്റെ ഭാഗമായ കരട് വോട്ടര്‍പട്ടിക നവംബര്‍ 12നും അന്തിമ വോട്ടര്‍പട്ടിക 2027 ജനുവരി നാലിനും പ്രസിദ്ധീകരിക്കും. സ്പെഷല്‍ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ കലക്ടര്‍ ആനി ജൂല തോമസാണ് ഇക്കാര്യം പറഞ്ഞത്ത്. സ്പെഷല്‍ സമ്മറി റിവിഷന്‍ 2027ന്റെ ഷെഡ്യൂള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലഭ്യമാക്കിയിട്ടുണ്ടെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് പൂര്‍ണ സഹകരണം ആവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു.
എല്ലാ പോളിങ് സ്റ്റേഷനുകളിലും ബൂത്ത് ലെവല്‍ ഏജന്റുമാരുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പു വരുത്തണം. ഇല്ലെങ്കില്‍ അടിയന്തരമായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കണം. പ്രസിദ്ധീകരണ ശേഷം എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബന്ധപ്പെട്ട ഇ.ആര്.ഒമാര്‍ കരട് വോട്ടര്‍പട്ടിക ലഭ്യമാക്കും. കരട് വോട്ടര്‍ പട്ടികയിന്മേലുള്ള ആക്ഷേപങ്ങള്‍ നവംബര്‍ 12 മുതല്‍ ഡിസംബര്‍ 11 വരെ സമര്‍പ്പിക്കാം. ലഭ്യമാകുന്ന ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബന്ധപ്പെട്ട ഇ.ആര്.ഒമാര്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലഭ്യമാക്കും. ഡിസംബര്‍ 28 നകം ആക്ഷേപങ്ങള്‍ പരിഹരിച്ച് അന്തിമ വോട്ടര്‍പട്ടിക ജനുവരി നാലിന് പ്രസിദ്ധീകരിക്കും.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവിന്റെ ഭാഗമായി 15ന് വില്ലേജ് ഓഫികള് കേന്ദ്രീകരിച്ച് ആരംഭിച്ച ഡിജിറ്റല്‍ ഹെല്പ് ഡെസ്ക് 31 വരെ പ്രവര്‍ത്തിക്കും. 2027 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്ന ആര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഹെല്പ് ഡെസ്കുകള്‍ വഴി അപേക്ഷ നല്‍കാം.
യുവവോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ കോളജ്-ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തലത്തില്‍ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരില്‍ നവംബര്‍ രണ്ട് മുതല്‍ ഏഴ് വരെ എന്റോള്‍മെന്റ് ഡ്രൈവ് നടത്തും. സബ് കലക്ടര്‍ ഡോ. എസ്. മോഹനപ്രിയ, ഇലക്ഷന് ഡെ. കലക്ടര്‍ ഫാത്തിമത് സുമയ്യ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജി. ജയപ്രകാശ്, സിയാദ് ഷനൂര്, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, കൈപ്പുഴ വി. രാംമോഹന്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.