..kc+kw+ke....കുടിവെള്ളം നൽകാൻ ജില്ല- ഗ്രാമപഞ്ചായത്തുകൾക്ക് ശേഷിയില്ല ; ഇടപെട്ട് മനുഷ്യാവകാശ കമീഷൻ

കുടിവെള്ളം നൽകാൻ ജില്ല-ഗ്രാമപഞ്ചായത്തുകൾക്ക് ശേഷിയില്ല ; ഇടപെട്ട് മനുഷ്യാവകാശ കമീഷൻ കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ കുറുമ്പാലൂർ വാർഡിലുള്ള അഞ്ച് കുടുംബങ്ങൾക്ക് കലക്ടർ ഉൾപ്പെടെയുള്ളവർ നിർദേശിച്ചിട്ടും കുടിവെള്ളം ലഭ്യമാക്കാത്ത സാഹചര്യത്തിൽ ഒരു മാസത്തിനകം കുടിവെള്ള കണക്ഷൻ നൽകിയ ശേഷം രേഖാമൂലം വിശദീകണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ജില്ല പഞ്ചായത്ത് സെക്രട്ടറിക്കുമാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. ഒരു മാസത്തിനകം നടപടി റിപ്പോർട്ട് സമർപ്പിക്കണം. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണിത്. ജില്ല പഞ്ചായത്ത് സെക്രട്ടറിയിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ നെടുവത്തൂർ പള്ളിപ്പാറ ഭാഗത്തുള്ള രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ ഗുണഭോക്തൃസമിതിയുടെ കൺവീനറെയും ചെയർമാനെയും നേരിൽ കേൾക്കാൻ ശ്രമിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. 2020 നവംബർ ഒമ്പതിന് നടത്താൻ നിശ്ചയിച്ച ഹിയറിങ് ഇതുവരെ നടന്നിട്ടില്ലെന്നും ഉടൻതന്നെ കമ്മിറ്റി വിളിച്ച് അന്തിമ തീരുമാനമെടുക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. കുടിവെള്ള ക്ഷാമം എന്ന അടിസ്ഥാന പ്രശ്നത്തെ ലഘൂകരിച്ച് സ്വജൽധാരാ പദ്ധതിയുടെ മേന്മകളും നിലവിൽ പ്രവർത്തനരഹിതമായ ജില്ല വാട്ടർ ആൻഡ്​ സാനിറ്റേഷൻ മിഷൻ എന്ന ഏജൻസിയുടെ കെട്ടുകാര്യസ്ഥതയും വിശദമാക്കുന്ന റിപ്പോർട്ടാണ് ജില്ല പഞ്ചായത്ത് സമർപ്പിച്ചതെന്ന് കമീഷൻ ഉത്തരവിൽ പറയുന്നു. കൊല്ലം ജില്ല പഞ്ചായത്തിനും നെടുവത്തൂർ ഗ്രാമപഞ്ചായത്തിനും കുടിവെള്ളം നൽകാനുള്ള ശേഷിയില്ല എന്ന് വ്യക്തമാകുന്നതാണ് റിപ്പോർട്ടെന്നും കമീഷൻ വിമർശിച്ചു. പ്രദേശവാസികളായ ശാരി അഭിലാഷും മറ്റുള്ളവരും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.