കൊല്ലം: വാഗ്ദാന ചാകരയുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ സ്വന്തം ജില്ലയെ ‘ശരിക്കും’ പരിഗണിച്ചപ്പോൾ സംസ്ഥാന ബജറ്റിൽ നിറഞ്ഞ് കൊല്ലം. പഴയ വ്യവസായ നഗരമായ കൊല്ലത്തിന് ഇത്തവണ വ്യവസായ രംഗത്താണ് കൂടുതൽ പദ്ധതി വാഗ്ദാനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വിഴിഞ്ഞത്തോട് ചേർന്ന് നിൽക്കുന്ന വികസന വളർച്ച ത്രികോണവും ഐ.ടി പാർക്കുകളുമെല്ലാം പുതിയകാലത്ത് കൊല്ലത്തിന്റെ വളർച്ചക്ക് ഉത്തേജനമാകാൻ പറ്റിയ പദ്ധതികളാണ്. വന്യമൃഗ ശല്യം നിയന്ത്രിക്കാനും വനമേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനുമുള്ള 50 കോടിയുടെ പ്രത്യേക പാക്കേജ് ജില്ലയുടെ കിഴക്കൻ മേഖലക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഐ.ടി അധിഷ്ഠിത വികസനത്തിൽ അടുത്ത കേന്ദ്രമാകാൻ കൊല്ലത്തിന് അവസരമൊരുക്കി രണ്ട് ഐ.ടി പാർക്കുകളാണ് ഇത്തവണത്തെ ബജറ്റിൽ സ്ഥാനംപിടിച്ചത്. തദ്ദേശ സ്ഥാപനങ്ങൾ വികസനകാര്യങ്ങൾക്ക് ഭൂമിയേറ്റെടുത്ത് വരുമാനമുണ്ടാക്കാൻ സഹായിക്കുന്ന പൈലറ്റ് പദ്ധതിയാണ് കൊല്ലത്ത് പരീക്ഷിക്കുന്നത്. ആദ്യ ഐ.ടി പാർക്ക് കൊല്ലം കോർപറേഷൻ ഭൂമിയിൽ കുരീപ്പുഴയിൽ ഉയരും.
കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ മാലിന്യം പൂർണമായി നീക്കിയ ഭൂമിയിൽ ഇതിനായി ആഴ്ചകൾക്ക് മുമ്പ് മന്ത്രിതന്നെ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. കിഫ്ബിയും കിൻഫ്രയും കോർപറേഷനും ചേർന്നുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിനുള്ളിൽ ഐ.ടി പാർക്ക് സ്ഥാപിക്കുന്നത്. 2025-26 കാലത്ത് ആദ്യഘട്ടം പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം.
കൊട്ടാരക്കര രവിനഗറിലെ കല്ലട ജലസേചന പദ്ധതി കാമ്പസിലാണ് ജില്ലക്ക് ലഭിച്ച രണ്ടാമത്തെ ഐ.ടി പാർക്ക് സ്ഥാപിക്കുക. സ്റ്റേറ്റ് ഓഫ് ദി ആർട്ട് സൗകര്യമുള്ള 97,370 ചതുരശ്രയടി വിസ്തൃതിയിലാണ് ഐ.ടി പാർക്ക്. ഈ രണ്ട് പാർക്കുകളുടെ വിജയത്തെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് ഈ പദ്ധതിയുടെ ഭാവി. കൊല്ലത്ത് വിജയിച്ചാൽ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമികളിൽ 100 പുതിയ അടിസ്ഥാന വികസന പദ്ധതികൾ നടപ്പാക്കും.
നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന സർക്കാർ അതിന് വളക്കൂറുള്ള മണ്ണായി കാണുന്നയിടങ്ങളിലൊന്നാണ് കൊല്ലം. ഇതിന്റെ ഭാഗമായുള്ള വിവിധ പദ്ധതികൾ കൊല്ലം കേന്ദ്രമായി കണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണമാണ് അതിൽ പ്രധാനം.
വിഴിഞ്ഞത്തെ കയറ്റുമതി-ഇറക്കുമതി രംഗത്തെ ബൃഹത് ശക്തിയാക്കി മാറ്റുന്നതിനൊപ്പമാണ്വിഴിഞ്ഞം-കൊല്ലം-പുനലൂർ വളർച്ച ത്രികോണം പദ്ധതിയും യാഥാർഥ്യമാകുന്നത്. ഈ മൂന്ന് മേഖലകളും ഉൾപ്പെടുന്ന വികസന ത്രികോണത്തിൽ വരുന്ന പ്രദേശങ്ങളിൽ വിവിധോദ്ദേശ്യ പാർക്കുകൾ, ഉൽപാദന കേന്ദ്രങ്ങൾ, സംഭരണ സൗകര്യങ്ങൾ, സംസ്കരണ യൂനിറ്റുകൾ, അസംബ്ലിങ് യൂനിറ്റുകൾ, കയറ്റിറക്ക് കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കും.
സമീപപ്രദേശങ്ങളിലേക്കും വികസനമെത്തും. ഇതുകൂടാതെ, എൻ.എച്ച് 66, പുതിയ ഗ്രീൻഫീൽഡ് എൻ.എച്ച് 744, കൊല്ലം-കൊട്ടാരക്കര-ചെങ്കോട്ട എൻ.എച്ച് 74, എം.സി റോഡ്, മലയോര-തീരദേശ ഹൈവേകൾ, തിരുവനന്തപുരം-കൊല്ലം റെയിൽപാത, കൊല്ലം-ചെങ്കോട്ട റെയിൽപാത എന്നീ ഗതാഗത സംവിധാനങ്ങൾ ഇതിലൂടെ ശക്തിപ്പെടുമെന്നതും നേട്ടമാണ്.
ഉൾനാടൻ ജലഗതാഗതം പുനരുജ്ജീവിപ്പിച്ച് സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന വെസ്റ്റ് കോസ്റ്റ് കനാൽ പദ്ധതിയും കൊല്ലത്തിന് കരുത്ത് നൽകും. ഇത് കൂടാതെയാണ് തീരദേശ ഹൈവേ അടിസ്ഥാനമാക്കി വരുന്ന പദ്ധതികൾ. ജില്ലയിൽ പുതിയ വ്യവസായ/ഫുഡ് പാർക്ക് സ്ഥാപിക്കാനും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ആദ്യഘട്ടമായി അഞ്ച് കോടിയാണ് വകയിരുത്തിയിട്ടുള്ളത്.
ടൂറിസത്തിന് ഏറെ സാധ്യതകളുള്ള കൊല്ലത്തിന് ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതികൾ ഏറെ ഉപയോഗപ്രദമാകും. ഹോട്ടലുകൾ നിർമിക്കുന്നതിന് വായ്പയുൾപ്പെടെ ലഭിക്കുന്ന പദ്ധതി ഏറെ പ്രയോജനം ചെയ്യും.
ജില്ലയുടെ ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് മറീന നിർമാണം. അറബിക്കടലിന് അനുബന്ധമായ ആഗോള ടൂറിസം നെറ്റ്വർക്കുമായി കൊല്ലത്തെ ബന്ധിപ്പിക്കുന്ന ഈ പദ്ധതിക്ക് അഞ്ച് കോടിയാണ് വകയിരുത്തിയത്. ശാസ്താംകോട്ടയിൽ ഇക്കോ ടൂറിസത്തിന് ഒരു കോടി വകയിരുത്തിയിരുണ്ട്.
ചടയമംഗലം മണ്ഡലത്തിൽ കുടുക്കത്തുപാറ എക്കോ ടൂറിസം, കോട്ടുക്കല് ഗുഹാക്ഷേത്രം, കടയ്ക്കല് മാറ്റിടാംപാറ, കുമ്മിള് മീന്മുട്ടി വിനോദ സഞ്ചാര കേന്ദ്രം എന്നിവയുടെ വികസന പാക്കേജിന് 10 കോടി അനുവദിച്ചത് കിഴക്കൻ മേഖലയിലെ ടൂറിസം വികസനത്തിനും ഊർജമാകും.
അപകടം നിറഞ്ഞ കൊല്ലം ബീച്ച് സംരക്ഷണത്തിന് ജിയോ ട്യൂബ് ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി നടപ്പാക്കാൻ ഇത്തവണ പ്രഖ്യാപനമുണ്ട്. ചെറായി ബീച്ചിനൊപ്പം കൊല്ലത്തിനും കൂടി അഞ്ച് കോടിയാണ് വകയിരുത്തിയിരുന്നത്.
കൊല്ലത്ത് ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ പാർക്കും സ്ഥാപിക്കാൻ കഴിഞ്ഞ ബജറ്റിൽ 10 കോടി അനുവദിച്ചിരുന്നു. ഈ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാൻ 20 കോടിയാണ് ഇത്തവണ സർക്കാർ നൽകുന്നത്.
ഇമിഗ്രേഷൻ ചെക്ക് പോയന്റ് ആയി പ്രഖ്യാപിച്ച കൊല്ലം തുറമുഖത്തിനും ബജറ്റിൽ പ്രഖ്യാപനമുണ്ട്. മേജർ തുറമുഖങ്ങളുടെ വികസനത്തിനുള്ള 65 കോടി വകയിരുത്തൽ കൊല്ലത്തിനും പ്രയോജനം ചെയ്യും.
കൊല്ലത്ത് ഷിപ്പ് റിപ്പയറിങ് യൂനിറ്റ്, തുറമുഖത്ത് ഫ്ലോട്ടിങ് ഡ്രൈ ഡോക്ക് എന്നിവയെ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണ നടപടികൾ പുരോഗമിക്കുകയാണ്. 190 കോടിയുടെ ഫ്ലോട്ടിങ് ഡ്രൈ ഡോക്ക്, 90 കോടിയുടെ വാർഫ് നിർമാണം, 110.33 കോടിയുടെ ഡ്രെഡ്ജിങ് എന്നിവ മുൻഗണനാക്രമത്തിൽ നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്.
കൊല്ലം മികച്ച മറൈൻ ജില്ലയായതിനെക്കുറിച്ച് ബജറ്റിൽ പരാമർശമുണ്ട്. തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനുള്ള തീരദേശ പാക്കേജിൽ 75 കോടി അനുവദിച്ചത് കൊല്ലത്തിന്റെ തീരമേഖലക്ക് പ്രതീക്ഷ നൽകുന്നതാണ്. മത്സ്യബന്ധന മേഖലയുടെ വിഹിതം വർധിപ്പിച്ചതും കടലോര, ഉൾനാടൻ മത്സ്യബന്ധന പദ്ധതികൾക്ക് കോടികൾ അനുവദിച്ചതും ഏറെ പ്രയോജനം ചെയ്യും. തീരദേശ വികസന പദ്ധതികൾക്കും മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ-മാനവശേഷി വികസന പദ്ധതികൾക്കും അനുവദിച്ച തുക കൊല്ലത്തിന് ഗുണകരമാക്കാവുന്നതാണ്.
നീണ്ടകരയിൽ വലഫാക്ടറി ആരംഭിക്കാൻ ഇത്തവണയും അഞ്ച് കോടി അധികമായി വകയിരുത്തി. പുനർഗേഹം പദ്ധതി കൂടാതെ, മത്സ്യത്തൊഴിലാളികളുടെ പഴയ വീടുകൾ നവീകരിക്കാനുള്ള പദ്ധതിയും ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയും മേഖലക്ക് താങ്ങാകും.
ഇത്തവണ കശുവണ്ടി മേഖലക്ക് 53.36 കോടിയാണ് അനുവദിച്ചത്. കശുവണ്ടി വികസന കോർപറേഷന് 3.05 കോടിയും കാപെക്സിന് മൂന്ന് കോടിയും കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിന് 6.31 കോടിയും കാഷ്യു ബോർഡിന് 41 കോടിയും നൽകും.
ഇത്തവണയും സർക്കാർ കശുവണ്ടിമേഖലക്ക് പുനരുജ്ജീവന പാക്കേജ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. 30 കോടിയാണ് ഇത്തവണയും പാക്കേജ്. ഉൽപാദന വൈവിധ്യവത്കരണത്തിന് അഞ്ച് കോടിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.