കല്ലട പദ്ധതിയുടെ തെന്മല പരപ്പാർ ഡാം
പുനലൂർ: കൊടുംവേനലിൽ വരൾച്ചയിലായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് ആശ്വാസത്തിന്‍റെ തെളിനീരൊഴുക്കി കല്ലട ജലസേചന പദ്ധതി (കെ.ഐ.പി). ഉയർന്ന ചൂടും വരൾച്ചയും കാരണം കൃഷിക്കും കുടിവെള്ളത്തിനും ക്ഷാമം നേരിടുന്ന നാലുമാസം വരെ നീളുന്ന വേനൽകാലത്ത് കല്ലട പദ്ധതിയുടെ തെന്മല പരപ്പാർ ഡാമിൽ നിന്ന് കനാൽ വഴി ഒഴുകിയെത്തുന്ന വെള്ളം നൽകുന്ന ആശ്വാസം ചെറുതല്ല. കഴിഞ്ഞ നാല് പതിറ്റാണ്ടായി തുടരുന്ന ജലവിതരണം ഇത്തവണയും കാര്യക്ഷമാണ്.
ഇക്കുറി വേനൽ നീണ്ടാലും, സാധാരണയായി ജൂൺ ആരംഭത്തോടെ എത്താറുള്ള കാലവർഷം വരേയും കനാലുകളിലൂടെ വിതരണത്തിന് ആവശ്യമായ വെള്ളം പരപ്പാർ ഡാമിലുണ്ടെന്നുള്ളത് അനുഗ്രഹമാണ്. കനാലുകൾ കൂടാതെ കല്ലടയാർ ഉൾപ്പെടെ മൂന്നു ജില്ലകളിലേയും ചെറുതും വലുതുമായ മിക്ക പുഴകളിലേയും മറ്റ് ജലാശയങ്ങളിലേയും ജലവിതാനം നിലനിർത്തുന്നതിനും കുടിവെള്ള പദ്ധതികൾക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നതിനും കനാലുകളിലെ വെള്ളം സഹായകമാണ്.
സ്ഥാപിതമായി 60 വർഷത്തിലധികം ആയെങ്കിലും ഇക്കാലയളവിൽ അടിഞ്ഞുകൂടിയ മണ്ണും എക്കലും കാരണം ഡാമിന്‍റെ സംഭരണ ശേഷിയിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ ഇതുവരേയും വേനൽക്കാലത്തെ ജലവിതരണത്തിന് ഇത് ഭീഷണിയായിട്ടില്ലെന്നാണ് കെ.ഐ.പി അധികൃതർ പറയുന്നത്. 115. 82 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ കഴിഞ്ഞ ദിവസം 99.82 മീറ്റർ വെള്ളമുണ്ട്. ഇത് 80 മീറ്റർ എത്തുന്നതുവരേയും കനാലുകളിലെ ജലവിതരണത്തിനും വൈദ്യുതി ഉൽപാദനത്തിനും തടസ്സമുണ്ടാകില്ലെന്നും അധികൃതർ സൂചിപ്പിച്ചു.
ഡാമിന് മൂന്നു കിലോമീറ്റർ അകലെയുള്ള ഒറ്റക്കൽ ലുക്കൗട്ട് തടയണയിൽ ഡാമിൽ നിന്നും ഒഴുക്കുന്ന വെള്ളം ശേഖരിച്ചശേഷം ഇവിടെ നിന്നുമാണ് വലത്, ഇടതു കനാലുകളിലേക്കും കല്ലടയാറ്റിലേക്കും തുറന്നുവിടുന്നത്. ഡാമിനോട് അനുബന്ധിച്ചുള്ള 15 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിന് ശേഷമുള്ള വെള്ളമാണ് തടയണയിൽ ശേഖരിക്കുന്നത്. ഇത്തവണ വൈദ്യുതി ഉൽപാദനത്തിനുള്ള രണ്ട് ജനറേറ്ററുകളും ഇടതടവില്ലാതെ പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി ഉൽപാദനവും റെക്കോഡാണ്.
മൂന്ന് ജില്ലകളിലും വെള്ളം എത്തിക്കുന്ന വലതുകര കനാൽ 1986ലും കൊല്ലം ജില്ലയിൽ മാത്രമുള്ള ഇടതുകര 1992ലുമാണ് കമീഷൻ ചെയ്തത്. വലതുകര മെയിൻ കനാൽ 69.552 കിലോമീറ്ററും ഇടത് കര 56.016 കിലോമീറ്ററുമുണ്ട്. കൂടാതെ മെയിൻ കനാലിന് അനുബന്ധമായി എല്ലായിടത്തും സബ് കനാലുകളും മറ്റ് ചെറുകിട ജലവിതരണ സംവിധാനങ്ങളുമുണ്ട്.
പത്ത് താലൂക്കുകളിലായി മൊത്തത്തിൽ 53514 ഹെക്ടർ കൃഷി ഭൂമിയിൽ ഇതിന്‍റെ പ്രയോജനം ലഭിക്കുന്നു. കല്ലടയാറിന്‍റെ തീരത്തുള്ള മീനാട് പദ്ധതി, പുനലൂർ പദ്ധതി, കുരിയോട്ടുമല, പത്തനാപുരം, പട്ടാഴി, ഏനാത്ത്, കുന്നത്തൂർ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കുടിവെള്ള പദ്ധതിയുടെ പ്രധാന ആശ്രയവും കല്ലടയാറ്റിലെ വെള്ളമാണ്.
ഇത്തവണ ജനുവരി പത്തിന് വലതുകരയും 12ന് ഇടതുകരയും തുറന്നു. വലതുകരയിൽ 2.50 മീറ്റർ വെള്ളവും ഇടതിൽ 2.20 മീറ്റർ വെള്ളവും ഒഴുക്കുന്നുണ്ട്. കനാലുകളുടെ പരമാവധി ശേഷിയായ 2.60 മീറ്റർ വെള്ളം കഴിഞ്ഞ വർഷം ഒഴുക്കിയിരുന്നു. ഇത്തവണയും വരൾച്ച രൂക്ഷമായാൽ പരമാവധി വെള്ളം ഒഴുക്കും. ഇടത് കരയിൽ ഓടനാവട്ടം, വെളിയം മേഖലയിൽ ഒഴികെ ബാക്കിയുള്ള മേഖലയിൽ കനാൽ ജല വിതരണം പൂർണമാണെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.