സർവിസ് സെന്ററിൽ കത്തിയ വാഹനങ്ങളിലെ തീ കെടുത്താൻ അഗ്നിരക്ഷാസേന അംഗം വെള്ളമൊഴിക്കുന്നു

വൈദ്യുതി സ്കൂട്ടർ സർവിസ് സെന്ററിൽ വൻ തീപിടിത്തം

ഇരവിപുരം: വൈദ്യുതി സ്കൂട്ടർ വിൽപനശാലയുടെ സർവിസ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ സർവീസിനായി സൂക്ഷിച്ചിരുന്ന മുപ്പത്തിമൂന്നോളം വൈദ്യുതി സ്കൂട്ടറുകൾ കത്തിനശിച്ചു. ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. ബാറ്ററിയിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് വിലയിരുത്തൽ. നാല് യൂനിറ്റ് അഗ്നിരക്ഷാസേനസംഘവും നാട്ടുകാരും ചേർന്ന് മഴയെ അവഗണിച്ച് നടത്തിയ രക്ഷാപ്രവർത്തത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ദേശീയപാതയിൽ പഴയാറ്റിൻകുഴിയിലുള്ള ബജാജ് ചേതക്കിന്റെ വൈദ്യുതി സ്കൂട്ടർ വിൽപനശാലയായ സാരഥി മോട്ടോഴ്സിന്റെ സർവിസ് സെന്ററിലായിരുന്നു തീപിടിത്തം.

അവധിദിവസമായതിനാൽ സുരക്ഷാജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്. സർവിസ് സെന്ററിന്റെ അടുത്തുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ സീലിങ്, വയറിങ് ജോലികൾ നടന്നുവരുകയായിരുന്നു. സുരക്ഷാജീവനക്കാരൻ സുനിൽ സർവിസ് സെന്ററിൽനിന്നുള്ള ശബ്ദം കേട്ട് ചെന്നുനോക്കിയപ്പോഴാണ് ഗ്ലാസ് കൊണ്ടു മറച്ച സർവിസ് സെന്ററിനുള്ളിൽ അടുത്തടുത്തായി വെച്ചിരുന്ന ബൈക്കുകളിൽ രണ്ടെണ്ണത്തിന് തീപിടിക്കുന്നത് കണ്ടത്. മുറി പൂട്ടിയിരുന്നതിനാൽ പെട്ടെന്ന് അകത്തേക്ക് കയറായാനില്ല.

തുടർന്ന് സമീപത്തെ വാഹനഷോറൂമിലെ സുരക്ഷാജീവനക്കാരനായ സുനിൽകുമാറിനെ വിളിച്ചുവരുത്തി ഫയർ എക്സ്റ്റിൻഗ്യുഷർ ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ സ്ഥാപനമേധാവികളെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. ഈ സമയം തീപിടിച്ച വിവരം അറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം ഏറ്റെടുത്തു.

സർവിസ് സെന്ററിന് പുറശത്ത പെട്രോൾ ബൈക്കുകൾ ഉടൻ നീക്കിയതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സദക്കത്ത്, സിവിൽ ഡിഫൻസ് അംഗം തോപ്പിൽ നൗഷാദ് എന്നിവർ നേതൃത്വം നൽകി. ബാറ്ററികൾ, കമ്പ്യൂട്ടറുകൾ, വാറന്റിക്കായി തിരികെ അയക്കാൻ പാക്ക് ചെയ്ത് വച്ചിരുന്ന സ്കൂട്ടറിന്റെ പാർട്സുകൾ, ഇൻവെർട്ടറുകൾ എന്നിവ കത്തിനശിച്ചു.

തീപടർന്നുതുടങ്ങിയപ്പോൾ തന്നെ അടുത്തുള്ള കിച്ചണിൽ ഇരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ പുറത്തേക്ക് മാറ്റി. കടപ്പാക്കടയിൽനിന്ന് സ്റ്റേഷൻ ഓഫിസർ ജഅഫറിന്റെ നേതൃത്വത്തിൽ മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേന സംഘവും ചാമക്കടയിൽനിന്ന് ഒരു യൂനിറ്റും കൺട്രോൾ റൂം എസ്.ഐ അലീം, ഇരവിപുരം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ഉദ്യോഗ സ്ഥരായ അനീഷ്, അമൽ, സിദ്ദീഖ് എന്നിവരും അഡ്വ. വിഷ്ണു മോഹൻ എം.എൽ.എ, മുൻ എം.എൽ.എ എം. നൗഷാദ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ഷബീർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജീവ് പാലത്തറ, മണ്ഡലം പ്രസിഡന്റ് കമറുദീൻ, കോർപറേഷൻ കൗൺസിലർ മാജിദാ വഹാബ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Major fire breaks out at electric scooter service center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.