അസീം ഖാൻ
ഇരവിപുരം: എം.ഡി.എം.എ. കടത്തുന്നതിനായി വിമാനത്തിൽപോയി ഡൽഹിയിൽ പണം എത്തിച്ച് കൊടുത്തയാൾ പൊലീസിന്റെ പിടിയിലായി. കൊല്ലൂർവിള നഗർ 124 , അറഫ മൻസിൽ അസീം ഖാൻ (47) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയിൽ മാടൻനടക്കടുത്ത് 90 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ ഉമയനല്ലൂർ സ്വദേശി ഷിജുവിന് എം.ഡി.എം.എ. വാങ്ങുന്നതിനായി പണം എത്തിച്ചു കൊടുത്ത സംഭവത്തിലാണ് ഇയാൾ പിടിയിലായത്.
ഡൽഹിയിൽ നിൽക്കുകയായിരുന്ന ഷിജുവിന് എം.ഡി. എം. എ വാങ്ങുന്നതിന് ആവശ്യമായ ഒരു ലക്ഷം രൂപ കൊല്ലത്തുനിന്ന് വിമാനത്തിൽപോയി ഡൽഹിയിൽ എത്തിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. പൈസ ഏതെങ്കിലും അക്കൗണ്ട് വഴി കൊടുത്താൽ തെളിവാകും എന്നതിനാലാണ് ഇപ്രകാരം പണം വിമാനമാർഗം എത്തിച്ചത്. രണ്ടാം പ്രതിയിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് ഒന്നാംപ്രതി എം.ഡി.എം.എ വാങ്ങി വിമാന മാർഗം തിരുവനന്തപുരത്ത് എത്തി.
അവിടെ നിന്ന് ടാക്സി കാറിൽ മാടൻ നടയിൽ ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്ത ദിവസംതന്നെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന്റെ നിർദ്ദേശപ്രകാരം കൊല്ലം എ.സി.പി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ ഇരവിപുരം സി ഐ ആർ രാജീവ് ,എസ്.ഐമാരായ ജയേഷ് ,രാജ് മോഹൻ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ ഈ കേസിന്റെ അന്വേഷണത്തിന് വേണ്ടി നിയോഗിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ് ചെയ്തത്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എം.ഡി.എം.എയുടെ ഉറവിടം ഉൾപ്പെടെയുള്ളവ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ആർ. രാജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.