കുളത്തൂപ്പുഴയില്‍ അഗ്നിരക്ഷാ കേന്ദ്രം വേണമെന്ന ആവശ്യം ശക്തം

കുളത്തൂപ്പുഴ: കിഴക്കന്‍ മലയോര മേഖലയിൽ കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് അഗ്നിരക്ഷാ കേന്ദ്രം വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴയിൽ പിക്-അപ് ഡ്രൈവർ വാഹനത്തിനും മതിലിനും ഇടയിൽ കുടുങ്ങി ഞെരിഞ്ഞമർന്ന് മരിച്ച സംഭവത്തിൽ നാട്ടുകാർ വിവരം നൽകി ഏറെ കഴിഞ്ഞാണ് കിലോമീറ്ററുകൾ അകലെനിന്ന് അഗ്നിരക്ഷാ സംഘത്തിന് എത്താൻ കഴിഞ്ഞത്. അതേസമയം, അപകടം നടന്നയുടൻ സംഘത്തിന് എത്താൻ കഴിഞ്ഞിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ.

ഏതാനും നാൾ മുമ്പ് കുളത്തൂപ്പുഴയിലെ വ്യാപാരശാലയിൽ വന്‍ തീപിടിത്തമുണ്ടായപ്പോൾ അകലെനിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തുമ്പോഴേക്കും വ്യാപാരശാല പൂര്‍ണമായി കത്തി നശിച്ചിരുന്നു. കണ്ടന്‍ചിറ ഓയില്‍പാം എസ്റ്റേറ്റില്‍ ഏക്കറുകളോളം സ്ഥലം തീപിടിച്ച് കത്തിയമർന്നപ്പോഴും ഇതേ അവസ്ഥയായിരുന്നു.

2020ല്‍ മുന്‍ സര്‍ക്കാര്‍ കൊല്ലം ജില്ലയില്‍ രണ്ട് അഗ്നിരക്ഷാ സേനാ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചതിൽ ഒന്ന് കുളത്തൂപ്പുഴയിലേക്കായിരുന്നു. ഇതിനെതുടർന്ന് നെടുവന്നൂര്‍ക്കടവില്‍ മത്സ്യവിത്തുല്‍പാദന കേന്ദ്രത്തോട് ചേര്‍ന്ന് കല്ലട ജലസേചന പദ്ധതിയുടെ കൈവശമുള്ള സ്ഥലം ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനും സുഗമമായി നദീജലം കിട്ടുന്നതിനും പര്യാപ്തമാണെന്ന് അഗ്നിശമന സേനാ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സ്ഥലം കൈമാറുന്നതിനുള്ള വകുപ്പ് നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. കൂടാതെ, അന്ന് വനം മന്ത്രിയായിരുന്ന സ്ഥലം എം.എൽ.എ കെ. രാജു ഇടപെട്ട് പഞ്ചായത്തിന്‍റെയും അഗ്നിരക്ഷാ സേനാ വിഭാഗം ജില്ല ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുകയും ഫയര്‍ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ കുളത്തൂപ്പുഴ പഞ്ചായത്ത് സ്റ്റേഡിയം കേന്ദ്രീകരിച്ച് അഗ്നിശമന സേനയുടെ ഒരു യൂനിറ്റ് പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ തെന്മല കേന്ദ്രീകരിച്ച് അഗ്നി രക്ഷാ യൂനിറ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി പി. എസ്. സുപാൽ എം.എല്‍.എ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയതായുള്ള വിവരം പുറത്തെത്തിയതോടെ നാട്ടുകാർക്കിടയിൽ പ്രതിഷേധമുയർന്നു. ഇതോടെ കുളത്തൂപ്പുഴക്ക് അഗ്നി രക്ഷാ കേന്ദ്രം അനുവദിച്ചിട്ടില്ലെന്ന വിശദീകരണവുമായി അധികൃതരെത്തുകയും ചെയ്തു. ഇതോടെ മുന്‍ സര്‍ക്കാറിന്‍റെ കാലത്ത് നടത്തിയ പ്രഖ്യാപനങ്ങളും ചര്‍ച്ചകളും വെറുതെയായിരുന്നുവെന്ന് വ്യക്തമായി. എന്നാൽ, അഗ്നിരക്ഷാ കേന്ദ്രത്തിന് സ്ഥലമേറ്റെടുക്കാൻ പോലുമാകാതെ തെന്മല ഫയർ സ്റ്റേഷൻ എന്നതും വെറും പ്രഖ്യാപനം മാത്രമായി അവസാനിച്ചു.

അതേസമയം, കുളത്തൂപ്പുഴയിൽ അഗ്നിരക്ഷാ കേന്ദ്രത്തിനു അനുയോജ്യമാണെന്ന് വകുപ്പ് കണ്ടെത്തിയ സ്ഥലവും അനുബന്ധ സൗകര്യങ്ങളും ഇപ്പോഴും അതേപടി ഉണ്ടെന്നുള്ളതും, കിഴക്കൻ മേഖലയിലെ എല്ലാ പ്രദേശങ്ങളിലേക്കും ഏറ്റവും പെട്ടെന്ന് എത്താൻ കഴിയുന്നതുമായ റോഡ് സംവിധാനങ്ങളുമുള്ള കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷന്‍ അടിയന്തരമായി ആരംഭിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. തുടരെ തുടരെയുണ്ടാകുന്ന തീപിടിത്തങ്ങളും പുഴകളിലും തോടുകളിലുമുണ്ടാകുന്ന അപകടങ്ങളും ജീവഹാനികളും കുറക്കുന്നതിന് അഗ്നിരക്ഷാനിലയം ഏറെ സഹായകരമാകുമെന്നും നാട്ടുകാർ പറയുന്നു. 

Tags:    
News Summary - Kulathupuzha Fire Rescue Center,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.