കൊല്ലം: ദേശീയപാത 744 വികസനം ഭാരത് മാല പദ്ധതിയിൽ നിന്ന് മാറ്റി പുതിയ പദ്ധതിയായി അവതരിപ്പിക്കാനൊരുങ്ങുന്നു. പദ്ധതി നടപ്പാക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ തമ്മിൽ ആശയവിനിമയത്തിലും നഷ്ടപരിഹാരം കൊടുക്കുന്നതിലും ഉണ്ടായ അഭിപ്രായ വ്യത്യാസവും അത് പരിഹരിക്കുന്നതിലുണ്ടായ കാലതാമസവുമാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങാൻ കാരണമായത്. നിലവിൽ കടമ്പാട്ടുകോണം - ഇടമണ്‍, ഇടമണ്‍ - ചെങ്കോട്ട, ചെങ്കോട്ട- രാജപാളയം എന്നീ മൂന്ന് റീച്ചുകളും വിതുര നഗര്‍ -മധുര എന്ന പുതിയ റീച്ചുംകൂടി ഉള്‍പ്പെടുത്തി കടമ്പാട്ടുകോണം - മധുര ദേശീയപാത വികസനത്തിന് ഒരു പുതിയ പദ്ധതിയായി അനുമതിനല്‍കി നടപ്പാക്കാനാണ് ദേശീയപാത അതോറിറ്റിയും ദേശീയപാത മന്ത്രാലയവും നടപടി സ്വീകരിച്ചുവരുന്നതെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു.
ദേശീയപാത 744 വികസനം ത്വരിതപ്പെടുത്തുന്നതിനും വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം എത്രയുംപെട്ടെന്ന് നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയപാത മന്ത്രാലയം സെക്രട്ടറി ഉമാശങ്കര്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അംഗം വെങ്കിട്ടരമണന് എന്നിവരുമായി ന്യുഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
കടമ്പാട്ടുകോണം - ഇടമണ്‍, ഇടമണ്‍ - ചെങ്കോട്ട രണ്ട് റീച്ചുകളും ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപടികള്‍ പുരോഗമിച്ചുവരികയായിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടി അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍ ഭൂമിയുടെ നഷ്ടപരിഹാരം 25 ശതമാനം നല്‍കുന്നതിനുളള ബാധ്യതയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ജി.എസ്.ടി, റോയാലിറ്റി ഇളവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി തീരുമാനം കൈക്കൊണ്ടതുമില്ല. പിന്നീട് തീരുമാനം കൈക്കൊണ്ടെങ്കിലും ആ വിവരം ഔദ്യോഗികമായി കേന്ദ്രത്തെ അറിയിച്ചില്ലെന്ന് പ്രേമചന്ദ്രൻ ചൂണ്ടികാട്ടി. ഇതിനിടെ കേന്ദ്ര സര്‍ക്കാറിന്റെ നയവ്യതിയാനം കാരണം ഭാരത് മാല പദ്ധതിയില്‍ നിശ്ചിത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്ത പ്രദേശങ്ങള്‍ പദ്ധതിയില്‍നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചു. ഇനി പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയുവെന്നാണ് സെക്രട്ടറി അറിയിച്ചതെന്ന് എം.പി പറഞ്ഞു.
കേരളത്തിലെ ആദ്യ റീച്ച് ആയ ഇടമണ്‍-ആര്യങ്കാവ് 21 കി.മീ ദൂരം വികസനത്തിന് 60.8 ഹെക്ടര്‍ ഭൂമി ആവശ്യമുണ്ടെന്നും ഉദ്ദേശ ചിലവ് 3740 കോടി രൂപയാണെന്നും തിട്ടപ്പെടുത്തിയിട്ടുണ്ട്.ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന കടമ്പാട്ടുകോണം - തിരുമംഗലം ദേശീയപാതയുടെ വികസനത്തില്‍ കേരളത്തിലെ രണ്ട് റീച്ചുകളും തമിഴ്നാട്ടിലെ രണ്ട് റീച്ചുകളും ഉള്‍പ്പെട്ടതായിരുന്നു. കൊല്ലം-തിരുമംഗലം എന്നത് മാറ്റി ദേശീയപാത 744 കൊല്ലം-മധുരവരെ വികസിപ്പിക്കുന്നതിനാണ് പുതിയ നിര്‍ദ്ദേശം. കേരളത്തിലേയും തമിഴ്നാട്ടിലെയും അവശേഷിക്കുന്ന റോഡ് വികസനവും തിരുമംഗലം-മധുരയുംകൂടി ഉള്‍പ്പെടുത്തി പുതിയ പദ്ധതിയായി അനുമതി നല്‍കുന്നതിനുളള നടപടികളാണ് പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.