കല്ലമ്പലം: വിദേശത്തു നിന്ന് കോടികൾ വിലവരുന്ന എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന കേസിൽ പ്രതികളുടെ സ്വത്തുക്കളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. ലഹരി വ്യാപാരം വഴി മുഖ്യപ്രതി സഞ്ജുവടക്കം വലിയതോതിൽ പണം സമ്പാദിച്ചെന്നാണ് ഇതുവരെ അന്വേഷണത്തിൽ വ്യക്തമായത്.
സഞ്ജു ഉൾപെടെയുള്ളവർ ആഡംബര വീടുകൾ നിർമിച്ച് കൊണ്ടിരിക്കുകയാണ്. കല്ലമ്പലം ഞെക്കാട് രണ്ട് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീടാണ് നിർമിക്കുന്നത്. സഞ്ജുവിന്റെ ബന്ധുവും ആഡംബര വീട് നിർമിക്കുന്നുണ്ട്. ഇതും പൊലീസ് പരിശോധിച്ച് വരുന്നു. വർക്കലയിൽ വസ്ത്രവ്യാപാരശാല സഞ്ജുവിനുണ്ട്. ഇത് ലഹരി വിൽപയിൽ നിന്നുള്ള വരുമാനം വെളുപ്പിക്കുവാനുള്ള മാർഗമാകാമെന്ന് പൊലീസ് കരുതുന്നു.
വലിയതോതിൽ ആഡംബര ജീവിതം നയിച്ചു വരുന്ന മുഖ്യപ്രതികൾ വിവിധ മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയതായും സൂചനയുണ്ട്. ടൂറിസം മേഖലയിൽ റിസോർട്ടുകൾ നിർമിച്ചുവെന്ന വിവരത്തെ തുടർന്ന് വിശദമായ അന്വേഷണം നടത്തി വരികയാണ്. വർക്കലയിൽ സഞ്ജുവിന് റിസോർട്ടുള്ളതായും വിവരം ലഭിച്ചു. മറ്റ് രണ്ട് റിസോർട്ടുകളുമായും സഞ്ജുവിന് ബന്ധമുണ്ടത്രെ. ബിനാമി പേരുകളിലാണ് പല മേഖലയിലും നിക്ഷേപം.
ടൂറിസം മേഖലയിലെ നിക്ഷേപങ്ങൾക്ക് ലഹരി വിൽപന സൗകര്യം എന്ന ലക്ഷ്യം കൂടിയുണ്ട്. സഞ്ജുമായി സൗഹൃദമുള്ള പല വ്യക്തികളും സമാന രീതിയിൽ ആഡംബര ജീവിതം നയിക്കുന്നതയാണ് വിവരം. ഇവരുടെ സാമ്പത്തിക ആസ്തികളും വരുമാനസ്രോതസ്സുകളും പൊലീസ് അന്വേഷിക്കും.
അറസ്റ്റിലായവർ എം.ഡി.എം.എ വിറ്റുണ്ടാക്കിയ ആസ്തികൾ കണ്ടുകെട്ടാനും തീരുമാനിച്ചിട്ടുണ്ട്. എൻ.ഡി.പി.എസ് നിയമത്തിലെ 68 (എഫ്) വകുപ്പ് അനുസരിച്ചാണ് നടപടി. ലഹരി മാഫിയക്ക് എതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിൽ ആസ്തികൾ കണ്ടെടുക്കുവാൻ സംസ്ഥാന തലത്തിൽ പൊലീസ് തീരുമാനിച്ചിരുന്നു. ലഹരി വിൽപനക്കാരുടെ ബിനാമികളായ ബന്ധുക്കളുടെയും സഹായികളുടെയും സ്വത്തും ഈ നിയമപ്രകാരം പിടിച്ചെടുക്കാനാവുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
സഞ്ജുവിന് ചലച്ചിത്ര രംഗത്തെ പ്രമുഖരുമായുള്ള സഹകരണത്തെക്കുറിച്ചും പരിശോധിക്കുന്നുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സമീപകാലത്ത് വിവാദമായ പ്രമുഖ യുവ നടനോടൊപ്പമുള്ള ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരുമായി സഞ്ജുവിന് അടുത്ത ബന്ധമുണ്ടെന്നാണ് കരുതുന്നത്.
രണ്ടുകോടിയിലേറെ രൂപ വിലവരുന്ന എം.ഡി.എം.എ വിദേശത്തുനിന്ന് കടത്തിയ കേസിലെ പ്രതികളെ പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. മാവിന്മൂട് പറകുന്ന് ചരുവിള വീട്ടിൽ സഞ്ജു (41), ചെമ്മരുതി വി.കെ ലാൻഡിൽ നന്ദു (32), ഞെക്കാട് ആർ.എം.പി സദനത്തിൽ പ്രമീൺ (35), ഞെക്കാട് കാണവിള വീട്ടിൽ ഉണ്ണിക്കണ്ണൻ (39) എന്നിവരാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്. ഇവരെ തെളിവെടുപ്പിന് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.