സംസ്ഥാന ബജറ്റ് കൊല്ലം ജില്ലക്ക്​ കൈത്താങ്ങാകുമോ?

കൊല്ലം: ജില്ലയിലെ എം.എൽ.എ ധനമന്ത്രിയായി ആദ്യ ബജറ്റവതരണത്തിന്​ എത്തുമ്പോൾ ജില്ലക്കുള്ള പ്രതീക്ഷകൾ വാനോളം. മന്ത്രി കെ.എൻ. ബാലഗോപാലിെൻറ കന്നി ബജറ്റിലെ അത്ഭുതങ്ങൾ എന്തൊക്കെ‍യെന്ന് അറിയാൻ ഒരുദിനം ശേഷിക്കെ, ജനക്ഷേമത്തിനും വികസനത്തിനും ജില്ലയുടെ പരമ്പരാഗത വ്യവസായ പുരോഗതിക്കും കരുത്തുപകരുന്ന നിർദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്.

2021 ജന​ുവരിയിൽ ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽനിന്ന് വലിയ മാറ്റങ്ങളൊന്നും നാലു മാസത്തിമനിപ്പുറം വരുന്ന ബജറ്റിലുണ്ടാകില്ലെന്നാണ് കരുതുന്നത്.

പരമ്പരാഗത വ്യവസായങ്ങൾക്ക് കൈത്താങ്ങേകുന്ന നിർദേശങ്ങളുണ്ടാകുമെന്ന് തൊഴിലാളി സമൂഹം പ്രതീക്ഷിക്കുന്നു. ജനുവരിയിലെ ബജറ്റിൽ മേഖലയെക്കുറിച്ചുള്ള പദ്ധതികൾക്ക് സമ്മിശ്ര പ്രതികരണമായിരുന്നു. വ്യവസായത്തിെൻറ ഉയർച്ചക്ക് പദ്ധതികളൊന്നുമില്ലെന്നായിരുന്നു ആക്ഷേപം.

സംസ്ഥാനത്തെ പ്രധാന മത്സ്യബന്ധ കേന്ദ്രമായ നീണ്ടകര ഫിഷിങ് ഹാർബറിനെ അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. നാലു മാസത്തിനിപ്പുറം പദ്ധതിയുടെ പുരോഗതി അറിയാൻ മത്സ്യത്തൊഴിലാളി സമൂഹം കാത്തിരിക്കുന്നു. കൊല്ലം തുറമുഖത്തെ കൊച്ചി, തൂത്തുക്കുടി, വരാനിരിക്കുന്ന വിഴിഞ്ഞം തുറമുഖം എന്നിവിടങ്ങളിലേക്കുള്ള പ്രധാന ഫീഡർ പോയൻറായിട്ട് വികസിപ്പിക്കും. തുറമുഖത്ത് എമിഗ്രേഷൻ കേന്ദ്രം, സെയിൽസ് ടാക്സ്, ഇ.ഡി.ഐ, ഐ.എസ്.പി.എസ് എന്നിവ നടപ്പാക്കുന്നതും ഇത്തവണയെങ്കിലും പ്രാവർത്തികമാകുമോയെന്ന ആശങ്കയുണ്ട്.

പെരിനാട്, തൃക്കരുവ, പനയം, മണ്‍റോതുരുത്ത് പഞ്ചായത്തുകളില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ പുരോഗതി, തങ്കശ്ശേരി പൈതൃക ടൂറിസം പദ്ധതി വികസനം, അച്ചൻകോവിൽ ജലവൈദ്യുത പദ്ധതി, കൊല്ലം സഹകരണ സ്പിന്നിങ് മിൽ ആധുനീകരണം, കേരള സിറാമിക്സ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് വികസനം, തിരുമുല്ലവാരം അന്താരാഷ്​ട്ര തീർഥാടന വിനോദ സഞ്ചാരകേന്ദ്രം, കൊല്ലം സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പ്രോജക്ട്, എൻ.സി.സി നാവിക പരിശീലനകേന്ദ്രം ഉൾ​െപ്പടെ നിരവധി പദ്ധതികളുടെ പുരോഗതിയും പുതിയവയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കൊല്ലം.

അടിയന്തര സാമ്പത്തിക പാക്കേജിൽ പ്രതീക്ഷ –ജി. ഗോപകുമാർ

പ്രളയാനന്തരം കോവിഡും പിടിമുറിക്കയതോടെ ഗുരുതര പ്രതിസന്ധിയിലായ വ്യാപാരമേഖലയെ കൈപിടിച്ചുയർത്താൻ അടിയന്തര സാമ്പത്തിക പാക്കേജ് ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ പറഞ്ഞു.

ഒരു വർഷത്തിനിടെ നിരവധി സ്ഥാപനങ്ങളാണ് പൂട്ടിപ്പോയത്. നിലവിൽ പ്രവർത്തിക്കുന്നവയും പ്രതിസന്ധി നേരിടുന്നു. അവശ്യവസ്തുക്കളുടെ വ്യാപാരമാണ് നടക്കുന്നത്. ഓണം, പെരുന്നാൾ, ക്രിസ്മസ് പോലുള്ള ആഘോഷ സീസൺ നഷ്​ടമായതോടെ വസ്ത്ര വ്യാപാരമേഖല തകർന്നു. എല്ലാ വ്യാപാരികളും കടക്കെണിയിലാണ്. മേഖലക്ക് ഉണർവേകാൻ അനുയോജ്യമായ സാമ്പത്തിക പാക്കേജ് വേണമെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാര സൗഹൃദമായി മാറ്റണം –അഡ്വ.എസ്. അബ്​ദുൽ നാസർ

കോവിഡ് വരുത്തിയ അടച്ചിടലും സാമ്പത്തിക ബാധ്യതകളും മറികടക്കാൻ വർഷങ്ങളെടുക്കുമെന്ന സാഹചര്യത്തിൽ വ്യാപാര സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാൻ പുതിയ ധനമന്ത്രി തയാറാകണമെന്ന് ഓൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്​ദുൽ നാസർ. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ജി.എസ്.ടിക്ക് മുമ്പുള്ള എല്ലാ നികുതി കുടിശ്ശികകളും പിൻവലിക്കുകയോ എഴുതിത്തള്ളുകയോ ചെയ്തപ്പോൾ കേരളത്തിൽ മിക്കവാറും വ്യാപാരികൾക്കെല്ലാം വൻതുക കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ആയിരക്കണക്കിന് കേസുകളാണ് കോടതിയിലുള്ളത്.

40 ലക്ഷം രൂപവരെ വാർഷിക വിറ്റുവരവുള്ളവർ ജി.എസ്.ടി പരിധിയിൽ വരാത്തതിനാൽ രജിസ്ട്രേഷനെടുത്ത സ്വർണ വ്യാപാരികളെ മാത്രം നിരന്തരം പരിശോധന നടത്തി പീഡിപ്പിക്കുന്ന സമീപനത്തിൽ മാറ്റംവരണം. ചെറിയ പിഴവ് കണ്ടെത്തിയാൽപോലും പരമാവധി ശിക്ഷ വിധിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. സ്വർണ വ്യാപാരമേഖലയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി വ്യാപാരികളെക്കൂടി കേൾക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രത്യേക പാക്കേജ് വേണം –ലോറൻസ് ബാബു

തകർന്നുകൊണ്ടിരിക്കുന്നു സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് ഉൾ​െപ്പടെ വിവിധ പദ്ധതികൾ കൊണ്ടുവരണമെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു.

കോവിഡ് വന്ന് 15 മാസം പിന്നിടുമ്പോൾ ഡീസൽ വിലയിൽ 27 രൂപയുടെ വർധനയാണുണ്ടായത്. വ്യവസായം മുന്നോട്ട് പോകുമെന്ന് ഒരു പ്രതീക്ഷയുമില്ല. കോവിഡ് പ്രത്യേക പാക്കേജ് പ്രകാരം ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം. വിദ്യാർഥികൾക്ക് മിനിമം നിരക്ക് അഞ്ച് രൂപയാക്കണം. 140 കിലോമീറ്ററിൽ കൂടുതൽ ദൂരം സർവിസ് നടത്തിയിരുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് പുനഃസ്ഥാപിക്കണം. രണ്ടുലക്ഷം രൂപയെങ്കിലും പലിശരഹിത വായ്പ അനുവദിക്കണം. റോഡ് നികുതിക്ക് പൂർണതോതിൽ ഇളവ് അനുവദിക്കുക, ഡീസലിന്​ സബ്സിഡി ഏർപ്പെടുത്തുക തുടങ്ങിയ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന്​ നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പലിശരഹിത മൊറട്ടോറിയം വേണം -നിസാമുദ്ദീൻ

കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികൾ ബജറ്റിലുണ്ടാകണമെന്ന് ഫെഡറേഷൻ ഓഫ് കാഷ്യു പ്രൊസസേർസ് ആൻഡ് എക്സ്പോർട്ടേഴ്സ് പ്രസിഡൻറ് നിസാമുദീൻ. മൂന്നു ലക്ഷത്തോളം സ്ത്രീ തൊഴിലാളികളും ആയിരത്തിൽപരം ചെറുകിട, ഇടത്തരം വ്യവസായികളും അവരെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് കുടുംബാംഗങ്ങളും പ്രതിസന്ധിയിലാണ്.

തൊഴിൽമേഖല നിശ്ചലമായ അവസ്ഥയിലും ബാങ്കുകൾ പ്രതികാര മനോഭാവ പ്രവൃത്തികൾ സ്വീകരിക്കുന്നു. വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണം. പരമ്പരാഗത വ്യവസായം എന്ന നിലയിലും സ്ത്രീ തൊഴിലാളികൾ കൂടുതലായി പ്രവർത്തിക്കുന്ന മേഖല എന്ന നിലയിലും ബജറ്റിൽ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. പലിശരഹിത മോറട്ടോറിയം ഒരുവർഷത്തേക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - kollam district's hope in kerala budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.