കൊല്ലം: ഗൃഹനാഥനെ കാണാതായ സംഭവത്തിൽ ആരോപണ വിധേയരുടെ പരാതിയിൽ മനുഷ്യാവകാശ കമീഷന്റെ ഇടപെടൽ. 2023 ഡിസംബർ 16മുതൽ കാണാതായ അഞ്ചൽ, ചണ്ണപ്പേട്ട സ്വദേശി കലേന്ദ്രനെ കണ്ടെത്തുന്നതിനുള്ള ശ്രമം ഊർജ്ജിതമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ജില്ല പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി നിയമനടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കലേന്ദ്രനെ കാണാതായതുമായി ബന്ധപ്പെട്ട് തന്റെ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കലേന്ദ്രന്റെ ബന്ധുക്കൾ വ്യാജ ആരോപണങ്ങൾ സമൂഹമാധ്യമം വഴിയും പൊലീസിനും നൽകി അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ചണ്ണപ്പേട്ട സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കമീഷൻ ജില്ല പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ ഭർത്താവും ഭർതൃപിതാവും സുഹൃത്തുക്കളുമായി ചേർന്ന് മദ്യപിക്കുകയും കലേന്ദ്രനുമായി അടിപിടി ഉണ്ടാവുകയും ചെയ്തതായി റിപ്പോർട്ടിലുണ്ട്. ഇവർ കലേന്ദ്രനെ കൊലപ്പെടുത്തിയതായി അയാളുടെ ബന്ധുക്കൾ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
കേസ് സ്പെഷൽ ടീം രൂപീകരിച്ച് അന്വേഷിക്കാൻ പുനലൂർ ഡി.വൈ.എസ്.പി ക്ക് നിർദ്ദേശം നൽകിയിരുന്നതായും അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ, അന്വേഷണം മന്ദഗതിയിലാണെന്ന് പരാതിക്കാരി അറിയിച്ചു. തന്റെ ഭർത്താവും സുഹൃത്തുക്കളും കലേന്ദ്രനെ ഉപദ്രവിച്ചിട്ടില്ല. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.