പുനലൂർ: ആൾമാറാട്ടം നടത്തി ഒന്നര ലക്ഷത്തിന്റെ ലോട്ടറി കവർന്ന രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ആര്യങ്കാവ് ഈസ്റ്റ് ഫീൽഡ് എസ്റ്റേറ്റിൽ എസ്. സുധീഷ്, കുളത്തൂപ്പുഴ കുമരം കാരിക്കോണം മംഗലത്ത് വയലരികത്ത് വീട്ടിൽ എ. സജിമോൻ എന്നിരാണ് പിടിയിലായത്. സജിമോൻ കെ.എസ്.ആർ.ടി.സി ആര്യങ്കാവ് ഡിപ്പോയിലെ മെക്കാനിക്കും സുധീഷ് താൽക്കാലിക ജീവനക്കാരനുമാണ്.
കോഴഞ്ചേരിയിൽനിന്നും കോട്ടയം തെങ്കാശി കെ.എസ്.ആർ.ടി.സി ബസിൽ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപത്തെ ഭരണി ലോട്ടറി സെന്ററിലേക്ക് കൊടുത്തയച്ച 164058 രൂപയുടെ കേരള സർക്കാർ ലോട്ടറികൾ കടയിലെ ജീവനക്കാർ എന്ന വ്യാജേന ബസ് കണ്ടക്ടറിൽ നിന്ന് വാങ്ങിയെടുത്തായിരുന്നു തട്ടിപ്പ്. സ്ഥിരമായി ഈ കടയിലേക്ക് ലോട്ടറികൾ ബസിൽ കൊണ്ടുവരുന്നത് നിരീക്ഷിച്ചുവരുകയായിരുന്നു ഇവർ. 16ന് രാത്രിയിൽ കൊടുത്തയച്ച ലോട്ടറി ടിക്കറ്റുകൾ ഇവർ ലോട്ടറി കടയിലെ ജീവനക്കാരാണെന്ന് കണ്ടക്ടറെ തെറ്റിദ്ധരിപ്പിച്ച് വാങ്ങിക്കൊണ്ടുപോവുകയായിരുന്നു.
ടിക്കറ്റ് ലഭിക്കാഞ്ഞതിനെ തുടർന്ന് ലോട്ടറി കടയുടമ വെങ്കിടേശൻ 17ന് രാവിലെ തെന്മല പൊലീസിൽ പരാതി നൽകി. തുടർന്ന് തെന്മല സി.ഐ ശ്യാമിന്റെ നേതൃത്വത്തിൽ ആര്യങ്കാവിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. തുടരേന്വഷണത്തിൽ ആര്യങ്കാവ് ഡിപ്പോയിലെ മെക്കാനിക്കും താൽക്കാലിക ജീവനക്കാരനുമാണ് ലോട്ടറി തട്ടിയെടുത്തതെന്ന് കണ്ടെത്തി. പ്രതികളുടെ വീട്ടിൽ നിന്ന് ലോട്ടറി കണ്ടെടുത്തു. എസ്.ഐ സുബിൻ തങ്കച്ചൻ, സി.പി.ഒമാരായ അനീഷ്, സുജിത്, വിഷ്ണു, രഞ്ജിത്, നിതിൻ, ജ്യോതിഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.