കൊല്ലം: വർഷങ്ങളായി കോൺഗ്രസിനെ ‘കൈ’വിട്ട മണ്ഡലമാണെങ്കിലും കൊല്ലം യു.ഡി.എഫിന് ബാലികേറാമലയല്ല. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും തുടർന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലുമൊക്കെ അത് ബോധ്യമായതാണ്. എന്നാൽ 2006 മുതലുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിൽ കൊല്ലത്ത് സി.പി.എം പരാജയമറിഞ്ഞിട്ടില്ല. അതാണ് ഇടതിനുള്ള ആത്മവിശ്വാസവും.
അതികായരായ കോണ്‍ഗ്രസ് നേതാവ് എ.എ. റഹീം, ആര്.എസ്.പിയുടെ ടി.കെ. ദിവാകരന്, ബാബു ദിവാകരന്, കോണ്‍ഗ്രസിലും ആര്.എസ്.പിയിലും നിന്ന കടവൂര്‍ ശിവദാസന്‍ മുതല്‍ സി.പി.എമ്മിലെ പി.കെ. ഗുരുദാസന്, എം. മുകേഷ് വരെയുള്ളവരെ നിയമസഭയിലേക്കയച്ച മണ്ഡലമാണ് കൊല്ലം. സി.പി.എമ്മിന്റെ മുതിർന്ന നേതാവ് ഗുരുദാസനെ മാറ്റിനിര്‍ത്തി നടന് എം. മുകേഷിനെ 2016ല്‍ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ തീരുമാനം അബദ്ധമായോയെന്ന് സി.പി.എം ഒരുവേള ശങ്കിച്ചെങ്കിലും മുറുമുറുപ്പുകള്‍ ഉള്ളിലടക്കി പാര്‍ട്ടി അദ്ദേഹത്തെ ജയിപ്പിച്ചതും ചരിത്രം. രണ്ടാംതവണയും മുകേഷിനെ തന്നെ സി.പി.എം കളത്തിലിറക്കി. കോണ്‍ഗ്രസിലെ ബിന്ദുകൃഷ്ണ മുകേഷിനെ വെള്ളം കുടിപ്പിച്ചെങ്കിലും നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു. എന്നാല്‍ ഇത്തവണ പാര്‍ട്ടി മുകേഷിന് സീറ്റ് നൽകിയില്ല. കഴിഞ്ഞ 10 വര്‍ഷമായി കശുവണ്ടി വികസന കോര്‍പറേഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എസ്. ജയമോഹനെയാണ് കളത്തിലിറക്കിയിരിക്കുന്നത്.
തോറ്റിട്ടും കഴിഞ്ഞ അഞ്ചുവര്‍ഷമായി മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന ബിന്ദുകൃഷ്ണ തന്നെയാണ് കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട്. കൊല്ലം മണ്ഡലത്തില്‍ കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി തൊഴിലാളികളുണ്ട്.
അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ 10 വര്‍ഷമായി അവസരം ലഭിച്ച വ്യക്തിയെന്ന നിലയിലും മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും പാർട്ടിയിൽ സംഘാടകനെന്ന നിലയിൽ സർവ സമ്മതനും സൗമ്യനുമായ ജയമോഹനും ചടുലമായ പ്രവർത്തന ശൈലിയിലൂടെ ജന മനസ്സിൽ ഇടംനേടിയ ബിന്ദുവും മികച്ച മത്സരം കാഴ്ചവെക്കുമ്പോൾ മത്സരം പ്രവചനാതീതമാകുന്നുണ്ട്. കൊല്ലം കോര്‍പറേഷനില്‍ ചരിത്രം തിരുത്തിയതുപോലെ കൈവിട്ട മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലുമാണ് യു.ഡി.എഫ്.
കഴിഞ്ഞ തവണ ലഭിച്ച 14,252 വോട്ട് വർധിപ്പിക്കുക എന്ന ലക്ഷ്യംവെച്ചാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രി ഉടമയും മികച്ച സർജനുമായ ഡോ.പ്രതാപ് കുമാറിനെ ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്.
2016 ലെ വോട്ട് നില
എം. മുകേഷ് (സി.പി.എം) 63,103
സൂരജ് രവി (കോണ്‍ഗ്രസ്)45,492
പ്രഫ. കെ ശശികുമാര്‍ (എന്‍.ഡി.എ സ്വ.) -17,409
2021ലെ വോട്ട് നില
എം. മുകേഷ് (സി.പി.എം) -58,524
ബിന്ദു കൃഷ്ണ (കോണ്‍ഗ്രസ്) -56,452
സുനില്‍ (ബി.ജെ.പി) -14,252
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.