കുംഭാവുരുട്ടി വെള്ളച്ചാട്ടം ജൂൺ അവസാനവാരം തുറക്കും

പത്തനാപുരം: അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടം ജൂൺ അവസാനവാരത്തോടെ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുനൽകും. അറ്റകുറ്റപ്പണികളും സുരക്ഷ സംവിധാനം ഒരുക്കലും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം ചേര്‍ന്ന ചീഫ് കൺസർവേറ്ററുടെ യോഗത്തിലാണ് അന്തിമതീരുമാനമുണ്ടായത്. വനംവകുപ്പി‍െൻറ കുംഭാവുരുട്ടി മണലാർ ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ജലപാതമാണിത്.

അഞ്ചുവർഷം മുമ്പ് തുടർച്ചയായി ഇവിടെ അപകടങ്ങള്‍ ഉണ്ടായതിനെ തുടർന്നാണ് വെള്ളച്ചാട്ടം അടച്ചിടാന്‍ തീരുമാനമായത്. പ്രതിവർഷം 90 ലക്ഷത്തിലധികം രൂപ വരുമാനമുണ്ടായിരുന്ന പദ്ധതി അടച്ചതോടെ വകുപ്പിന് ഏറെ സാമ്പത്തികനഷ്ടംമുണ്ടായി. നിലവിൽ മേജർ ഇറിഗേഷൻ വകുപ്പി‍െൻറ മേൽനോട്ടത്തിൽ മേഖലയിലെ അപകടസാധ്യതയുള്ള കുഴികൾ നികത്തുകയും പുതുതായി ബാരിക്കേഡുകൾ സ്ഥാപിക്കുകയും കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുന്ന പ്രവർത്തികളാണ് പുരോഗമിക്കുന്നത്.

തിരുവനന്തപുരം ഫോറസ്റ്റ് ഡെവലപ്മെന്‍റ് ഏജൻസി അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്. തമിഴ്നാട്ടിൽനിന്ന് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന വെള്ളച്ചാട്ടമായിരുന്നു കുംഭാവുരുട്ടി. ശബരിമല തീർഥാടനകാലത്ത് അച്ചൻകോവിൽ ക്ഷേത്രത്തിലേക്കെന്ന നിരവധി ആളുകളും ഇവിടെ എത്തിയിരുന്നു. മഴക്കെടുതിയില്‍ പ്രദേശത്ത് നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ജലപാതത്തിലെ കുഴികളില്‍ അകപ്പെട്ട് ആളുകള്‍ക്ക് ജീവഹാനി ഉണ്ടാകുകയും ചെയ്തതോടെയാണ് സർക്കാർ ഇടപെട്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചത്. അച്ചൻകോവിൽ ചെങ്കോട്ട പാതയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ വനത്തിന് നടുവിലാണ് വെള്ളച്ചാട്ടം.

വന സംരക്ഷണ സമിതിക്കായിരുന്നു സുരക്ഷയും നടത്തിപ്പ് ചുമതലയും. പൂർണമായും ഫോറസ്റ്റ് ഡെവലപ്മെന്‍റ് ഏജൻസി ഏറ്റെടുത്തുകൊണ്ടാണ് ഇനി പ്രവർത്തനങ്ങൾ ആരംഭിക്കുക. മേഖലയിലെ ആറ് വനസംരക്ഷണ സമിതികളില്‍ നിന്നുള്ള ആളുകളെ ഉൾപ്പെടുത്തിയാകും ടൂറിസ്റ്റ് കേന്ദ്രത്തി‍െൻറ നടത്തിപ്പ്. കാന്‍റീൻ, കംഫർട്ട് സ്റ്റേഷൻ, വിശ്രമകേന്ദ്രം, ഡ്രസിങ് റൂം, ടിക്കറ്റ് കൗണ്ടർ എന്നിവ പ്രത്യേകം രൂപകൽപന ചെയ്യുന്നുണ്ട്. കുംഭാവുരുട്ടിയിലേക്കുള്ള ആളുകളെത്തി തുടങ്ങിയാൽ മേക്കര, പിമ്പിളി പാത പൂർണമായും ഗതാഗതക്കുരുക്കിലാകും.

ഇത് പരിഹരിക്കാനായി വനംവകുപ്പി‍െൻറ സ്ഥലത്ത് നൂറു വാഹനങ്ങൾക്ക് പാര്‍ക്ക് ചെയ്യാൻ കഴിയുന്ന വിശാലമായ ഗ്രൗണ്ടും ഒരുങ്ങുന്നുണ്ട്. ഇതിനാവശ്യമായ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് അച്ചൻകോവിൽ റേഞ്ച് ഓഫിസർ അരുണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ ചീഫ് കൺസർവേറ്റർ ഡോ. സഞ്ജയ് കുമാർ ഐ.എഫ്.എസ്, ജനപ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Kumbhavurutty Falls will open in the last week of June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-30 05:04 GMT