ലോക പാലിയേറ്റിവ് ദിനം; യേശുദാസിന്റേത് സേവനത്തിന്റെ അദ്വിതീയ മാതൃക
ഇരവിപുരം : ഭൂതക്കണ്ണാടിയിലൂടെയുള്ള യേശുദാസന്റെ നോട്ടം മാറിയാൽ ആതുരസേവനത്തിന്റെ ആരും കാണാത്ത കാഴ്ചകൾ തെളിയും. 65 വയസ്സിലും കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നതിൽ കണ്ണും മനസ്സും അർപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം. കിടപ്പുരോഗികളെ തേടിയുള്ള യേശുദാസ് റൊസാരിയോയുടെ യാത്രക്ക് കാൽ നൂറ്റാണ്ടോളം പഴക്കമുണ്ട്. ഇരവിപുരം വഞ്ചികോവിൽ ജംഗ്ഷനിലെ കടയിൽ വാച്ച് റിപ്പയറാണ് ഇദ്ദേഹം.
2006ലെ സുനാമി തിരമാലകളുടെ സംഹാര താണ്ഡവമാണ് ഭൂതക്കണ്ണാടിയുടെ കാഴ്ചകൾക്കപ്പുറത്തേക്ക് സേവനത്തിന്റെ പാത തുറക്കുവാൻ കാരണമായത്. രണ്ട് പതിറ്റാണ്ടിലധികമായി നടത്തുന്ന സൗജന്യ സേവനത്തിനിടെ നിരവധി പേരെ ദുരിതക്കിടക്കയിൽ നിന്ന് ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ ഇദ്ദേഹത്തിനായി. വാച്ച് റിപ്പയർ കടയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് കിടപ്പുരോഗികൾക്ക് പരിചരണത്തിനാവശ്യമായ വസ്തുക്കൾ വാങ്ങുന്നത്. സദാസമയവും ഒരു തോൾ സഞ്ചിയും തൂക്കിനടക്കുന്ന യേശുദാസിന്റെ സഞ്ചിയിൽ മു ഴുവൻ കിടപ്പു രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങളും മരുന്നുകളുമാണ്. ദുരിതമനുഭവിക്കുന്ന കിടപ്പുരോഗികൾ എവിടെയുണ്ടെന്നറിഞ്ഞാലും യേശു ദാസ് അവിടെയെത്തി പരിചരണം നൽകും.
പലരും പണം നീട്ടാറുണ്ടെങ്കിലും സന്തോഷത്തോടെ നിരസിക്കുകയാണ് പതിവ്. ജില്ല ആശുപത്രിയിലെ ജെറിയാട്രിക് വാർഡിലെ സേവനത്തിലൂടെയായിരുന്നു തുടക്കം. സുനാമി കാലത്ത് കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലും മലപ്പുറത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയറിലും, പാലിയം ഇന്ത്യയിലും ഇദ്ദേഹം സാന്ത്വന പരിചരണത്തിൽ പരിശീലനം നേടിയിട്ടുണ്ട്. കുണ്ടറ മായംകോട്ടെ വീട്ടിൽ നിന്ന് രാവിലെ ഇറങ്ങിയാൽ നിരവധി കിടപ്പു രോഗികൾക്ക് സാന്ത്വനം നൽകിയ ശേഷമാകും കടയിലെത്തുക. സാന്ത്വന പരിചരണത്തിനായി ആരെങ്കിലും തിരക്കി വരാത്ത ദിവസങ്ങളില്ലെന്ന് ഇദ്ദേഹം പറയുന്നു. ഇരവിപുരം കന്നിമ്മേൽ നഗർ ഏലിയാസ് വില്ലയിൽ ആർമി ജീവനക്കാരനായിരുന്ന പരേതനായ ആന്റെണി റൊസാരിയോയുടെ മകനാണ് യേശുദാസ്. ഇരുപതു വർഷമായി നുറുകണക്കിന് ദുരിതബാധിതരുടെ താങ്ങും തണലുമാണ് യേശുദാസ് . സേവനം ആവശ്യമുള്ളവർ ക്ക് 9846836551 എന്ന നമ്പരിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.