കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂളുകൾ ജില്ലയിൽ വ്യാപിപ്പിക്കുന്നു

കൊല്ലം: മിതമായ നിരക്കും നിലവാരമുള്ള പരിശീലനവുമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂളുകൾ ജില്ലയിൽ കൂടുതൽ ഡിപ്പോകളിലേക്ക് വ്യാപിപ്പിക്കുന്നു. ചാത്തന്നൂർ, ചടയമംഗലം ഡിപ്പോകളിൽ വിജയകരമായതിനെ തുടർന്നാണ് കരുനാഗപ്പള്ളി ഡിപ്പോയിലും ഡ്രൈവിങ് സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചത്. ഡ്രൈവിങ് സ്കൂൾ ലൈസൻസിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്. അടുത്തമാസത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയെന്നും അധികൃതർ അറിയിച്ചു.

2024 നവംബറിലാണ് ജില്ലയിൽ ആദ്യമായി പദ്ധതി ആരംഭിച്ചത്. ഇപ്പോൾ ചാത്തന്നൂരിൽ പത്താമത്തെ ബാച്ചും ചടയമംഗലത്ത് എട്ടാമത്തെ ബാച്ചും പരിശീലനം തുടരുകയാണ്. ഇതുവരെ ചാത്തന്നൂരിൽ 120 പേരും ചടയമംഗലത്ത് 36 പേരും ലൈസൻസ് നേടി. ആധുനിക സൗകര്യങ്ങളോടുകൂടിയ ഡ്രൈവിങ് സ്കൂളുകളിലാണ് പരിശീലനം.

ഡ്രൈവിങ് പാഠപുസ്തകം, പഠന ആപ്, മോക് എക്സാമിനേഷൻ, സിമുലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടിലാണ് പ്രായോഗിക ക്ലാസുകൾ നടക്കുന്നത്. പരിശീലനാർഥികൾക്ക് ലൈസൻസ് നേടുന്നതിനൊപ്പം റോഡ് നിയമങ്ങൾ പാലിച്ച് സുരക്ഷിതമായി വാഹനം ഓടിക്കുന്നതിലേക്കുള്ള ബോധവത്കരണവും നൽകുന്നു. പ്രാക്ടിക്കൽ ക്ലാസുകളോടൊപ്പം വാഹനങ്ങളുടെ യന്ത്രഘടനയെക്കുറിച്ചുള്ള തിയറിക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ഹെവി വാഹന പരിശീലനത്തിന് പുറമേ പുതിയ വാഹനങ്ങളാണ് പരിശീലനത്തിനായി ഉപയോഗിക്കുന്നത്. മുമ്പ് കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിട്ടുള്ള പരിചയസമ്പന്നരായ പരിശീലകരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഈ സ്കൂളുകളിലെ ഫീസ്.

കാർ ഡ്രൈവിങ് പഠനത്തിന് 9,000 രൂപയും ഇരുചക്രവാഹനങ്ങൾക്ക് 3,500രൂപയും കാറും ടുവീലറും ചേർന്ന പാക്കേജിന് 11,000 രൂപയും എച്ച്.എം.വി ഡ്രൈവിങ് പരിശീലനത്തിന് 9,000 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 20 ശതമാനം ഫീസ് ഇളവും ലഭ്യമാണ്. പ്രവേശനം നേരിട്ട് ഡിപ്പോകളിൽ നിന്നാണ്. ചാത്തന്നൂരിലും ചടയമംഗലത്തും ലഭിച്ച മികച്ച പ്രതികരണമാണ് കരുനാഗപ്പള്ളിയിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ പ്രചോദനമായതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

Tags:    
News Summary - KSRTC driving schools are expanding in Kollam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.